ഭക്ഷണവും കൂലിയുമില്ലാതെ 18 മണിക്കൂര്‍ ജോലി; നരകയാതനകളെകുറിച്ച് പരാതി പറയാന്‍ പോയ മലയാളിയുവാക്കള്‍ സൗദി തടങ്കലില്‍

വിസത്തട്ടിപ്പിനിരയായ മലയാളി യുവാക്കളില്‍ ഒരാള്‍ സൗദിയില്‍ അറബ് കമ്പനിയുടെ തടങ്കലിലായതായി സംശയം. എറണാകുളം സ്വദേശി ഷാനവാസിനെയും കോഴിക്കോട് സ്വദേശി ലിജീഷിനെയും കാണാനില്ലെന്നു ബന്ധുക്കളാണ് വ്യക്തമാക്കിയത്. സൗദിയിലെ അറബ് കമ്പനിയായ ഡാലയില്‍ ജോലിചെയ്യുന്ന മലയാളി യുവാക്കളെയാണ് കാണാതായത്. കമ്പനിയിലെ നരകയാതനകളെക്കുറിച്ച് പരാതി നല്‍കാന്‍ വാദി എന്ന സ്ഥലത്തുള്ള ഹെഡ്ഓഫീസിലെത്തിയപ്പോഴാണ് തടങ്കലിലാക്കിയതെന്നു സംശയിക്കുന്നതായി കുടുംബാംഗങ്ങള്‍ പറയുന്നു.
സൗദിയില്‍ അകപ്പെട്ട ഇവരില്‍ ചിലരെ മുമ്പും ഇരുട്ടറയില്‍ പൂട്ടിയിട്ടിട്ടുണ്ടെന്നാണ് വിവരം. കൈത്താങ്ങ് എന്ന് വാട്ട്‌സ്ആപ് ഗ്രൂപ്പിലൂടെയാണ് വിവരങ്ങള്‍ കൈമാറിയിരുന്നത്. മുഖ്യമന്ത്രി, ഡി.ജി.പി, ജനപ്രതിനിധികള്‍, സുരേഷ് ഗോപി എം.പി, നോര്‍ക്ക, കേന്ദ്രവിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്, എംബസി എന്നിവിടങ്ങളില്‍ പീഡനം സംബന്ധിച്ച് സംയുക്തമായി പരാതി നല്‍കി കാത്തിരിക്കുന്നതിനിടയിലാണ് രണ്ടുപേരെ കാണാതായത്.
തിരുവനന്തപുരത്തും എറണാകുളത്തുമുള്ള രണ്ടു ട്രാവല്‍ ഏജന്‍സികള്‍ മുഖേന സൗദിയിലെത്തിയ ഒരുകൂട്ടം ചെറുപ്പക്കാര്‍ സൗദിയില്‍ അകപ്പെട്ട വിവരം നിരവധി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലിജീഷിനും ഷാനവാസിനും പുറമേ തിരുവനന്തപുരം സ്വദേശി സുധീഷ്, പാലക്കാട് സ്വദേശി മണികണ്ഠന്‍, പത്തനംതിട്ട സ്വദേശി ഷിബിന്‍, നാസര്‍, ജോസഫ്, അജീഷ്, സജു, രാഹുല്‍ ചന്ദ്രന്‍, ഉണ്ണി, തമിഴ്‌നാട് സ്വദേശി ജാഫര്‍ തുടങ്ങിയവരാണ് ട്രാവല്‍ ഏജന്‍സിയുടെ തട്ടിപ്പിന് ഇരയായത് . നിരവധി ഓഫറുകള്‍ നല്‍കിയാണ് ട്രാവല്‍ ഏജന്‍സി ഇവരെ കടത്തിവിട്ടത്
. ആദ്യത്തെ മൂന്നു മാസം പ്രബേഷനും അതിന് ശേഷം ദിവസം പന്ത്രണ്ടു മണിക്കൂര്‍ ജോലിയും 1500 റിയാല്‍ ശമ്പളവും എന്നായിരുന്നു വാഗ്ദാനം. അതിന് പുറമേ സെയില്‍സ് കമ്മിഷന്‍, സൗജന്യ താമസം, കമ്പനി ചെലവില്‍ ഹെവി ഡ്രൈവിങ് ലൈസന്‍സ് എന്നിവയും നല്‍കുമെന്നറിയിച്ചിരുന്നു. ഒരുലക്ഷം രൂപ ഓരോ ഉദ്യോഗാര്‍ഥിയില്‍നിന്നും ഏജന്‍സികള്‍ ഈടാക്കുകയും ചെയ്തു. ജോലിക്കെത്തി മാസങ്ങള്‍ കഴിഞ്ഞിട്ടും ഏജന്റും കമ്പനിയോ വാക്കു പാലിച്ചില്ല.
