ഗൾഫ് പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നു; ജിസിസി ഉച്ചകോടി നീണ്ടു നിന്നത് മിനിറ്റുകൾ മാത്രം

ഗള്‍ഫ് സഹകരണ സമിതി (ജിസിസി) യുടെ വാര്‍ഷിക ഉച്ചകോടിയെ ഗൾഫ് രാജ്യങ്ങൾക്കു പുറമെ ലോക രാജ്യങ്ങളും പ്രതീക്ഷയോടെയാണ് കണ്ടിരുന്നത്. പ്രധാനമായും ഖത്തറിന് മേൽ ഏർപ്പെടുത്തിയ ഉപരോധവും തുടർന്നുള്ള അഭിപ്രായവ്യത്യാസങ്ങളും പരിഹാരമാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ കുവൈറ്റിലാണ് ജിസിസി ഉച്ചകോടി നടത്താനിരുന്നത്. എന്നാൽ യോഗം ആരംഭിച്ച് 15 മിനിറ്റിനുള്ളിൽ യോഗം അവസാനിച്ചതായി നേതാക്കൾ അറിയിച്ചതോടെ പ്രതിസന്ധി കൂടുതൽ രൂക്ഷമാണെന്ന് വ്യക്തമായി.
ജിസിസി യോഗത്തിൽ സൗദി അറേബ്യയെ പ്രതിനിധീകരിച്ച് സല്‍മാന്‍ രാജാവ് എത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പക്ഷേ അദ്ദേഹം എത്തിയില്ല പകരം പ്രതിനിധിയെ അയച്ചു. യുഎഇയുടെയും ബഹ്‌റൈന്റെയും ഭരണാധികാരികളും എത്തിയില്ല. യോഗത്തിനെത്തിയത് ഖത്തറിന്റെയും ഒമാന്റെയും നേതൃത്വം മാത്രം. ഇതോടെ യോഗത്തിന്റെ പ്രാധാന്യം നഷ്ടപ്പെട്ടിരുന്നു. ഖത്തറിനെ പ്രതിനിധീകരിച്ച് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി എത്തിയിരുന്നു. ജിസിസി യോഗത്തിനു തൊട്ട് മുമ്പ് പ്രത്യേക സഖ്യം രൂപീകരിക്കുമെന്ന യുഎഇയുടെ പ്രഖ്യാപനം വലിയ ചർച്ചയായിരുന്നു. എന്നാൽ പ്രശ്‌നങ്ങളെയെല്ലാം അതിജീവിക്കുമെന്നും ഇന്നത്തെ യോഗം ഒരു സൂചനയാണെന്നും കുവൈറ്റ് അമീർ അറിയിച്ചു.
https://www.facebook.com/Malayalivartha


























