ഷാര്‍ജ വിമാനത്താവളത്തില്‍ സ്വകാര്യ വിമാനങ്ങള്‍ക്കായി പ്രത്യേക ടെര്‍മിനല്‍

സ്വകാര്യ ബിസിനസ് വിമാനങ്ങള്‍ക്കായി ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രത്യേക ടെര്‍മിനല്‍ പ്രവര്‍ത്തനം ആരംഭിച്ചു. ബ്രിട്ടന്‍ ആസ്ഥാനമായുള്ള ഗാമാ ഏവിയേഷന്റെ നേതൃത്വത്തിലാണ് പുതിയ ടെര്‍മിനല്‍. വിവിധ രാജ്യങ്ങളിലെ 25 വിമാനത്താവളങ്ങളില്‍ ഗാമാഏവിയേഷന്‍ പ്രത്യേക ടെര്‍മിനലുകളിലൂടെ വിമാനയാത്ര ഒരുക്കുന്നുണ്ട്.
വന്‍കിട വ്യവസായികള്‍ക്കും സംരംഭകര്‍ക്കും എളുപ്പത്തില്‍ ആകാശയാത്ര നടത്തുന്നതിനുള്ള മാര്‍ഗമായാണ് സ്വകാര്യ ടെര്‍മിനല്‍ സംവിധാനം ചെയ്തിരിക്കുന്നത്. ആവശ്യക്കാര്‍ക്കായി എണ്‍പത് ബിസിനസ് വിമാനങ്ങള്‍ ഇപ്പോള്‍ ഗാമ ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. പുതിയ ടെര്‍മിനല്‍ ഷാര്‍ജ, ദുബായ്, വടക്കന്‍ എമിറേറ്റുകള്‍ എന്നിവിടങ്ങളിലെ സ്വകാര്യ സംരംഭകര്‍ക്ക് ഏറെ പ്രയോജനപ്പെടുമെന്ന് ഗാമാഏവിയേഷന്‍ അധികൃതര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. എമിഗ്രേഷന്‍, കസ്റ്റംസ് എന്നിങ്ങനെയുള്ള എല്ലാ സംവിധാനങ്ങളും പുതിയ ലോഞ്ചില്‍ ഒരുക്കിയിട്ടുണ്ട്. നടപടിക്രമങ്ങള്‍ വേഗം പൂര്‍ത്തിയാക്കി യാത്ര നടത്താന്‍ ഈ സംവിധാനം ഉപകരിക്കും.
500 ലക്ഷം ഡോളറാണ് പുതിയ ടെര്‍മിനലിനായി ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗാമാഏവിയേഷന്‍ നിക്ഷേപിക്കുന്നത്. വിമാനങ്ങള്‍ക്കായുള്ള പ്രത്യേക ഹാങ്ങറുകള്‍ ഉള്‍പ്പെടെ അടുത്തഘട്ടത്തില്‍ സ്ഥാപിക്കും. ക്രസന്റ് എന്റര്‍പ്രൈസസ്, ഗ്രോത്ത്‌ഗേറ്റ് കാപ്പിറ്റല്‍, ഷാര്‍ജ സിവില്‍ ഏവിയേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവയും ഗാമയുടെ സംരംഭത്തില്‍ പങ്കാളികളാണ്. ഷാര്‍ജ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ചെയര്‍മാന്‍ ശൈഖ് അബ്ദുള്ള ബിന്‍ മൊഹമ്മദ് അല്‍ത്താനി ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്തു.
https://www.facebook.com/Malayalivartha