ബുർജ് ഖലീഫ വീണ്ടും വിസ്മയമാകുന്നു; അത്ഭുത കാഴ്ചകളുടെ അരങ്ങു തീർത്തുകൊണ്ടു പുതിയ കവാടം തുറന്നു

കാഴ്ചകളുടെ വർണ വിസ്മയം തീർത്തുകൊണ്ടു ഒരു ചുവടു കുടി മുന്നോട്ടു പോവുകയാണ് ദുബായിയിലെ 160 നിലകളോടു കൂടി തലയുയർത്തി നിൽക്കുന്ന ബുർജ് ഖലീഫ. സന്ദർശകർക്കായി അത്ഭുത കാഴ്ചകളുടെ അരങ്ങു തീർത്തുകൊണ്ടു പുതിയ കവാടം തുറന്നു.
‘ബുർജ് ഖലീഫ അറ്റ് ദ് ടോപ്പി’ന്റെ സ്വീകരണ മേഖലയാണു ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പുതുക്കി ആകര്ഷണീയമാക്കിയത്. ഇനി കാഴ്ചയുടെ പൂരം താഴെ നിന്നെ തുടങ്ങാം. ബുർജ് ഖലീഫയുടെ മുകളിൽ സന്ദർശകരെ ആകർഷിക്കുന്ന അറ്റ് ദ് ടോപ്, അറ്റ് ദ് ടോപ് ബുർജ് ഖലീഫ സ്കൈ എന്നിവിടങ്ങളിലേക്കു പോകാനായി എത്തുന്ന സന്ദർശകരെ സ്വീകരിക്കുന്ന മേഖലയിലാണു പുതിയ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. സ്വീകരണ മേഖലയുടെ വിസ്തൃതി മൂന്നിരട്ടിയായി വർധിപ്പിച്ചുകൊണ്ട് ആണ് പുതിയ സാങ്കേതിക വിദ്യ ഒരുക്കിയിരിക്കുന്നത്.

ദുബായ് നഗരത്തിന്റെ ഭാവിഭൂത വർത്തമാനങ്ങളെല്ലാം വിവരിക്കുന്ന ഡിജിറ്റൽ സ്ക്രീനുകൾ, നാല് ഡിജിറ്റൽ പ്രൊജക്‌ഷനുകളുമായി നാലു മീറ്റർ ഉയരത്തിൽ ബുർജ് ഖലീഫയുടെ മാതൃക തുടങ്ങിയവയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഭിത്തിയിൽ സ്ഥാപിച്ചിരിക്കുന്ന വിഡിയോ വാളിൽ, സന്ദർശകരെ ഓരോരുത്തരെയും സെൻസറുകൾ വഴി തിരിച്ചറിഞ്ഞു അവരുടെ മുന്നോട്ടുള്ള ചുവടുവയ്‌പ്പിനനുസരിച് കലാരൂപങ്ങൾ തെളിയുന്ന വിസ്മയ കാഴ്ച സന്ദർശകർക്ക് ഏറെ ആഹ്ലാദം പകരുന്നു.

ഉയരങ്ങളിലേക്ക് പോകുന്നതിനു മുൻപുള്ള ഇടനാഴിയിലെ ഗ്ലാസ് ഭിത്തികളിൽ ഇനി വരാനിരിക്കുന്ന ആകാശക്കാഴ്ചയുടെ മുൻചിത്രംപോലെ മേഘങ്ങൾ നിറയുന്നതാണ് ആദ്യ കാഴ്ച. മുന്നോട്ടുള്ള യാത്രയിൽ വിഡിയോ വാളിൽ സമുദ്രജലത്തിന്റെയും മരുഭൂമിയിലെ പാറകളുടെയും മൊസെയ്ക് ചിത്രങ്ങളുടെയും കലാപരമായ ആവിഷ്കാരം സന്ദർശകർക്ക് അകമ്പടി സേവിക്കും. മാന്ത്രിക ഗ്ലാസിൽ നിർമിച്ചിരിക്കുന്ന ബുർജ് ഖലീഫ മാതൃകയിൽ മേഘങ്ങൾ, ജലം, മണ്ണ്, ഗ്ലാസ് എന്നിങ്ങനെ നാലു വ്യത്യസ്തതകളിൽ രൂപങ്ങൾ തെളിയും. മാത്രവുമല്ല സന്ദർശകരുടെ ചലനങ്ങൾക്കനുസരിച്ച് ഈ ഗ്ലാസിലും മാറ്റം വരും എന്നതാണ് മാന്ത്രിക ഗ്ലാസിന്റെ പ്രത്യേകത.

ബുർജ് കലീഫയിലൂടെയുള്ള യാത്രാവേളയിൽ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സന്ദേശം ഇതിനിടെ, സന്ദർശകരെ തേടിയെത്തും. തുടർന്ന് നഗരത്തിന്റെ ചരിത്രവും നേട്ടങ്ങളും ദൃശ്യങ്ങളിൽ തെളിയുന്നതരത്തിൽ ഓഡിയോ – വിഡിയോ ചിത്രീകരണവും തെളിയും.
828 മീറ്റർ ഉയരമുള്ള ബുർജ് ഖലീഫയിൽ 555 മീറ്റർ ഉയരത്തിൽ സ്ഥാപിച്ചിരിക്കുന്ന ഒബ്സർവേഷൻ ഡെക്കാണ് ഏറ്റവും കൂടുതലായി സന്ദർശകരെ ആകർഷിക്കുന്നത്. 500 ദിർഹമാണു ടിക്കറ്റ് ചാർജ്. കൂടാതെ 124–ാം നിലയിലുള്ള അറ്റ് ദ് ടോപ് ബുർജ് ഖലീഫ സന്ദർശിക്കാൻ 125 ദിർഹവും നൽകണം. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ സന്ദർശകർക്കു നവ്യാനുഭവം പകരാനാണു ശ്രമിക്കുന്നതെന്ന് ഇമാർ പ്രോപ്പർട്ടീസ് ഗ്രൂപ്പ് ഓപ്പറേഷൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ അഹമ്മദ് അൽ ഫലസി പറഞ്ഞു.
https://www.facebook.com/Malayalivartha


























