മുന്‍ഭാര്യയെ ആസിഡൊഴിച്ച് കൊല്ലാന്‍ ശ്രമം; ദാരുണ കൃത്യത്തിൽ ദയവു നൽകാതെ 44 കാരനു കടുത്ത ശിക്ഷയുമായി ദുബായ് കോടതി

മുന്‍ഭാര്യയെ ആസിഡൊഴിച്ച് കൊല്ലാന്‍ ശ്രമിച്ച യുഎഇ പൗരനെ 15 വര്‍ഷം തടവിനും 21,000 ദിര്‍ഹം പിഴയ്ക്കും ദുബായ് കോടതി ശിക്ഷിച്ചു. 2015 സെപ്റ്റംബറിൽ നടന്ന സംഭവത്തിലാണ് കോടതി ഇപ്പോൾ ശിക്ഷ വിധിച്ചിരിക്കുന്നത്.
മുന്‍ഭാര്യ ജോലി ചെയ്യുന്ന ക്ലിനിക്കിലെത്തി 44 കാരനായ മുന്‍ഭര്‍ത്താവ് യുവതിയുടെ മുഖത്തും ശരീരത്തിലും സള്‍ഫ്യൂരിക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. ക്ലിനിക്കിൽ അതിക്രമിച്ചു കയറി വാതിൽ അകത്തു നിന്ന് പൂട്ടിയ ശേഷമായിരുന്നു പ്രതിയുടെ അതിക്രമം. ശരീരത്തില്‍ 80 ശതമാനം സ്ഥലത്തും പൊള്ളലേറ്റ യുവതിയുടെ നിലവിളി കേട്ടു ഓടിയെത്തിയവർ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാനായതിനാൽ യുവതിയെ മരണത്തിൽ നിന്നും രക്ഷിക്കാൻ കഴിഞ്ഞു.
15 വര്‍ഷം തന്നോടൊപ്പം ജീവിച്ച ഭാര്യയെ കൊല്ലണമെന്ന് തനിക്ക് ഉദ്ദേശ്യമുണ്ടായിരുന്നില്ലെന്നും തന്റെ അഞ്ച് മക്കളുടെ മാതാവ് കൂടിയായ അവരെ ഇനി ഉപദ്രവിക്കില്ലെന്നും ഇയാള്‍ പറഞ്ഞു. നിയമ വിധേയമായല്ലാതെ മുന്‍ ഭാര്യയുടെയോ മക്കളുടെയോ അടുത്തേക്ക് പോലും പോവില്ലെന്നും ഇയാള്‍ പറഞ്ഞു നോക്കിയെങ്കിലും കോടതി ശിക്ഷ കടുപ്പിക്കുകയായിരുന്നു.
സ്ത്രീയെ വധിക്കാന്‍ മന:പൂര്‍വം പദ്ധതി ആസൂത്രണം ചെയ്തുവെന്നതാണ് ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി പ്രതിക്കെതിരേ ചുമത്തിയ കുറ്റം. എന്നാല്‍ തനിക്ക് അബദ്ധം പറ്റിയതാണെന്നും ചെയ്തുപോയ തെറ്റില്‍ പശ്ചാത്തപിക്കുന്നതായും ഇയാള്‍ കോടതിയെ അറിയിച്ചു.
https://www.facebook.com/Malayalivartha

























