ഇഷ്ട സഞ്ചാരകേന്ദ്രം: ന്യൂയോര്‍ക്കിനെയും കടത്തിവെട്ടി ദുബായ്

സഞ്ചാരികളുടെ പ്രിയ സന്ദര്‍ശന കേന്ദ്രമായ ദുബായിക്ക് റാങ്കിങ്ങില്‍ മുന്നേറ്റം. ന്യൂയോര്‍ക്കിനെ മറികടന്ന് അഞ്ചാം സ്ഥാനം നേടിയ ദുബായ് ആദ്യ അഞ്ചില്‍ എത്തുന്ന അറബ്, ആഫ്രിക്കന്‍ മേഖലയിലെ ഏക നഗരമെന്ന ഖ്യാതിയും സ്വന്തമാക്കി.
ആഗോള സഞ്ചാരകേന്ദ്രങ്ങളെക്കുറിച്ച് മാസ്റ്റര്‍കാര്‍ഡ് നടത്തിയ പഠനമാണ് ദുബായിയുടെ മുന്നേറ്റം വെളിപ്പെടുത്തുന്നത്. ഇതുപ്രകാരം ലണ്ടന്‍ ആണ് ലോകസഞ്ചാരികളുടെ പ്രിയനഗരം. നേരത്തെ, ഒന്നാംസ്ഥാനത്തുണ്ടായിരുന്ന ബാങ്കോക്ക് രണ്ടാംസ്ഥാനത്തേക്ക് തള്ളപ്പെട്ടു. പാരീസ്, സിംഗപ്പുര്‍ എന്നിവയാണ് യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിലുള്ളത്. നേരത്തെ, റാങ്കിങ്ങില്‍ മുന്‍നിരയിലുണ്ടായിരുന്ന ഇസ്താംബൂളിനെയും പിറകിലാക്കിയാണ് ദുബായ് പുതിയ മുന്നേറ്റം നടത്തിയത്.
2014ല്‍ 1.2 കോടി വിദേശ സന്ദര്‍ശകര്‍ ദുബായിലെത്തുമെന്നാണ് മാസ്റ്റര്‍കാര്‍ഡിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2013-ലേതിനെ അപേക്ഷിച്ച് 7.5 അഞ്ച് ശതമാനത്തിന്റെ വര്‍ധനയാണ് ഇത് സൂചിപ്പിക്കുന്നത്. 2012ല്‍ 88 ലക്ഷം സന്ദര്‍ശകരാണ് നഗരത്തില്‍ എത്തിയിരുന്നത്.
അന്താരാഷ്ട്ര നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങളും സംവിധാനങ്ങളും ബീച്ചുകളും ബുര്‍ജ് ഖലീഫ അടക്കമുള്ള അദ്ഭുതക്കാഴ്ചകളുമാണ് ദുബായിയെ മികച്ച സഞ്ചാരകേന്ദ്രമാക്കി മാറ്റുന്നത്. വാണിജ്യ, വിനോദ മേഖലയിലെ മികവാണ് ദുബായിയെ ഈയൊരു മുന്നേറ്റത്തിന് സഹായകമാക്കുന്നതെന്ന് മാസ്റ്റര്‍ കാര്‍ഡ് ഡിവിഷന്‍ പ്രസിഡന്റ് രഘു മല്‍ഹോത്ര ചൂണ്ടിക്കാട്ടി. നഗരത്തിന്റെ തന്ത്രപ്രധാനമായ സ്ഥാനവും ലോകോത്തര സൗകര്യങ്ങളും നിക്ഷേപ സൗഹൃദ നിലപാടും നഗരത്തെ മികച്ച സന്ദര്‍ശക കേന്ദ്രമെന്ന നിലയില്‍ ഇനിയും മുന്നോട്ടുകൊണ്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha