അറബ് രാജ്യങ്ങള്‍ ഖത്തറുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചപ്പോള്‍; ആഘാതം ഇങ്ങനെ...

ഇസ്ലാമിക ഭീകരവാദപ്രസ്ഥാനങ്ങളെ സഹായിക്കുന്നെന്ന് ആരോപിച്ച് അഞ്ച് അറബ് രാജ്യങ്ങള്‍ ഖത്തറുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചു. സൗദി അറേബ്യ, യു.എ.ഇ. ബഹ്‌റൈന്‍ ഈജിപ്ത്, യെമന്‍ എന്നീ രാജ്യങ്ങളാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പിന്നാലെ, ലിബിയയും മാലിദ്വീപും ഇതിനെ പിന്തുണച്ചു.
മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും കോട്ടംതട്ടുന്ന ഒട്ടേറെ തീരുമാനങ്ങളാണ് ഖത്തറിന്റെ ഭാഗത്തുനിന്നുണ്ടാവുന്നത്. ഖത്തര്‍ വാഗ്ദാനങ്ങള്‍ ലംഘിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. നിലപാട് വ്യക്തമാക്കിക്കൊണ്ട് യു.എ.ഇ. വിശദീകരിച്ചു.
തിങ്കളാഴ്ച പുലര്‍ച്ചെ സൗദി അറേബ്യയാണ് ബന്ധം വിച്ഛേദിക്കാനുള്ള തീരുമാനം ആദ്യം പ്രഖ്യാപിച്ചത്. തൊട്ടുപിന്നാലെ ബഹ്‌റൈനും യു.എ.ഇ.യും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഖത്തറിന്റെ നയതന്ത്രപ്രതിനിധികളോട് 48 മണിക്കൂറിനകവും ഖത്തറി പൗരന്മാരോട് 14 ദിവസത്തിനകവും സ്ഥലംവിടാന്‍ അഞ്ച് അറബ് രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രാലയങ്ങള്‍ നിര്‍ദേശം നല്‍കി.
ഖത്തറിലേക്കുള്ള വിമാന സര്‍വീസുകളും ഈ രാജ്യങ്ങള്‍ ചൊവ്വാഴ്ച പുലര്‍ച്ചെയോടെ അവസാനിപ്പിച്ചു. അതിര്‍ത്തികളും അടച്ചു. യെമനില്‍ ഹൂതി തീവ്രവാദികള്‍ക്കെതിരേ പൊരുതുന്ന സൗദിയുടെ നേതൃത്വത്തിലുള്ള സംയുക്ത സഖ്യസേനയില്‍ നിന്ന് ഖത്തറിന്റെ സേനാംഗങ്ങളെ പിന്‍വലിക്കുന്നതായും സൗദി അറിയിച്ചു. ഇപ്പോള്‍ സൗദിയിലുള്ള ഉംറ തീര്‍ഥാടകര്‍ക്ക് പ്രയാസങ്ങളുണ്ടാവില്ലെന്നും സൗദി അധികൃതര്‍ വ്യക്തമാക്കി.
ഗള്‍ഫ് സഹകരണ ക്ണ്‍സിലിങ് (ജി.സി.സി.) അംഗമായ ഖത്തറിനെതിരെയുള്ള നീക്കത്തില്‍ കുവൈത്തും ഒമാനും നിലപാട് പ്രഖ്യാപിച്ചിട്ടില്ല. സഹോദരരാജ്യങ്ങള്‍ ഉന്നയിച്ച ആരോപണങ്ങളില്‍ നിരാശയുണ്ടെന്ന് ഖത്തര്‍ പ്രതികരിച്ചു. മറ്റുരാജ്യങ്ങളുടെ പരമാധികാരത്തെ ബഹുമാനിക്കുന്നെന്നും അവര്‍ വ്യക്തമാക്കി.
അറബ് മേഖലയിലെ ഇസ്ലാമിക തീവ്രവാദി സംഘടനയായ മുസ്ലിം ബ്രദര്‍ ഹുഡ് ഉള്‍ പ്പെടെയുള്ള ഭീകരപ്രസ്ഥാനങ്ങളെ ഖത്തര്‍ സഹായിക്കുന്നതാണ് പുതിയ നീക്കത്തിനുപിന്നിലെ പ്രധാന ആരോപണം. ഭീകരതയ്‌ക്കെതിരേ കടുത്തനടപടി സ്വീകരിക്കണമെന്ന 2014ലെ ജി.സി.സി. യോഗതീരുമാനം നടപ്പാക്കുന്നതില്‍ ഖത്തര്‍ താത്പര്യം കാണിക്കുന്നില്ല.
മുസ്ലിം ബ്രദര്‍ ഹുഡിന്റെയും ഐ.എസ്, അല്‍ഖായിദ തുടങ്ങിയ ഭീകരപ്രസ്ഥാനങ്ങളുടെയും ആശയപ്രചാരണത്തിന് പ്രത്യക്ഷമായും പരോക്ഷമായും കൂട്ടുനിന്നു, തീവ്രവാദം തടയുന്നതിനായി മേയ് 21ന് ചേര്‍ന്ന യു.എസ്.ഇസ്ലാമിക് ഉച്ചകോടിയുടെ പ്രഖ്യാപനം ലംഘിച്ചു തുടങ്ങിയവയാണ് ഖത്തറിനെതിരേ നിലപാടെടുത്തതിന് പറയുന്ന മറ്റുകാരണങ്ങള്‍ ഖത്തര്‍ ആസ്ഥാനമായുള്ള അല്‍ജസീറ ചാനല്‍ ഭീകരപ്രസ്ഥാനങ്ങള്‍ക്കായി നടത്തിയ പ്രവര്‍ത്തനങ്ങളും ചൂണ്ടിക്കാട്ടുന്നു.
