ഈദ് ആഘോഷങ്ങളെല്ലാം കഴിഞ്ഞ് ജനം വീണ്ടും തിരക്കുകളിലേക്ക്

ഈദ് ആഘോഷങ്ങളെല്ലാം കഴിഞ്ഞ് ദുബായ് നഗരം വീണ്ടും പഴയനിലയിലേക്ക് മടങ്ങുന്നു. ഒരു മാസത്തെ റംസാന്‍ വ്രതാനുഷ്ഠാനത്തിന്റെയും തുടര്‍ന്നുവന്ന ചെറിയ പെരുന്നാളിന്റെയും തിരക്കുകളിലായിരുന്നു ഇതുവരെ എല്ലാവരും.
ഗവണ്‍മെന്റ്, പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം ഒമ്പത് ദിവസത്തിനുശേഷം ഞായറാഴ്ച മുതല്‍ പ്രവര്‍ത്തനക്ഷമമായി. അതിന്റെ തിരക്കുകള്‍ അതിരാവിലെ തന്നെ റോഡുകളില്‍ അനുഭവപ്പെട്ടിരുന്നു. സ്വകാര്യമേഖലയിലെ സ്ഥാപനങ്ങള്‍ക്ക് അവധി കുറവായിരുന്നുവെങ്കിലും പൊതുവേ രാജ്യം ശനിയാഴ്ച വരെ അവധികളുടെയും ആഘോഷത്തിന്റെ ആലസ്യത്തിലും ഉന്മാദത്തിലുമായിരുന്നു. റംസാന്‍ നാളുകളില്‍ മിക്ക ഓഫീസുകളും രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് രണ്ട് മണിവരെയോ മൂന്ന് മണിവരെയോ ആയിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ഞായറാഴ്ചയോടെ ഓഫീസുകളും പൂര്‍വസ്ഥിതിയിലേക്ക് മടങ്ങി.
ഈദ് ഇന്‍ ദുബായ് എന്ന ആഘോഷങ്ങളുടെ നിറവിലായിരുന്നു ഇതുവരെ ദുബായ് നഗരം. അബുദാബിയിലും പെരുന്നാളിനോടനുബന്ധിച്ച് നിരവധി ആഘോഷങ്ങള്‍ അരങ്ങേറി. ഈദ് ആഘോഷങ്ങളുടെ ആവേശം കഴിയും മുമ്പ് തന്നെ ദുബായ് പുതിയ ഉത്സവത്തിലേക്ക് നീങ്ങിക്കഴിഞ്ഞു. ദുബായ് സമ്മര്‍ സര്‍പ്രൈസ് എന്നറിയപ്പെടുന്ന ദുബായ് വേനല്‍ വിസ്മയത്തിലെ ആഘോഷങ്ങള്‍ ഒരാഴ്ച നീളും. വേനലിലും സഞ്ചാരികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ദുബായ് പരിപാടികള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. പ്രധാന ഷോപ്പിങ് മാളുകള്‍ കേന്ദ്രീകരിച്ചുള്ള കലാപരിപാടികളാണ് പ്രധാനം. എന്നാല്‍, സഞ്ചാരികളെ ലക്ഷ്യമിട്ട് ഷോപ്പിങ്ങിനെത്തുന്നവര്‍ക്കായി നിരവധി സമ്മാന പദ്ധതികളാണ് ഇതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഈദ് ആഘോഷങ്ങള്‍ പ്രമാണിച്ച് ഷോപ്പിങ് മാളുകളില്‍ നിരവധി കലാപ്രകടനങ്ങളാണ് അരങ്ങേറിയത്. എന്നാല്‍, അതിലേറെ ജനങ്ങള്‍ വിവിധ പാര്‍ക്കുകളിലും ബീച്ചുകളിലും അവധികള്‍ ആഘോഷിച്ചു. രാജ്യത്തിന്റെ വടക്കന്‍ എമിറേറ്റുകളിലേക്ക് വിനോദയാത്ര പോയവരും നിരവധിയായിരുന്നു. സ്‌കൂളുകള്‍ക്ക് വേനലവധിയായതിനാല്‍ ആയിരക്കണക്കിന് മലയാളി കുടുംബങ്ങള്‍ ഇപ്പോള്‍ നാട്ടിലാണ്. നാട്ടിലേക്കുള്ള യാത്ര തരപ്പെടാത്തവരും ഉയര്‍ന്ന വിമാനടിക്കറ്റ് നിരക്ക് കണ്ട് പിന്നോട്ടടിച്ചവരുമെല്ലാം കൂട്ടമായി അവധിദിനങ്ങളില്‍ ഉല്ലാസയാത്രകളിലായിരുന്നു. എല്ലാവരും ആഘോഷങ്ങള്‍ക്ക് വിരാമമിട്ട് വീണ്ടും ജീവിതത്തിന്റെ തിരക്കുകളിലേക്ക്, പഴയതു പോലെ സമയവുമായുള്ള പന്തയങ്ങളിലേക്കുള്ള യാത്ര തുടങ്ങി.
https://www.facebook.com/Malayalivartha