തീവ്രവാദപ്രവര്‍ത്തനങ്ങളെ സഹായിക്കുന്നവരുടെ പട്ടിക അറബ് രാഷ്ട്രങ്ങള്‍ പുറത്തുവിട്ടു

അനുരഞ്ജന ശ്രമങ്ങള്‍ തുടരുന്നതിനിടെ, ഖത്തറുമായി ബന്ധപ്പെട്ട് തീവ്രവാദപ്രവര്‍ത്തനങ്ങളെ സഹായിക്കുന്ന വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പട്ടിക അറബ് രാഷ്ട്രങ്ങള്‍ സംയുക്തമായി പുറത്തുവിട്ടു. എന്നാല്‍ ആരോപണം വ്യാജമാണെന്നും തീവ്രവാദത്തെ തുടച്ചുനീക്കാന്‍ ഖത്തര്‍ നടത്തുന്ന ശ്രമങ്ങളെ അന്താരാഷ്ട്ര സമൂഹം പല തവണ അഭിനന്ദിച്ചതാണെന്നും ഖത്തര്‍ പ്രതികരിച്ചു. അതസമയം ഹോട്ടലുകളില്‍ അല്‍ ജസീറ ചാനല്‍ പ്രദര്‍ശിപ്പിച്ചാല്‍ ഒരു ലക്ഷം റിയാല്‍ പിഴ ഈടാക്കുമെന്ന് സൗദി അറിയിച്ചു.
ഖത്തറിന്റെ തീവ്രവാദ ബന്ധംതെളിയിക്കാന്‍ 59 വ്യക്തികളുടെയും 12 ഓളം സന്നദ്ധ സംഘടനകളുടെയും വിവരങ്ങള്‍ സൗദി, ബഹ്‌റൈന്‍, യു എ ഇ എന്നീ രാജ്യങ്ങള്‍ സംയുക്തമായി ഇന്നലെ വൈകീട്ട് പുറത്തിറക്കിയിരുന്നു. പ്രമുഖ ഇസ്ലാമിക പണ്ഡിതന്‍ യൂസുഫുല്‍ ഖറദാവിയുടെ പേരും വര്ഷങ്ങളായി അന്തരാഷ്ട്ര തലത്തില്‍ അംഗീഗകാരങ്ങള്‍ നേടിയ ഖത്തര്‍ നേതൃത്വം നല്‍കുന്ന സന്നദ്ധ സംഘടനകളും ഇതില്‍ ഉള്‍പ്പെടുന്നു. ഇത് തള്ളിക്കളഞ്ഞ ഖത്തര്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി അറബ് രാഷ്ട്രങ്ങള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നുവന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നപ്പോഴെല്ലാം സിറിയ അടക്കമുള്ള അറബ് രാജ്യങ്ങളിലെ ദാരിദ്രം തുടച്ചുമാറ്റാനും യുവാക്കള്‍ക്ക് ജോലി നല്‍കാനും മുന്നില്‍ നിന്ന രാജ്യമാണ് ഖത്തറെന്ന കാര്യം മറന്നുപോകരുതെന്നും ഓര്‍മിപ്പിച്ചു.
പ്രശ്‌നങ്ങള്‍ ചര്‍ച്ചകളിലൂടെ രമ്യമായി പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടും അയല്‍ രാജ്യങ്ങള്‍ എന്തിനുവേണ്ടിയാണു കടും പിടുത്തം പിടിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. അന്തരാഷ്ട്ര തലത്തില്‍ ഖത്തര്‍ നേടിയെടുത്തിട്ടുള്ള പ്രതിച്ഛായ തകര്‍ക്കാനുള്ള ചില ഗൂഢ ശക്തികളുടെ നീക്കമാണിതെന്നും ആരുടേയും സമ്മര്‍ദ്ദത്തിന് മുന്നില്‍ തങ്ങള്‍ തല കുനിക്കില്ലെന്നും വിദേശകാര്യ മന്ത്രി ആവര്‍ത്തിച്ചു. അതെ സമയം ഖത്തറിനെതിരെ കടുത്ത നിലപാടുകള്‍ സ്വീകരിച്ച രാഷ്ട്ര തലവന്മാരെ സംബന്ധിച്ച് യാതൊരു വിധത്തിലുള്ള പ്രകോപന വിഷയങ്ങളും സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കരുതെന്നും അത്തരം പ്രവര്‍ത്തനങ്ങള്‍ ഇസ്‌ലാമിക മൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ലെന്നും ഖത്തര്‍ വാര്‍ത്ത വിനിമയ മന്ത്രാലയം ജനങ്ങളോട് ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha


























