വീണ്ടും ആശങ്ക... ഉപരോധത്തിന് തടസ്സം നിന്നാൽ ഒമാനെ ബോംബിട്ട് തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്

ഇറാൻ സംഘർഷത്തിന് ചെറിയ അയവ് വന്നെങ്കിലും അയയാതെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിലൂടെ ഇറാന്റെ എണ്ണ കൊണ്ടുപോകുന്ന കപ്പലുകൾക്ക് ഏർപ്പെടുത്തിയ ഉപരോധത്തിന് തടസ്സം നിന്നാൽ ഒമാനെ ബോംബിട്ട് തകർക്കുമെന്ന് ഡോണൾഡ് ട്രംപ് പറഞ്ഞു. യുഎസ്-ഇറാൻ വെടിനിർത്തൽ കാലാവധി അവസാനിക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കേ ‘ഫോക്സ് ന്യൂസിന്’ നൽകിയ അഭിമുഖത്തിലാണ് ട്രംപിന്റെ പ്രസ്താവന.
ഹോർമുസിലെ നിയന്ത്രണത്തിനായി ഇറാനും ഒമാനും തമ്മിൽ നടത്തുന്ന സമാന്തര ചർച്ചകളെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ട്രംപിന്റെ ഈ പ്രതികരണം. ഹോർമുസിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് കരാറിലെത്താൻ കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഇറാനും ഒമാനും ചർച്ച നടത്തുകയാണ്.
ഇറാൻ കീഴടങ്ങാൻ തയാറാകണമെന്നും അവർ തകർന്നു കൊണ്ടിരിക്കുകയാണെന്നും ട്രംപ് പറഞ്ഞു. തനിക്ക് സമയക്രമമോ ധൃതിയോ ഇല്ലെന്നും ഇടക്കാല തിരഞ്ഞെടുപ്പുകൾ ചിന്തകളെ ബാധിക്കാറില്ലെന്നും ട്രംപ് പറഞ്ഞു. ഇറാൻ ആണവായുധങ്ങൾ കൈവശം വയ്ക്കുന്നില്ലെന്ന് ഉറപ്പാക്കുകയാണ് യുഎസിന്റെ പ്രധാന ലക്ഷ്യമെന്ന് ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ ട്രംപ് പറഞ്ഞു.
അതേസമയം ദക്ഷിണ കൊറിയയുമായുള്ള സംയുക്ത സൈനികാഭ്യാസങ്ങൾ വെട്ടിക്കുറയ്ക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനെതിരായ സൈനിക നടപടിയിൽ യുഎസിനൊപ്പം ചേരാൻ ദക്ഷിണ കൊറിയ വിസമ്മതിച്ചതായും ട്രൂത്ത് സോഷ്യലിൽ ട്രംപ് കുറിച്ചു. അതേസമയം, ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നുമായുള്ള ചിത്രവും ട്രംപ് പോസ്റ്റ് ചെയ്തിരുന്നു. ദക്ഷിണ കൊറിയയെ സമ്മർദത്തിലാക്കാനുള്ള നീക്കമാണ് ട്രംപ് നടത്തുന്നതെന്നാണു സൂചന.
‘‘ഈ അഭ്യാസങ്ങൾ ചെലവേറിയതാണ്, മാത്രമല്ല ഈ ചെലവുകളിൽ ഭൂരിഭാഗവും അമേരിക്കയാണു വഹിക്കുന്നത്’’ – ട്രംപ് പോസ്റ്റ് ചെയ്തു. അതേസമയം, അമേരിക്കയുമായുള്ള സൈനിക അഭ്യാസം നിശ്ചയിച്ച പ്രകാരം തുടരുമെന്ന് ദക്ഷിണ കൊറിയ വ്യക്തമാക്കി. തിങ്കളാഴ്ച മുതലാണ് 11 ദിവസം നീണ്ടുനിൽക്കുന്ന, യുഎസ്–ദക്ഷിണ കൊറിയ വാർഷിക സൈനികാഭ്യാസം ആരംഭിക്കുന്നത്. എന്നാൽ ഈ സൈനിക അഭ്യാസം റദ്ദാക്കാൻ വളരെ വൈകി എന്നാണ് ട്രംപ് സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചത്. ഇറാന്റെ ആണവനിരായുധീകരണത്തിൽ തങ്ങളോടൊപ്പം ചേരാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന തന്റെ അഭ്യർഥന ദക്ഷിണ കൊറിയൻ പ്രസിഡന്റ് നിരാകരിച്ചെന്നും ട്രംപ് വെളിപ്പെടുത്തി.
