ഷാര്‍ജയില്‍ വന്‍ തീപിടിത്തം; തൊഴിലാളികളുടെ താമസകേന്ദ്രങ്ങള്‍ ചാമ്പലായി

ഷാര്‍ജ വ്യവസായ മേഖല 10ല്‍ വന്‍ അഗ്നിബാധ. തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളും ഫര്‍ണിച്ചര്‍ നിര്‍മാണ സ്ഥാപനവും ആക്രികച്ചവടക്കാരുടെ ഗുദാമുകളും കത്തിച്ചാമ്പലായി.
വന്‍ സാമ്പത്തിക നഷ്ടം കണക്കാക്കുന്നു. ആളപായമില്ല. അപകട കാരണം വ്യക്തമായിട്ടില്ല. വെള്ളിയാഴ്ച ഉച്ചക്ക് മൂന്ന് മണിക്ക് ശേഷമായിരുന്നു അപകടം. ഇന്ത്യ, പാക്, ബംഗ്ളാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് ഇവിടെയുള്ളത്.
സമീപത്തായി മലയാളികളുടെ ഗ്രോസറികളും കഫ്ത്തീരിയകളുമുണ്ട്. എന്നാല്‍ ഇവക്കൊന്നും നഷ്ടമുണ്ടായിട്ടില്ലെന്ന്കച്ചവടക്കാര്‍ പറഞ്ഞു.
ഷാര്‍ജ റിങ് റോഡിലെ ചൈന ടൗണിനും വ്യവസായ മേഖല പൊലീസ് സ്റ്റേഷനും ഇടയിലുള്ള 27ാം നമ്പര്‍ റോഡിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന പാകിസ്താനിയുടെ ഉടമസ്ഥതയിലുള്ള അല്‍ ജുമേര ഫര്‍ണിച്ചര്‍ സ്ഥാപനത്തിലാണ് ആദ്യം തീ കണ്ടതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. എന്നാല്‍ തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളില്‍ നിന്നാണ് ആദ്യം തീ കണ്ടതെന്ന് മറ്റ് ചിലര്‍ പറഞ്ഞു.
ആളിക്കത്തിയ തീ ഉടനെ തന്നെ തൊട്ടടുത്ത് പ്രവര്‍ത്തിക്കുന്ന ആക്രി സാധനങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന ഗുദാമുകളിലേക്കും സമീപത്തുള്ള തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളിലേക്കും പടരുകയായിരുന്നു.
പെട്ടെന്ന് കത്തുന്ന വസ്തുക്കളാണ് ആക്രി സാധനങ്ങളുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നത്. സംഭവ സമയം നിരവധി പേര്‍ താമസ സ്ഥലത്ത് ഉണ്ടായിരുന്നു. അവധി ആയതിനാല്‍ പലരും ഇഫ്താറിനുള്ള വിഭവങ്ങള്‍ ഒരുക്കുന്ന തിരക്കിലായിരുന്നു.
സംഭവ സമയം കാറ്റും കൊടും ചൂടും ഉണ്ടായിരുന്നത് തീ പെട്ടെന്ന് പടരാന്‍ കാരണമായി. തൊഴിലാളികളുടെ 10ല്‍പരം താമസ കേന്ദ്രങ്ങള്‍ കത്തി നശിച്ചിട്ടുണ്ട്.
പലര്‍ക്കും ഉടുതുണിക്ക് മറുതുണിയില്ലാത്ത അവസ്ഥയാണെന്ന് ഇവിടെ താമസിക്കുന്നവര്‍ പറഞ്ഞു. തീപിടിച്ച താമസ കേന്ദ്രങ്ങളില്‍ നിന്ന് പൊട്ടിത്തെറിച്ച ഗ്യാസ് സിലിണ്ടറുകള്‍ പല ഭാഗത്തും ചിതറി വീണതാണ് തീ പടര്‍ന്ന് പിടിക്കാന്‍ കാരണമായത്.
https://www.facebook.com/Malayalivartha