സെയില്‍സ്മാന്‍ കം മാനേജര്‍ എന്ന പോസ്റ്റിലെത്തിയവര്‍ക്ക് ചുമട്ടുജോലിയാണ് നല്‍കിയതെന്നും പറയുന്നു. പതിനെട്ടു മണിക്കൂര്‍ നിര്‍ബന്ധിത ജോലിയും തുച്ഛമായ ശമ്പളവുമാണ് നല്‍കിയത്. ഇതോടെ നാട്ടിലേക്ക് തിരിച്ചുപോകാന്‍ ശ്രമിച്ചവരോട് ഒരു ലക്ഷം രൂപ കെട്ടിവയ്ക്കാതെ പോകാനാകില്ലെന്നായിരുന്നു ഭീഷണി. ഇക്കാര്യം ചോദിക്കാനായി വാദിയിലേക്കു പോകുന്നതായി അറിയിച്ചിരുന്നു. പിന്നീട് ഇവരുമായുള്ള ഫോണ്‍ ബന്ധം പൂര്‍ണമായും വിച്‌ഛേദിക്കപ്പെട്ടതാണ് സംശയത്തിനിടയാക്കുന്നത്.
റിയാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന സംഘടനയുടെ ഇടപെടലിലൂടെയാണ് സൗദിയില്‍ കുടുങ്ങിയ യുവാക്കളെക്കുറിച്ച് പുറംലോകമറിഞ്ഞത്. സംഘടനാ രക്ഷാധികാരികളായ അസ്ലം പലത്, രവി മാമ്പറ്റ എന്നിവരോടാണ് ചെറുപ്പക്കാര്‍ തങ്ങളെ രക്ഷിക്കണമെന്ന് ആദ്യം ആവശ്യപ്പെടുന്നത്.
ഇവര്‍ മൊെബെലുകളില്‍ സഹായമാവശ്യപ്പെട്ട് വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു. ശമ്പളവും ആനുകൂല്യവും ചോദിച്ചപ്പോള്‍ അധികൃതരില്‍ നിന്നു ശാരീരിക പീഡനമേല്‍ക്കേണ്ടിവന്നെന്നും സെല്‍ഫി വീഡിയോകളിലൂടെ ഇവര്‍ വ്യക്തമാക്കി. അറബി കമ്പനിയില്‍ സുപ്പര്‍െവെസര്‍മാരായ രണ്ട് മലയാളികളാണ് പീഡനങ്ങള്‍ക്ക് ഒത്താശ ചെയ്യുന്നതെന്നാണ് യുവാക്കള്‍ അറിയിച്ചത്.ഇതോടെയാണ് ബന്ധുക്കള്‍ പരാതിയുമായെത്തിയത്.
മുപ്പതോളം കമ്പനി ജീവനക്കാര്‍ തങ്ങളെ നാട്ടിലേക്ക് അയയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ചതോടെ ഇന്നലെ കമ്പനി അധികൃതര്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തിയെന്നും അറിയുന്നു. എന്നാല്‍ അനുരഞ്ജനത്തിന് തയാറാകാതെ എത്രയും പെട്ടെന്ന് നാട്ടിലെത്തണമെന്നാണ് ഇവരുടെ ആവശ്യം. സൗദിയില്‍ അകപ്പെട്ടവരെ എത്രയും പെട്ടെന്ന് സുരക്ഷിതരായി നാട്ടിലെത്തിക്കണമെന്നും തട്ടിപ്പു നടത്തിയവര്‍ക്കെതിരേ മാതൃകാപരമായ നിയമനടപടി സ്വീകരിക്കണമെന്നും യുവാക്കളുടെ ബന്ധുക്കളും ആവശ്യപ്പെടുന്നു.
https://www.facebook.com/Malayalivartha


























