മുവാസലാത്ത് ടാക്‌സി സേവനങ്ങളുടെ നിരക്കുകള്‍ പരിഷ്‌കരിച്ചു വാണിജ്യ കേന്ദ്രങ്ങളില്‍നിന്നുള്ള സര്‍വിസുകളുടെയും ഓണ്‍കാള്‍ സേവനത്തിന്റെയും പുതിയ നിരക്കുകള്‍ ഫെബ്രുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍

മുവാസലാത്ത് ടാക്‌സി സേവനങ്ങളുടെ നിരക്കുകള്‍ പരിഷ്‌കരിച്ചു. വാണിജ്യ കേന്ദ്രങ്ങളില്‍നിന്നുള്ള സര്‍വിസുകളുടെയും ഓണ്‍കാള്‍ സേവനത്തിന്റെയും പുതിയ നിരക്കുകള്‍ ഫെബ്രുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് മുവാസലാത്ത് അധികൃതര്‍ അറിയിച്ചു. ചെറിയ കുറവ് കിലോമീറ്റര്‍ നിരക്കുകളില്‍ വരുത്തിയതിനൊപ്പം ഓണ്‍കാള്‍ സേവനങ്ങള്‍ക്ക് ബുക്കിങ് നിരക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരില്‍നിന്നുള്ള അഭിപ്രായസ്വരൂപണം കണക്കിലെടുത്താണ് നിരക്കുകളിലെ പരിഷ്‌കരണമെന്ന് അധികൃതര്‍ അറിയിച്ചു.
പ്രവൃത്തിദിവസങ്ങളില്‍ പകല്‍സമയങ്ങളില്‍ ഒരു റിയാലില്‍നിന്നാകും രണ്ടു വിഭാഗത്തിലും മീറ്റര്‍ നിരക്ക് തുടങ്ങുക. ഓണ്‍ കാള്‍ സേവനത്തിന് 500 ബൈസ ബുക്കിങ് നിരക്ക് നല്‍കേണ്ടി വരും. 30 കിലോമീറ്റര്‍ വരെ കിലോമീറ്ററിന് 200 ബൈസ എന്ന തോതിലാണ് നല്‍കേണ്ടത്. അതിന് മുകളിലുള്ള ഓരോ കിലോമീറ്ററിനും 150 ബൈസ വീതമാണ് നിരക്ക്.
പുലര്‍ച്ചെ ആറുമുതല്‍ രാത്രി 10 വരെയാണ് ഈ നിരക്കുകള്‍ ബാധകം. പുലര്‍ച്ചെ ആറുവരെയുള്ള രാത്രി സര്‍വിസുകള്‍ക്ക് 1.300 റിയാല്‍ മുതലാണ് നിരക്കുകള്‍ ആരംഭിക്കുക. ഓണ്‍ കാള്‍ സേവനങ്ങള്‍ക്ക് 500 ബൈസ ബുക്കിങ് നിരക്ക് നല്‍കണം. കിലോമീറ്റര്‍ നിരക്കുകള്‍ പകല്‍സമയത്തേത് തന്നെയാണ്. അഞ്ചിലധികം യാത്രക്കാര്‍ കയറുന്ന മിനി വാനിന് ഒന്നര റിയാല്‍ മുതലാണ് നിരക്കുകള്‍ ആരംഭിക്കുക. വെയ്റ്റിങ് ചാര്‍ജാകട്ടെ മിനിറ്റിന് 50 ബൈസ എന്ന തോതിലുമായിരിക്കും.
കഴിഞ്ഞ ഡിസംബര്‍ 12 മുതലാണ് മുവാസലാത്ത് ടാക്‌സി സേവനം ആരംഭിച്ചത്. പ്രവൃത്തി ദിവസങ്ങളിലെ പകല്‍ സര്‍വിസുകള്‍ക്ക് മാളുകളില്‍നിന്ന് ഒരു റിയാലും ഓണ്‍ കാള്‍ സേവനങ്ങള്‍ക്ക് 1.2 റിയാലും മുതലാണ് നിലവില്‍ ഈടാക്കുന്നത്. ഓരോ കിലോമീറ്ററിനും 300 ബൈസ വീതവും നല്‍കണം. മാളുകളില്‍ നിന്നുള്ള രാത്രി സര്‍വിസിന്റെ നിരക്കുകള്‍ 1.3 റിയാലിലും ഓണ്‍കാള്‍ സേവനങ്ങള്‍ ഒന്നര റിയാല്‍ മുതലുമാണ് ഇപ്പോള്‍ ആരംഭിക്കുന്നത്.
കിലോമീറ്ററിന് 350 ബൈസയും നല്‍കണം. മുവാസലാത്തിന് ഒപ്പം മീറ്റര്‍ ടാക്‌സി സേവനത്തിന് ലൈസന്‍സ് ലഭിച്ച മര്‍ഹബയും ടാക്‌സി നിരക്കുകള്‍ ഡിസംബറില്‍ കുറച്ചിരുന്നു.
https://www.facebook.com/Malayalivartha

























