ആഘോഷ രാവില്‍ യു.എ.ഇ

വ്രത വിശുദ്ധിയുടെ നാളുകള്‍ക്കൊടുവില്‍ മാനത്ത് ശവ്വാലമ്പിളി തെളിഞ്ഞതോടെ നാടും നഗരവും പെരുന്നാള്‍ ആഘോഷലഹരിയില്‍. തിങ്കളാഴ്ച ശവ്വാല്‍ ഒന്നായി പ്രഖ്യാപനം വന്നയുടന്‍ അവസാനവട്ട ഷോപ്പിങിനായി പ്രവാസികളടക്കമുള്ളവര്‍ ഷോപ്പുകളിലേക്കും മാളുകളിലേക്കും ഒഴുകി. മിക്ക വ്യാപാര സ്ഥാപനങ്ങളിലും ഉപഭോക്താക്കള്‍ക്ക് പ്രത്യേക ഇളവുകള്‍ പ്രഖ്യാപിച്ചതിനാല്‍ കച്ചവടം പൊടിപൊടിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അഞ്ച് ദിവസവും സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് രണ്ട് ദിവസവും രാജ്യത്ത് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ബര്‍ ദുബൈയിലെ മീന ബസാറിലും, ദേരയിലെ നായ്ഫിലും വന്‍ കച്ചവട തിരക്കാണ് അനുഭവപെട്ടത്. അബറയിലു ബസിലും മെട്രോയിലും തിരക്ക് തന്നെയായിരുന്നു.
ഈദുല്‍ ഫിത്വര്‍ ആഘോഷത്തിന്റെ ഭാഗമായി ദുബൈ ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ‘ഈദ് ഇന്‍ ദുബൈ’ എന്ന് പേരിട്ട ഉത്സവത്തില്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമായുള്ള വിനോദ പരിപാടികള്‍, ഷോപ്പിങ് മേള, സമ്മാന പദ്ധതികള്‍ തുടങ്ങിവയ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈദ് ആഘോഷത്തിനുള്ള മിഡിലീസ്റ്റിലെ മികച്ച വേദിയായി ദുബൈയെ ഉയര്‍ത്തിക്കാട്ടുകയാണ് പരിപാടിയുടെ ലക്ഷ്യം.
‘ഈദ് ഇന്‍ ദുബൈ’ ആഘോഷത്തില്‍ പങ്കെടുക്കുന്ന ഷോപ്പിങ് മാളുകളില്‍ നിന്ന് 200 ദിര്‍ഹമിന് മുകളില്‍ സാധനങ്ങള്‍ വാങ്ങുന്നവരില്‍ നിന്ന് നറുക്കിട്ടെടുക്കുന്നവര്‍ക്ക് നാല് ദശലക്ഷം ദിര്‍ഹമിന്റെ സമ്മാനം ലഭിക്കും. ആറ് ബി.എം.ഡബ്ള്യൂ കാറുകള്‍, അഞ്ച് ലക്ഷം ദിര്‍ഹത്തിന്റെ ഷോപ്പിങ് വൗച്ചറുകള്‍ എന്നിവയും സമ്മാന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉല്‍പന്നങ്ങള്‍ക്ക് ചില മാളുകളില്‍ 75 ശതമാനം വരെ വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്.
ജൂലൈ 30,31 തിയതികളില്‍ നടക്കുന്ന ലയാലി ദുബൈ സംഗീത കച്ചേരി, ജൂലൈ 31ന് ദുബൈ വേള്‍ഡ് ട്രേഡ് സെന്‍ററില്‍ നടക്കുന്ന സലിം സുലൈമാന്‍ ലൈവ് സംഗീത കച്ചേരി, ആഗസ്റ്റ് ഒന്നിന് അല്‍ നാസര്‍ ലിഷര്‍ ലാന്‍റില്‍ നടക്കുന്ന ശ്രേയ ഘോഷാലിന്‍െറ സംഗീത കച്ചേരി തുടങ്ങിയവയാണ് മറ്റു പ്രധാന പരിപാടികള്‍.
