വോഗ് ഫാഷന്‍ഷോ വീണ്ടും ദുബായില്‍

ലോകപ്രശസ്ത ഫാഷന്‍ മാഗസിനായ വോഗ് ഇറ്റാലിയയുടെ നേതൃത്വത്തിലുള്ള വോഗ് ഫാഷന്‍ഷോ രണ്ടാംവര്‍ഷവും ദുബായിലെത്തുന്നു. ദുബായ് മാളില്‍ നടക്കുന്ന പരിപാടിയില്‍ ലോകത്തിലെ ഏറ്റവും പ്രശസ്തരായ മോഡലുകള്‍ അണിനിരക്കും. ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ ഒന്നുവരെയാണ് പരിപാടികള്‍. മധ്യപൂര്‍വേഷ്യയിലെ ഏറ്റവും വലിയ ഫാഷന്‍മേള എന്ന വിശേഷണമുള്ള ഈ പരിപാടിയില്‍ ഇന്ത്യയില്‍നിന്നുള്ള ഡിസൈനര്‍മാരും അണിനിരക്കുന്നുണ്ട്.
കഴിഞ്ഞവര്‍ഷം ദുബായ് മാളില്‍ നടത്തിയ പരിപാടിയുടെ വിജയത്തെത്തുടര്‍ന്നാണ് ദുബായ് മാളിന്റെ പ്രമോട്ടര്‍മാരായ ഇമ്മാര്‍ രണ്ടാംവര്‍ഷവും പരിപാടി ഒരുക്കുന്നത്. വോഗ് ഇറ്റാലിയ തിരഞ്ഞെടുത്ത എട്ട് പ്രശസ്ത അന്താരാഷ്ട്ര ഡിസൈനര്‍മാര്‍ അവരുടെ ഡിസൈനുകള്‍ പ്രദര്‍ശിപ്പിക്കും. ലോകവ്യാപകമായി നടത്തിയ തിരഞ്ഞെടുപ്പിലൂടെ കണ്ടെത്തിയ 20 പുതിയ ഡിസൈനര്‍മാര്‍ ചേര്‍ന്ന് ദുബായിലെ അര്‍മാനി ഹോട്ടലില്‍ നടക്കുന്ന \' ഇന്റര്‍നാഷണല്‍ ടാലന്റ്‌സ് ഷോ കേയ്‌സ്\' എന്ന പരിപാടിയില്‍ അവരുടെ ഡിസൈനുകള്‍ ലോകത്തിനുമുന്നില്‍ അവതരിപ്പിക്കും. പ്രശസ്തരായ എട്ട് ഡിസൈനര്‍മാരുടെ ഫാഷന്‍വിസ്മയങ്ങള്‍ ദുബായ് മാളില്‍ തയ്യാറാക്കിയ റാംപിലായിരിക്കും എത്തുന്നത്.
വോഗ് ഇറ്റാലിയ നിര്‍ദേശിച്ച എട്ട് അന്താരാഷ്ട്ര ഡിസൈനര്‍മാരില്‍ ഇന്ത്യയില്‍ നിന്നുള്ള ഹേമാ കൗള്‍ ഉള്‍പ്പെടുന്നു. പുതിയ 20 ഡിസൈനര്‍മാരില്‍ ഇന്ത്യയില്‍നിന്നുള്ള ടീനാ സൂത്രധാര്‍, നികിത സൂത്രധാര്‍ എന്നിവരുമുണ്ട്. പരിപാടിയോടനുബന്ധിച്ച് ഫാഷന്‍ഡിസൈനിങ്ങുമായി ബന്ധപ്പെട്ട നിരവധി ശില്‍പ്പശാലകളും സംഘടിപ്പിക്കുന്നുണ്ട്.
ലോകത്തിലെ ഫാഷന്‍കേന്ദ്രങ്ങളുടെ നിരയിലേക്ക് കഴിഞ്ഞവര്‍ഷത്തെ പരിപാടിയോടെ ദുബായിയും എത്തിക്കഴിഞ്ഞുവെന്ന് ഇമ്മാര്‍ പ്രോപ്പര്‍ട്ടീസ് സി.ഇ.ഒ അബ്ദുള്ള ലാഹജ് പറഞ്ഞു. ഫാഷന്‍ ആസ്ഥാനമായി ദുബായ് വളരുന്നതിന്റെ ഭാഗമായാണ് രണ്ടാമത് മേളയ്ക്കും ദുബായ് മാള്‍ വേദിയൊരുക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
https://www.facebook.com/Malayalivartha