യുദ്ധത്തിനിടെ, കഴിഞ്ഞ മാർച്ചിൽ കാണാതായ ഇറാൻ വ്യോമസേനയുടെ 2 പൈലറ്റുമാരെ ഖത്തർ തടവിലാക്കിയെന്ന് ഇറാൻ. ആരോപണം ഖത്തർ നിഷേധിച്ചു. യുദ്ധത്തിനിടെ ഒരു പൈലറ്റ് കൊല്ലപ്പെട്ടെന്നും 2 പേരെ കാണാതായെന്നും ഇറാൻ നേരത്തേ പറഞ്ഞിരുന്നു. എന്നാൽ ഖത്തർ ഇവരെ തടവിലാക്കിയെന്ന ആരോപണം ആദ്യമായാണ് ഉന്നയിക്കുന്നത്. യുദ്ധത്തിനിടെ ഖത്തറിന്റെ വ്യോമാതിർത്തി ലംഘിച്ചതിനുപിന്നാലെ കാണാതായ പൈലറ്റുമാരെ കണ്ടെത്താൻ തിരച്ചിലിനു വ്യോമസേന അനുമതി തേടിയെങ്കിലും ഖത്തർ അനുവദിച്ചില്ലെന്ന് ഇറാൻ സേനാ ജനറൽ മുഹമ്മദ് ബാഗിർസദ പറഞ്ഞു. എന്നാൽ, ഒരു പൈലറ്റിന്റെ മൃതദേഹം കണ്ടെത്തിയത് ഇറാനെ യഥാസമയം അറിയിച്ചെന്നും തിരച്ചിലിനു സഹകരിക്കാമെന്നു വ്യക്തമാക്കിയതാണെന്നും ഖത്തർ വ്യക്തമാക്കി. കുവൈത്തിൽ തടവിലുള്ള 4 ഇറാൻകാരുടെ മോചനം സംബന്ധിച്ചും തുടർനടപടിയായിട്ടില്ല.
അതിനിടെ, കപ്പൽപാത സംബന്ധിച്ച് ഒമാനും ഇറാനും തമ്മിൽ നടക്കുന്ന ചർച്ചയ്ക്കു ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധമില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറഗ്ചി പറഞ്ഞു. ഹോർമുസിലൂടെ താൽക്കാലിക ഗതാഗത സംവിധാനം സംബന്ധിച്ച ചർച്ചയാണ് ഒമാനുമായി നടക്കുന്നതെന്നും വ്യക്തമാക്കി.
അതിനിടെ, ഇറാൻ വിരുദ്ധ യുഎസ്, ഇസ്രയേൽ മാധ്യമങ്ങളോടു സംസാരിക്കുന്നതു ക്രിമിനൽ കുറ്റമാക്കുന്ന ബില്ലിന് ഇറാൻ പാർലമെന്റ് അംഗീകാരം നൽകി. നിയമമാകാൻ ഗാർഡിയൻ കൗൺസിലിന്റെ അംഗീകാരം കൂടി വേണം. ശത്രുക്കളല്ലാത്ത വിദേശമാധ്യമങ്ങളോടു സംസാരിക്കുമ്പോഴും ഉദ്യോഗസ്ഥർ മുൻകൂർ അനുമതി വാങ്ങണം.