ആഘാതം ഇങ്ങനെ;
1, വിമാന സര്‍വീസ് നിലച്ചു
യു.എ.ഇ.യുടെ വിമാനക്കമ്പനികളായ എമിറേറ്റ്‌സ് എയര്‍ലൈന്‍സ്, ഇത്തിഹാദ് എയര്‍ലൈന്‍സ്, ഫ്‌ലൈ ദുബായ്, എയര്‍ അറേബ്യ എന്നിവ ഖത്തറിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തി. സൗദി എയര്‍ലൈന്‍സും സര്‍വീസ് നിര്‍ത്തി. യാത്രക്കാര്‍ക്ക് മടങ്ങാനായി മിക്ക വിമാനക്കമ്പനികളും ചൊവ്വാഴ്ച പുലര്‍ച്ചെവരെ സമയം നീട്ടി. ഇതിനുള്ള മറുപടിയെന്നോണം ഖത്തര്‍ എയര്‍വെയ്‌സ് തിങ്കളാഴ്ചതന്നെ സൗദിയിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കി.
ഖത്തറിലേക്കുള്ള കപ്പല്‍ വിമാന സര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കുന്നതായി യു.എ.ഇ.യും പ്രഖ്യാപിച്ചു. ഖത്തറിലേക്ക് പോകുന്നതും ഖത്തര്‍ വഴി യാത്രചെയ്യുന്നതും ഒഴിവാക്കാന്‍ സ്വദേശികളോട് യു.എ.ഇ. നിര്‍ദേശിച്ചിട്ടുണ്ട്. യു.എ.ഇ. വഴി സഞ്ചരിക്കുന്നതിന് ഖത്തറി പൗരന്മാര്‍ക്കും യു.എ.ഇ. വിദേശമന്ത്രാലയം വിലക്കേര്‍പ്പെടുത്തി.
2, റബ്ബര്‍ കൂപ്പുകുത്തി
റബ്ബറിന് ബാങ്കോക്കിലെ വില 12 രൂപയോളം കുറഞ്ഞ് 116 രൂപയിലെത്തി. കേരളത്തില്‍ ആര്‍. എസ്.എസ്. നാലിന് വില 125ല്‍ നിന്ന് 121 ആയി.
3, എണ്ണവില ഇടിഞ്ഞു
അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഒരു ശതമാനം ഇടിഞ്ഞു. ഖത്തറിന്റെ ദിവസ എണ്ണ ഉത്പാദം ആറുലക്ഷം വീപ്പയാണ്.
4, ഭക്ഷ്യപ്രതിസന്ധി
ഉപരോധം ഖത്തറിന്റെ ഭക്ഷ്യസുസ്ഥിരതയെ സാരമായി ബാധിക്കും. ഖത്തറിനുവേണ്ട 40 ശതമാനത്തോളം ഭക്ഷ്യവസ്തുക്കളും വരുന്നത് സൗദിയില്‍ നിന്ന് ലോറിയില്‍
5, ലോകകപ്പില്‍ കരിനിഴല്‍
പ്രതിസന്ധിക്ക് പരിഹാരമുണ്ടായില്ലെങ്കില്‍ ഖത്തര്‍ ആതിഥ്യം വഹിക്കുന്ന 2022ലെ ലോകകപ്പ് ഫുട്‌ബോളിന്റെ ഒരുക്കങ്ങളെയും ബാധിച്ചേക്കാം.
6, ഇന്ത്യക്കും തിരിച്ചടി
ഖത്തറിലെ ജനസംഖ്യയുടെ 23 ശതമാനത്തോളം ഇന്ത്യക്കാരാണ്. ആറുലക്ഷത്തോളം പേര്‍. ജപ്പാനും ദക്ഷിണകൊറിയയും കഴിഞ്ഞാല്‍ ഖത്തര്‍ ഏറ്റവുമധികം ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നത് ഇന്ത്യയിലേക്കാണ്. അവിടേക്കുള്ള ഇറക്കുമതിയുടെ കാര്യത്തിലും ഇന്ത്യക്ക് പത്താംസ്ഥാനമുണ്ട്.
പ്രതിസന്ധി ബാധിക്കില്ലന്ന് സുഷമാ സ്വരാജ്
ഇന്ത്യക്ക് ഇത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ഒന്നല്ല. ഇത് ജി.സി.സി. രാജ്യങ്ങളുടെ ആഭ്യന്തരവിഷയമാണ്. ഖത്തറിലുള്ള ഇന്ത്യക്കാരെക്കുറിച്ചുമാത്രമാണ് നമുക്ക് ആശങ്ക. ഇന്ത്യക്കാര്‍ അവിടെ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നു കണ്ടെത്താന്‍ ശ്രമിച്ചുവരികയാണ്.
https://www.facebook.com/Malayalivartha


























