ഖത്തര്‍ ഉപരോധം; മദ്ധ്യസ്ഥ ചര്‍ച്ചകള്‍ക്ക് കുവൈത്ത് അമീര്‍ സൗദിയിലെത്തി

ഖത്തറിനുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിലൂടെ ഗള്‍ഫ് മേഖലയില്‍ ഉടലെടുത്ത പ്രതിസന്ധി പരിഹരിക്കുന്നതിനായുള്ള മദ്ധ്യസ്ഥ ചര്‍ച്ചകള്‍ക്കായി കുവൈറ്റ് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് സൗദിയിലെത്തി. സൗദി തലസ്ഥാനമായ റിയാദിലെത്തിയ ഇദ്ദേഹം മക്ക ഗവര്‍ണറുമായും സൗദി ഭരണാധികാരി സല്‍മാന്‍ രാജാവുമായും പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയതായാണ് സൂചന. എന്നാല്‍ ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
തീവ്രവാദത്തിന് പ്രോത്സാഹനം നല്‍കുന്നുവെന്ന് ആരോപിച്ച് സൗദി അറേബ്യ, യു.എ.ഇ, യെമന്‍, ഈജിപ്ത്, ബഹറില്‍ തുടങ്ങിയ രാജ്യങ്ങളാണ് ഖത്തറിനുമേല്‍ ഉപരോധം ഏര്‍പ്പെടുത്തിയത്. എന്നാല്‍, അയല്‍ രാജ്യങ്ങള്‍ ചേര്‍ന്ന് ഒറ്റപ്പെടുത്തുന്ന നടപടിയില്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഖത്തര്‍ ഭരണകൂടം അറിയിച്ചു. സാധാരണക്കാരെ പ്രതിസന്ധി ബാധിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞതായും ഖത്തര്‍ മന്ത്രിസഭ വ്യക്തമാക്കി. സൗദി അടക്കമുള്ള രാജ്യങ്ങളുടെ നീക്കം അമേരിക്കന്‍ നിര്‍ദ്ദേശത്തിന്റെ ഭാഗമാണെന്നും ഖത്തര്‍ ആരോപിച്ചു.
അതേസമയം, ഉപരോധം രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ ഖത്തറിലെ ജനങ്ങള്‍ പരിഭ്രാന്തിയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉപരോധം കൂടുതല്‍ ശക്തമാകുമെന്ന സൂചനകളെ തുടര്‍ന്ന് ഖത്തറിലെ ജനങ്ങള്‍ വ്യാപാരസ്ഥാപനങ്ങളിലേക്ക് കൂട്ടമായെത്തി സാധനങ്ങള്‍ വാങ്ങിച്ചു കൂട്ടുന്നതായാണ് വിവരം. രാജ്യത്തെ ചെറുകിട വ്യാപാര മേഖലയിലെ കച്ചവടം രണ്ടു ദിവസത്തിനുള്ളില്‍ വന്‍ തോതില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഉപരോധത്തില്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും സാധാരണക്കാരെ ഇത് ബാധിക്കില്ലെന്നും ഖത്തര്‍ പ്രസ്താവന ഇറക്കിയതെന്നാണ് വിവരം.
https://www.facebook.com/Malayalivartha


























