ഇനി മുതൽ തിരക്കുള്ള റോഡുകളിൽ " ടോൾ പിരിവ് " ; വാഹനങ്ങളുടെ എണ്ണം കുറയ്ക്കാനുള്ള പദ്ധതിയുമായി അബുദാബി

റോഡിലെ തിരക്ക് ക്രമാതീതമായി ഉയരുന്നതിനാൽ അബുദാബി ഭരണകൂടം പുതിയൊരു പദ്ധതിയുമായി രംഗത്തെത്തിരിക്കുകയാണ്. തിരക്കേറിയ റോഡുകളില്‍ വാഹനങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനായി ഇതുവഴി പോകുന്ന വാഹനങ്ങള്‍ക്ക് സാലിക്ക് എന്ന് അറബിയില്‍ പറയുന്ന ടോള്‍ പിരിക്കാനാണ് പദ്ധതി.
പദ്ധതി നടപ്പിലാക്കാന്‍ ഗതാഗത വകുപ്പിന് യുഎഇ പ്രസിഡന്റ് ശെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ നിര്‍ദ്ദേശം നല്‍കി. വാഹനത്തില്‍ ഘടിപ്പിക്കുന്ന ഇലക്‌ട്രോണിക് കാര്‍ഡുകള്‍ വഴി നികുതി ഈടാക്കാനാണ് നീക്കം. ഇതുവഴി കടന്നുപോകുന്ന വാഹനങ്ങളുടെ ഉടമകളുടെ ഇ-വാലറ്റില്‍ നിന്ന് പണം തനിയെ കുറയുന്ന രീതിയാണിത്.
ഏതൊക്കെ റോഡുകളിലാണ് ടോൾ സമ്പ്രദായം ഏർപ്പെടുത്തേണ്ടതെന്നും ഏതൊക്കെ സമയത്തിനിടയിൽ ടോൾ ഏർപ്പെടുത്തണം, നിരക്ക്, അതിനു വേണ്ട സാങ്കേതിക സംവിധാനങ്ങള്‍ എന്നതിനെക്കുറിച്ചുള്ള പഠനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.
റോഡ് ഉപയോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുകയും യാത്രാസമയം കുറയ്ക്കുന്നതിലൂടെ മികച്ച ബിസിനസ് അന്തരീക്ഷം സൃഷ്ടിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഗതാഗതവകുപ്പ് അണ്ടര്‍ സെക്രട്ടറി ഖലീഫ മുഹമ്മദ് അല്‍ മസ്റൂയി പറഞ്ഞു.
ആംബുലന്‍സുകള്‍, സായുധസേനാ-സിവില്‍ ഡിഫന്‍സ് വാഹനങ്ങള്‍, പൊതു ബസ്സുകള്‍, മോട്ടോര്‍ ബൈക്കുകള്‍ എന്നിവയെ ടോളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ടോള്‍ നല്‍കാതെ തട്ടിപ്പ് നടത്തിയാല്‍ 10,000 ദിര്‍ഹം വരെയയിരിക്കും പിഴ.
https://www.facebook.com/Malayalivartha

























