ഇരട്ട പൗരത്വത്തിനെതിരെ കുവൈത്ത് സര്‍ക്കാര്‍ നടപടി ശക്തമാക്കുന്നു

നാലരലക്ഷത്തോളം കുവൈത്തികള്‍ക്ക് സൗദി പാസ്‌പോര്‍ട്ട് ഉള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇരട്ടപൗരത്വത്തിനെതിരെ കുവൈത്ത് സര്‍ക്കാര്‍ നടപടി ശക്തമാക്കുന്നു. പൗരത്വ നിയമം കര്‍ശനമാക്കുന്നതിന്റെ ഭാഗമായി സൗദി അധികൃതരുമായി ചേര്‍ന്ന് ഇരട്ട പൗരത്വം ഉള്ളവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ നടപടി ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. കുവൈത്ത് നിയമമനുസരിച്ച് ഇരട്ട പൗരത്വം പ്രോത്സാഹിപ്പിക്കില്ലെന്നാണ് കുവൈത്ത് സര്‍ക്കാര്‍ വ്യക്തമാക്കിയത്.
432000 ആളുകള്‍ ഒരേസമയം സൗദിയുടെയും കുവൈറ്റിന്റെയും പാസ്‌പോര്‍ട്ടുകള്‍ കൈവശം വയ്ക്കുന്നതായി സര്‍ക്കാരിന് ബോധ്യമായതായി അധികൃതര്‍ അറിയിച്ചു. കുവൈറ്റ് പ്രദേശിക പത്രമാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തത്. ഇരട്ട പൗരത്വം ഉളളവരില്‍ നിന്ന് ഉടന്‍ തന്നെ പാസ്‌പോര്‍ട്ടുകള്‍ തിരിച്ചു വാങ്ങിക്കുമെന്നും ഏതെങ്കിലും ഒരു പൗരത്വം തെരഞ്ഞെടുക്കാന്‍ നിര്‍ദേശം നല്‍കുമെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ സര്‍ക്കാര്‍ ഈ കാര്യം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചു കൊണ്ടുളള റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കുവൈത്തിലെ ഒരു ലക്ഷത്തിലധികം വരുന്ന ബിദുനികള്‍ തങ്ങള്‍ക്ക് പൗരത്വം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കാലങ്ങളായി സമരം നടത്തി വരികയാണ്.
1959 ലെ പൗരത്വ നിയമം പൗരത്വ ലബ്ദിയ്ക്ക് അനുശാസിക്കുന്ന കര്‍ശ വ്യവസ്ഥകള്‍ പാലിക്കപ്പെടാത്താണ് ബിദുനികള്‍ക്ക് പൗരത്വം അനുവദിക്കാതിരിക്കാന്‍ സര്‍ക്കാര്‍ കാരണമായി പറയുന്നത്. ഈ സാഹചര്യത്തില്‍ സ്വദേശികളുടെ ഇരട്ട പൗരത്വത്തെ പാര്‍ലമെന്റ് അംഗങ്ങള്‍ ചോദ്യം ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് പൗരത്വ നിയമം കര്‍ക്കശമാക്കാന്‍ കുവൈത്ത് ആലോചിക്കുന്നത്. രണ്ട് വര്‍ഷം മുന്‍പ് പാസാക്കിയ ഭേദഗതി പ്രകാരം 21 വയസ് പൂര്‍ത്തിയായ പൗരത്വരഹിതര്‍ക്ക് സ്വന്തം സ്‌പോണര്‍ഷിപ്പില്‍ 21വയസിന് താഴെയുളളവര്‍ക്ക് രക്ഷിതാക്കളുടെ സ്‌പോണര്‍ഷിപ്പിലും അഞ്ച് വര്‍ഷത്തെ സൗജന്യ താമസഅനുമതിയും ആനുകുല്യങ്ങളും അനുവദിച്ചു വരുന്നുണ്ട്.
https://www.facebook.com/Malayalivartha