അതേസമയം ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നുമായി താൻ ഇപ്പോഴും വളരെ നല്ല സൗഹൃദത്തിലാണെന്ന് വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കിമ്മിനൊപ്പമുള്ള തന്റെ പഴയ ചിത്രം ട്രൂത്ത് സോഷ്യലിൽ പങ്കുവച്ചാണ് ട്രംപിന്റെ പുതിയ പരാമർശം.‘‘ഈ ചിത്രത്തിൽ ഞങ്ങൾ രണ്ടുപേരും ഒട്ടും സൗഹൃദമില്ലാത്ത രീതിയിലാണ് നോക്കുന്നതെങ്കിലും, ഞങ്ങൾ രണ്ടുപേരും ചിരിച്ചുനിൽക്കുന്ന നിരവധി ചിത്രങ്ങൾ വേറെയുമുണ്ട്. കിം ജോങ് ഉന്നും ഞാനും വളരെ നല്ല സൗഹൃദത്തിലാണ്’’ – ട്രംപ് കുറിച്ചു.
അമേരിക്കയും ദക്ഷിണ കൊറിയയും സംയുക്തമായി നടത്താൻ നിശ്ചയിച്ചിരിക്കുന്ന സൈനികാഭ്യാസത്തെ ഉത്തരകൊറിയ കടുത്ത ഭാഷയിൽ വിമർശിച്ചതിനു പിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന. സൈനികാഭ്യാസം കൊറിയൻ ഉപദ്വീപിൽ വലിയ രീതിയിലുള്ള സംഘർഷങ്ങൾക്ക് കാരണമാകുമെന്ന് ഉത്തരകൊറിയ മുന്നറിയിപ്പ് നൽകിയിരുന്നു. അമേരിക്കയും ദക്ഷിണ കൊറിയയും ചേർന്നുള്ള ഉൾച്ചി ഫ്രീഡം ഷീൽഡ് എന്ന് പേരിട്ടിരിക്കുന്ന സംയുക്ത സൈനികാഭ്യാസം ഓഗസ്റ്റ് 17 മുതൽ ഓഗസ്റ്റ് 27 വരെയാണ് നടക്കുന്നത്. ഉത്തരകൊറിയയുടെ വളർന്നുവരുന്ന സൈനിക ശേഷിയെ പ്രതിരോധിക്കുന്നതിനായി, ഡ്രോൺ ആക്രമണങ്ങൾ തടയുക, ജിപിഎസ് തടസപ്പെടുത്തൽ, സൈബർ ആക്രമണങ്ങൾ എന്നിവ നേരിടാനുള്ള പ്രത്യേക പരിശീലനങ്ങൾ എന്നിവയാണ് സൈനികാഭ്യാസത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
അതേസമയം, യുഎസും ദക്ഷിണ കൊറിയയും ഒരുമിക്കുന്ന സൈനികാഭ്യാസത്തെ യുദ്ധത്തിനുള്ള റിഹേഴ്‌സൽ എന്നാണ് ഉത്തര കൊറിയ വിശേഷിപ്പിച്ചത്.
സംയുക്ത സൈനികാഭ്യാസങ്ങളെ അമേരിക്ക തങ്ങൾക്കെതിരെ നടത്തുന്ന കടുത്ത പ്രകോപനമായാണ് ഉത്തരകൊറിയ കാണുന്നത്. യുഎസ്-ജപ്പാൻ-ദക്ഷിണ കൊറിയ രാജ്യങ്ങളുടെ സൈനിക സഹകരണം ആണവ സഖ്യമായി മാറുകയാണെന്ന് ഉത്തരകൊറിയൻ വിദേശകാര്യ മന്ത്രാലയ വക്താവ് കുറ്റപ്പെടുത്തിയിരുന്നു. പുതിയ ഭീഷണിയെ പ്രതിരോധിക്കാൻ പുതിയ തലത്തിലുള്ള പ്രതിരോധ സംവിധാനങ്ങളുമായി ഉത്തരകൊറിയ രംഗത്തിറങ്ങുമെന്നും ഔദ്യോഗിക വാർത്താ ഏജൻസിയായ കെസിഎൻഎ പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha

