അബൂദബിയിലെ പ്രധാന ഷോപ്പിങ് മാളുകളിലെല്ലാം ഞായറാഴ്ച ഉച്ച മുതല്‍ തന്നെ അത്യാവശ്യം തിരക്ക് അനുഭവപ്പെട്ടിരുന്നു. രാത്രിയോടെ വസ്ത്രങ്ങളും സാധനങ്ങളും വാങ്ങാനത്തെിയവരുടെ എണ്ണം കൂടി വന്നു. മിനയിലെയും മദീനാ സായിദിലെയും മാര്‍ക്കറ്റുകളിലും നിരവധി പേര്‍ എത്തി. പഴവര്‍ഗങ്ങളും മല്‍സ്യവും മാംസവും എല്ലാം വാങ്ങുന്നതിനാണ് എത്തിയത്.
സ്കൂള്‍ അവധിയും മറ്റും നിമിത്തം നിരവധി പ്രവാസി കുടുംബങ്ങള്‍ നാട്ടിലേക്ക് പോയെങ്കിലും പൊലിമ കുറക്കാതെയുള്ള ആഘോഷമാണ് നടക്കുന്നത്. പ്രവാസി കുടുംബങ്ങളില്‍ മൈലാഞ്ചിയിടലും പെരുന്നാള്‍ ദിവസത്തെ ഭക്ഷണ ഒരുക്കങ്ങളുമാണ് പ്രധാനമായും പെരുന്നാള്‍ രാവില്‍ നടന്നത്. ബാച്ചിലര്‍ റൂമുകളും ആഘോഷപ്പൊലിമയായിരുന്നു. പെരുന്നാള്‍ അവധി ദിവസങ്ങളില്‍ വിനോദ യാത്രകള്‍ ആസൂത്രണം ചെയ്യുന്ന തിരക്കിലായിരുന്നു പലരും.
പെരുന്നാള്‍ ദിവസങ്ങളില്‍ പ്രവാസി സംഘടനകളുടെ നേതൃത്വത്തില്‍ വിവിധ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. നാട്ടില്‍ നിന്നുള്ള കലാകാരന്‍മാരെ ഉള്‍പ്പെടുത്തിയുള്ള പരിപാടികള്‍ അടക്കം നടക്കുന്നുണ്ട്.
ഷാര്‍ജ: റമദാനില്‍ നിന്ന് പെരുന്നാളിലേക്കുള്ള ദൂരം അവസാനിച്ചുവെന്ന് അറിയിപ്പ് ലഭിച്ചതോടെ ഷാര്‍ജയിലെ കച്ചവട കേന്ദ്രങ്ങളില്‍ വന്‍ തിരക്ക് അനുഭവപെട്ടു. റോള, അല്‍ നഹ്ദ, ജുബൈല്‍, കല്‍ബ, ഖോര്‍ഫക്കാന്‍, ദൈദ്, മദാം, നിസ്വ, ഹിസന്‍ ദിബ്ബ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം വന്‍ജനകൂട്ടമാണ് പെരുന്നാള്‍ സന്തോഷം ആഘോഷമാക്കാന്‍ എത്തിയത്. അല്‍ ജുബൈല്‍ മാര്‍ക്കറ്റിലെ പഴം-പച്ചക്കറി, ഇറച്ചി, കാലിചന്ത, പക്ഷി ചന്ത, ബസ് സ്റ്റേഷന്‍, ബുഹൈറ കോര്‍ണീഷ് എന്നിവിടങ്ങളില്‍ തിരക്കോട് തിരക്കായിരുന്നു. ഷാര്‍ജ അല്‍ നഹ്ദയിലെ ലുലു, അന്‍സാര്‍ തുടങ്ങിയ കച്ചവട കേന്ദ്രങ്ങളില്‍ വസ്ത്രം വാങ്ങാനത്തെിയവരുടെ നീണ്ട നിര പാതിരാവിലും കുറഞ്ഞില്ല.
സലൂണുകളിലെ ഇരിപ്പിടങ്ങള്‍ ഒഴിയാന്‍ ആളുകള്‍ കാത്ത് നിന്നു. ഗതാഗത കുരുക്ക് കാരണം ദുബൈയിലെ സത്വയിലെ റോഡുകളിലൂടെ പാതിരാവിലും വാഹനങ്ങള്‍ മുടന്തിയാണ് നീങ്ങിയത്. ജുമൈറയിലെ തുറന്ന ബീച്ചിന്റെ പരിസരത്തേക്ക് വാഹനങ്ങള്‍ക്ക് അടുക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു.
https://www.facebook.com/Malayalivartha