ബാഗെടുക്കാൻ മറന്നില്ല പക്ഷെ സ്വന്തം മകളെ എടുക്കാൻ മറന്നു; മൂന്നുവയസ്സുകാരിക്ക് തുണയായത് എയർപോർട്ട് പോലീസ്

ദുബായ്: എയർപോർട്ടിൽ ബാഗുകൾ വച്ച് മറന്നു പോകുന്നത് സ്വാഭാവികമായ ഒന്നാണ് ആർക്കും സംഭവിക്കാം എന്നാൽ ഇവിടെ സംഭവിച്ചതെന്നാണെന്നു കേട്ടാൽ ഏവരും ഒന്ന് അമ്പരക്കും. എന്താണെന്നല്ലേ?...മൂന്നുവയസ്സുകാരി മകളെയാണ് നാട്ടില്‍ നിന്ന് വിമാനത്താവളത്തിലെത്തിയ ഏഷ്യന്‍ കുടുംബം കൂടെ കൂട്ടാന്‍ മറന്നു പോയത്. കുട്ടിയുടെ മാതാപിതാക്കളടങ്ങുന്ന കുടുംബമാവട്ടെ ഒന്നും ശ്രദ്ധിക്കാതെ അല്‍ ഐനിലെ താമസ സ്ഥലത്തേക്ക് ടാക്സി വിളിച്ച് പോവുകയും ചെയ്തു. കുടുംബം വീട്ടിലെത്താറായിട്ടു പോലും മകള്‍ കൂടെയില്ലാത്തത് ആരും ശ്രദ്ധിച്ചില്ലെന്നതാണ് ഏറെ അത്ഭുതരമായത്.
മകള്‍ ദുബയ് വിമാനത്താവളത്തിലുണ്ടെന്ന് അറിയിക്കാന്‍ എയര്‍പോര്‍ട്ട് പോലിസിന്റെ ഫോണ്‍ വിളി വന്നപ്പോഴാണ് പിതാവിന് മകള്‍ കൂടെയില്ലെന്ന കാര്യം ഓർമ്മവന്നതെന്നു പോലിസ് പറഞ്ഞു. മകള്‍ വിമാനത്താവളത്തിലുണ്ടെന്ന് പോലിസ് പറഞ്ഞപ്പോള്‍ ഇയാള്‍ ശരിക്കും നടുങ്ങി. മകളെ കൂടെ കൊണ്ടുപോവാന്‍ മറന്നുവെന്നതിനേക്കാള്‍ വിസ്മയകരം അല്‍ ഐനില്‍ എത്താറായിട്ടും വിവരം ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല എന്നതാണെന്ന് ദുബായ് പോലിസിന്റെ എയര്‍പോര്‍ട്ട് സുരക്ഷാ വിഭാഗം ഡയറക്ടർ ബ്രിഗേഡിയര്‍ അലി അതീഖ് ബിന്‍ ലാഹിജ് പറഞ്ഞു.
ദുബായ് വിമാനത്താവളത്തിലെ രണ്ടാം നമ്പർ ടെര്‍മിനലിലാണ് തനിച്ചായ മൂന്നുവയസ്സുകാരിയെ പോലിസ് കണ്ടെത്തിയത്. തുടര്‍ന്ന് സുരക്ഷാ ക്യാമറകൾ പരിശോധിച്ച് കുട്ടി ആരുടെ കൂടെയായിരുന്നുവെന്ന് കണ്ടെത്തി. അങ്ങനെയാണ് പിതാവിന്റെ നമ്പർ സംഘടിപ്പിച്ച് വിളിച്ചത്- ബ്രിഗേഡിയര്‍ അലി അതീഖ് പറഞ്ഞു. കൂടെ ഒരുപാടു പേരുണ്ടായതിനാല്‍ രണ്ടു വാഹനത്തിലായാണ് തങ്ങള്‍ അല്‍ ഐനിലേക്ക് തിരിച്ചതെന്നും രണ്ടാമത്തെ വാഹനത്തിലാണ് മകള്‍ ഉള്ളത് എന്ന ധാരണയിലാണ് താനെന്നും പിതാവ് പോലിസിനോട് പറഞ്ഞു.
വിവരമറഞ്ഞ് അല്‍ ഐനില്‍ നിന്ന് പിതാവ് വിമാനത്താവളത്തിലെത്തുമ്പോഴേക്കും മൂന്നു മണിക്കൂര്‍ പിന്നിട്ടിരുന്നു. കുട്ടിയെ തങ്ങള്‍ ആശ്വസിപ്പിച്ച് നിര്‍ത്തുകയായിരുന്നുവെന്നും പിതാവിനെ കണ്ടപ്പോഴാണ് അവര്‍ ശരിക്കും സന്തോഷിച്ചതെന്നും പോലിസുകാര്‍ പറഞ്ഞു. നാട്ടില്‍ നിന്ന് തിരിച്ചെത്തിയപ്പോഴാണ് സംഭവമെന്നതിനാല്‍ വലിയ പ്രശ്നമായില്ലെന്നും നാട്ടിലേക്ക് പോകുംവഴിയാണ് ഇത് സംഭവിച്ചതെങ്കില്‍ കുഴപ്പമായേനെയെന്നും അവര്‍ അഭിപ്രായപ്പെട്ടു.
https://www.facebook.com/Malayalivartha

























