ദുബായ് ട്രാം നവംബര്‍ 11 ന് ഓടിത്തുടങ്ങും

ദുബായിലെ പൊതുഗതാഗത രംഗത്തെ പുതിയ സംരംഭമായ ദുബായ് ട്രാം നവംബര്‍ 11 മുതല്‍ ഓടിത്തുടങ്ങും.ഏതാനും മാസങ്ങളായി നടക്കുന്ന പരീക്ഷണ ഓട്ടങ്ങള്‍ വിജയകരമായി നടക്കാനായതിന്റെ ആവേശത്തിലാണ് ട്രാമിന്റെ ഉദ്ഘാടനം പ്രഖ്യാപിച്ചത്. അടിഭാഗത്ത് നിന്നുള്ള വൈദ്യുതോര്‍ജത്തിന്റെ സഹായത്തോടെ ഓടുന്ന ട്രാം ഇത്തരത്തില്‍ യൂറോപ്പിന് പുറത്തുള്ള ആദ്യ സംരംഭമാണ്.
അല്‍ സുഫയിലെ പരീക്ഷണ ഓട്ടത്തിലാണ് ശൈഖ് മുഹമ്മദും സംഘവും സംബന്ധിച്ചത്.
ട്രാം ഡിപ്പോയും അദ്ദേഹം സന്ദര്‍ശിച്ചു. ആര്‍.ടി.എ. ചെയര്‍മാന്‍ മത്തര്‍ അല്‍ തായര്‍ അദ്ദേഹത്തിന് ട്രാമിന്റെ കാര്യങ്ങള്‍ വിശദീകരിച്ചു കൊടുത്തു.
ദുബായ് മറീന മുതല്‍ ദുബായ് പോലീസ് അക്കാദമിക്ക് അടുത്തുള്ള ട്രാം ഡിപ്പോ വരെ നീളുന്ന 10.6 കിലോമീറ്റര്‍ ദൂരത്തിലാണ് ട്രാമിന്റെ ആദ്യഘട്ടം പണി പൂര്‍ത്തിയായിട്ടുള്ളത്. 11 ട്രാമുകള്‍ സര്‍വീസ് നടത്തും. യാത്രക്കാര്‍ക്കായി 17 സ്‌റ്റേഷനുകളാണ് സജ്ജമാക്കുന്നത്. ഒരു ട്രാമില്‍ 405 പേര്‍ക്ക് ഇരുന്ന് യാത്രചെയ്യാം.
ഒരു ദിവസം 27,000 യാത്രക്കാരെയാണ് തുടക്കത്തില്‍ ട്രാമില്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ 2020 ആവുമ്പോഴേക്കും യാത്രക്കാരുടെ എണ്ണം ദിവസം 66,000 ആയി ഉയരുമെന്നാണ് കണക്കാക്കുന്നത്.
ഓരോ ട്രാമിലും ഏഴ് കോച്ചുകള്‍ വീതം ഉണ്ടാവും. ഇപ്പോള്‍ മെട്രോയിലും ബസ്സുകളിലും ഉപയോഗിക്കാവുന്ന ആര്‍.ടി.എയുടെ നോല്‍ കാര്‍ഡ് ഉപയോഗിച്ച് തന്നെ ട്രാമിലും യാത്ര ചെയ്യാം. ഗോള്‍ഡ് കാര്‍ഡുകാര്‍ക്കും സ്ത്രീകള്‍ക്കുമായി ഓരോ കോച്ച് ഉണ്ടായിരിക്കും. ദുബായ് മോട്രോ സര്‍വീസ് നടത്തുന്ന സെര്‍കോ എന്ന കമ്പനി തന്നെയാവും ട്രാമിന്റെ പ്രവര്‍ത്തനവും നിയന്ത്രിക്കുന്നത്.
ദുബായിലെ പ്രധാന ജനവാസ കേന്ദ്രങ്ങളെയും ടൂറിസ്റ്റ് കേന്ദ്രങ്ങളെയും സ്പര്‍ശിച്ചുകൊണ്ടാണ് ട്രാം ഓടുന്നത്. ദുബായ് മറീന, ഇന്റര്‍നെറ്റ് സിറ്റി, മീഡിയാ സിറ്റി, നോളജ് വില്ലേജ്, നിരവധി ആഡംബര ഹോട്ടലുകള്‍ എന്നിവ ട്രാം ട്രാക്കിനടുത്താണ്. വഴിയാത്രക്കാര്‍ക്ക് ട്രാക്ക് മുറിച്ചുകടക്കാനായി നാല് ശീതീകരിച്ച നടപ്പാലങ്ങളും സജ്ജമായിട്ടുണ്ട്.
ചില സ്ഥലങ്ങളില്‍ ദുബായ് മെട്രോയുമായും പാം ജുമൈറിയ മോണോറെയിലുമായും ട്രാം സര്‍വീസ് ബന്ധപ്പെടുന്നുണ്ട്. ഈ രണ്ട് സംവിധാനങ്ങളിലുടെയും എത്തുന്നവര്‍ക്ക് ട്രാമില്‍ കയറാന്‍ ഇതുവഴി സാധിക്കും. രണ്ടാംഘട്ട വികസന പദ്ധതിയില്‍ കൂടുതല്‍ ട്രാമുകള്‍ ഓടിത്തുടങ്ങും. മൊത്തം 25 ട്രാമുകള്‍ ഓടിക്കാനാണ് ആര്‍.ടി.എയുടെ ലക്ഷ്യം.
https://www.facebook.com/Malayalivartha