സ്ത്രീകള്‍ മാന്യമായ വസ്ത്രം ധരിച്ചാല്‍ മതി; അബായ അടിച്ചേല്‍പ്പിക്കേണ്ട ആവശ്യമില്ല! സൗദിയിൽ സ്ത്രീകളുടെ വസ്ത്രധാരണത്തിന് ഇളവ്

രാജ്യത്ത് അടിമുടി പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി സ്ത്രീകള്‍ക്ക് നിരവധി ഇളവുകള്‍ പ്രഖ്യാപിച്ച് സൗദി. സ്ത്രീകള്‍ പൊതുസ്ഥലങ്ങളില്‍ പര്‍ദ്ദ ധരിക്കണമെന്ന നിബന്ധന ഇനി മുതല്‍ ഉണ്ടാകില്ലെന്ന് മുതിര്‍ന്ന പണ്ഡിതരുടെ കൗണ്‍സിലിലെ അംഗമായ ഷെയ്ഖ് അബ്ദുള്ള അല്‍ മുത്ലഖ് വ്യക്തമാക്കി. 90 ശതമാനം മുസ്ലിം സ്ത്രീകളും പര്‍ദ്ദ ധരിക്കുന്നില്ല. അതിനാല്‍ പര്‍ദ്ദ ധരിക്കണമെന്ന് ഞങ്ങള്‍ ആരേയും നിര്‍ബന്ധിക്കില്ല, അദ്ദേഹം പറഞ്ഞു. നിലവിലെ നിയമപ്രകാരം സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് പുറത്തിറങ്ങണമെങ്കില്‍ ദേഹം മുഴുവന്‍ മൂടുന്ന വസ്ത്രം ധരിക്കണം. സൗദി സമൂഹത്തെ ആധുനികവല്‍ക്കരിക്കാനും സ്ത്രീകള്‍ക്കുള്ള നിയന്ത്രണത്തില്‍ ഇളവു നല്‍കാനുമുള്ള തീരുമാനത്തിന്റെ ഭാഗമായാണിത്.
അതേസമയം പണ്ഡിതന്റെ പ്രസ്താവനയോട് സമ്മിശ്ര പ്രതികരണങ്ങളാണ് ഉണ്ടാകുന്നത്. നിലവില്‍ പൊതുസ്ഥലത്ത് പര്‍ദ്ദ ധരിക്കാതെ എത്തുന്ന സ്ത്രീകളെ അന്യപുരുഷന്‍ കാണുന്നതിനെ സൗദി അറേബ്യ അംഗീകരിക്കുന്നില്ല. ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി വേറേയും പല തീരുമാനങ്ങളും സൗദി നടപ്പാക്കിയിരുന്നു. കായികമത്സരങ്ങള്‍ നടക്കുന്ന സ്റ്റേഡിയത്തില്‍ കയറാനുള്ള അനുവാദം ഈ വര്‍ഷം മുതല്‍ സ്ത്രീകള്‍ക്ക് നല്‍കിയിട്ടുണ്ട്. കൂടാതെ സിനിമയ്ക്കുണ്ടായിരുന്ന വിലക്കും, സ്ത്രീകള്‍ വാഹനം ഓടിക്കുന്നതിനുള്ള വിലക്കും നേരത്തേ സൗദി നീക്കം ചെയ്തിരുന്നു.
സൗദിയിലെ മുതിര്‍ന്ന പണ്ഡിതനായി കണക്കാക്കുന്ന വ്യക്തിയാണ് ശൈഖ് അബ്ദുല്ല. അദ്ദേഹം ഇത്തരത്തില്‍ അഭിപ്രായം പ്രകടിപ്പിച്ചത് സ്ത്രീകള്‍ക്ക് വസ്ത്ര ധാരണത്തില്‍ ഇളവ് ലഭിക്കാന്‍ പോകുന്നുവെന്ന സൂചനയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സൗദി കിരീടവകാശിയായി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അധികാരമേറ്റ ശേഷം രാജ്യത്ത് വ്യാപക പരിഷ്‌കാരങ്ങള്‍ നടപ്പാക്കി വരികയാണ്. സാമ്പത്തിക, സാമൂഹിക മേഖലകളിലെല്ലാം നിരവധി പരിഷ്‌കാരങ്ങള്‍ അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പുതിയ അഭിപ്രായവും പരിഗണിച്ചേക്കുമെന്നാണ് കണക്കാക്കുന്നത്.
സ്ത്രീകള്‍ക്ക് കായിക മല്‍സരങ്ങള്‍ നടക്കുന്ന ഇടങ്ങളില്‍ പുരുഷന്‍മാര്‍ക്കൊപ്പം സന്ദര്‍ശിക്കുന്നതിന് ഇളവ് നല്‍കിയിരുന്നു. ജൂണ്‍ മുതല്‍ സ്ത്രീകള്‍ക്ക് ലൈസന്‍സ് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. മാത്രമല്ല, ഹെവി വാഹനങ്ങള്‍ ഓടിക്കാനും സ്ത്രീകള്‍ക്ക് അനുമതി നല്‍കും. സ്ത്രീകള്‍ക്ക് റെസ്‌റ്റോറന്റുകളില്‍ ജോലി ചെയ്യാന്‍ അനുമതി നല്‍കാനും ആലോചനയുണ്ട്. വളരെ വേഗത്തിലാണ് സൗദിയില്‍ പുതിയ മാറ്റങ്ങള്‍ പ്രഖ്യാപിക്കുന്നത്. സര്‍ക്കാര്‍-സ്വകാര്യ മേഖലകളിലെ ജോലികളില്‍ സ്ത്രീകളെ കൂടുതല്‍ നിയമിക്കുന്നതിനും നടപടികള്‍ തുടങ്ങിയിട്ടുണ്ട്.
സ്വദേശി വല്‍ക്കരണത്തിന് പിന്നാലെയാണ് സ്ത്രീകളെ മുന്‍നിരയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. സൗദിയില്‍ സ്ത്രീകള്‍ ജോലിക്ക് പോകാറുണ്ട്. എന്നാല്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കിയുള്ള നീക്കങ്ങളാണിപ്പോള്‍ നടപ്പാക്കുന്നത്. കാരണം രാജ്യത്ത് തൊഴിലില്ലായ്മ വര്‍ധിച്ചുവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
https://www.facebook.com/Malayalivartha

























