വീട്ടുജോലിക്കാര്‍ക്കായി തൊഴില്‍ വ്യവസ്ഥകള്‍ ഉറപ്പാക്കുന്ന കരടിനു രൂപം നല്‍കി

ജിസിസി രാജ്യങ്ങളിലെ വീട്ടുജോലിക്കാര്‍ക്കായി ഏകീകൃത തൊഴില്‍ വ്യവസ്ഥകള്‍ ഉറപ്പാക്കുന്നതിന്റെ ഭാഗമായി കരാറിന്റെ കരടിനു രൂപം നല്‍കി. കഴിഞ്ഞ നവംബറില്‍ ചേര്‍ന്ന ജിസിസി തൊഴില്‍ മന്ത്രിമാരുടെ യോഗതീരുമാനപ്രകാരമാണ് ഏകീകൃത കരാറിന്റെ കരടിനു രൂപം നല്‍കിയത്. തൊഴിലാളികള്‍ക്കു മെച്ചപ്പെട്ട ജീവിത പരിരക്ഷ ഉറപ്പാക്കാന്‍ കരടുനിയമം ലക്ഷ്യമിടുന്നു. തൊഴിലാളിയുടെ താമസം, ഭക്ഷണം, വസ്ത്രം എന്നീ കാര്യങ്ങളില്‍ തൊഴിലുടമയ്ക്കുള്ള ഉത്തരവാദിത്തം കരടുനിയമത്തില്‍ പ്രതിപാദിക്കുന്നുണ്ട്. തൊഴിലാളിയുടെ റിക്രൂട്ട്‌മെന്റ്, വീസാ ഫീസുകള്‍ തൊഴിലുടമയുടെ ബാധ്യതയാകും.
വീസ പുതുക്കുന്നതിനും റദ്ദാക്കുന്നതിനുമുള്ള ചെലവും തൊഴിലുടമ വഹിക്കേണ്ടി വരും. കരാര്‍ കാലാവധിക്കുശേഷം തൊഴിലാളി സ്വദേശത്തേക്കു തിരിച്ചുപോകുന്നതിനുള്ള യാത്രാച്ചെലവും തൊഴിലുടമ നല്‍കണം. തൊഴിലാളിയുടെ പാസ്‌പോര്‍ട്ട് പിടിച്ചുവയ്ക്കാന്‍ തൊഴിലുടമയ്ക്ക് അവകാശം ഉണ്ടാകില്ല. തൊഴിലാളികള്‍ക്ക് പ്രതിവാര അവധി നല്‍കണമെന്നതാണ് ഏകീകൃത കരടുനിയമത്തിലെ സുപ്രധാന വ്യവസ്ഥ. ഗാര്‍ഹികത്തൊഴിലാളികള്‍ക്കായി ഇന്ത്യയും സൗദിയും ഒപ്പ് വച്ച കരാറിലും ഈ വ്യവസ്ഥ നിലവിലുണ്ട്.
ഓരോ മാസവും അവസാനത്തെ പ്രവൃത്തിദിവസമാണ് ആ മാസത്തെ ശമ്പളം നല്‍കേണ്ടത്. ശമ്പളം പൂര്‍ണമായി നല്‍കിയെന്ന് ഉറപ്പുവരുത്താന്‍ തൊഴിലാളി ഒപ്പുവച്ച രസീത് വാങ്ങി സൂക്ഷിക്കണമെന്നും കരടുനിയമത്തില്‍ പറയുന്നു.
https://www.facebook.com/Malayalivartha