ഖത്തര്‍ പ്രതിസന്ധി; നോര്‍ക്ക ഖത്തറിലെ മലയാളികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നു

ഖത്തര്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ നോര്‍ക്ക ഖത്തറിലെ മലയാളികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നു. ഖത്തറിലുള്ള ആറര ലക്ഷം ഇന്ത്യക്കാരില്‍ മൂന്നു ലക്ഷത്തോളം പേര്‍ മലയാളികളാണ്. നിലവില്‍ ആശങ്കയ്ക്ക് സ്ഥാനമില്ലെങ്കിലും മുന്‍കരുതല്‍ എന്നനിലയിലാണ് നോര്‍ക്ക മലയാളികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നത്. അതേസമയം, ഖത്തറിലെ കാര്യങ്ങള്‍ നിരീക്ഷിക്കുകയാണെന്നും, ആശങ്കപ്പെടാനൊന്നുമില്ലെന്നും നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ ഡോ. കെ.എന്‍. രാഘവന്‍ പറഞ്ഞു. ഖത്തറിലെ മലയാളികളടക്കമുള്ളവരുടെ ജനജീവിതം സാധാരണ നിലയിലാണ്.
അവിടെ നിന്നും പ്രവാസികള്‍ക്ക് തിരിച്ചു വരേണ്ട സാഹചര്യം നിലവിലില്ല. ഖത്തര്‍ പ്രതിസന്ധി നയതന്ത്ര ചര്‍ച്ചകളിലൂടെ പരിഹരിക്കുമെന്നാണ് പ്രതീക്ഷ. ഖത്തറില്‍ ജോലി ചെയ്യുന്നവരുടെ സുരക്ഷ ഉറപ്പാക്കാനും ആശങ്കകള്‍ പരിഹരിക്കാനും സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രിക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു.
ഖത്തറില്‍ നിലവില്‍ രൂപപ്പെട്ടിട്ടുള്ള പ്രതിസന്ധി സംസ്ഥാനത്തെ ഇതുവരെ ബാധിച്ചിട്ടില്ല. എന്നാല്‍ പ്രവാസികള്‍ക്ക് ജോലി നഷ്ടപ്പെട്ട് തിരിച്ചുവരേണ്ട സാഹചര്യമുണ്ടായാല്‍ സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെയും ദോഷകരമായി ബാധിക്കും. ഒരു വര്‍ഷം പ്രവാസികള്‍ ഖത്തറില്‍ നിന്നും ഏകദേശം 6500 കോടി രൂപയാണ് കേരളത്തിലേക്ക് അയക്കുന്നത്.
https://www.facebook.com/Malayalivartha


























