ദുബായിയില്‍ ബസ് യാത്രക്കാരുടെ എണ്ണത്തില്‍ 42 ശതമാനം വര്‍ദ്ധനവ്

ദുബായിയില്‍ പബ്ലിക് ബസ് യാത്രക്കാരുടെ എണ്ണം കുത്തനെ കൂടിയതായി റിപ്പോര്‍ട്ട്. 2014 ആദ്യപാദത്തിലെ കണക്കുപ്രകാരം 42.6 ശതമാനം വര്‍ധന രേഖപ്പെടുത്തിയതായി റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കുന്നു. 2013-ല്‍ ഇതേ കാലയളവില്‍ 39.3 ശതമാനം വര്‍ധനയായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ബസ് സര്‍വീസുകള്‍ കൂടുതല്‍ കൃത്യതയോടെ സമയക്രമം പാലിക്കുന്നതാണ് കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാനുള്ള പ്രധാന കാരണമെന്ന് പ്ലാനിങ് ആന്‍ഡ് ബിസിനസ് ഡെവലപ്പ്‌മെന്റ് ഡയറക്ടര്‍ ഈസ ആല്‍ ഹാഷിമി വ്യക്തമാക്കി.
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് സത്വയിലേക്കുള്ള \'സി-01\' എമിറേറ്റിലെ ഏറ്റവും തിരക്കേറിയ ബസ് റൂട്ട് ആണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. ടെര്‍മിനല്‍ മൂന്നില്‍ നിന്ന് തുടങ്ങി സത്വ ബസ് സ്റ്റേഷന്‍ വരെയുള്ള റൂട്ടില്‍ ജൂലായില്‍ മാത്രം 5,80,000 പേരാണ് യാത്ര ചെയ്തത്. നിലവില്‍ 107 ബസ് റൂട്ടുകളാണ് ദുബായിയിലുള്ളത്. ലോക്കല്‍ റൂട്ടുകള്‍ക്ക് പുറമെ, മെട്രോ ഫീഡര്‍ ബസ്സുകളും ഇന്റര്‍സിറ്റി റൂട്ടുകളും എക്‌സ് പ്രസ് സര്‍വീസുകളും അടക്കമുള്ള കണക്കാണിത്.
ബസ് യാത്രക്കാരുടെ എണ്ണം പരിഗണിക്കുമ്പോള്‍ വന്‍കിട നഗരങ്ങള്‍ക്കിടയില്‍ ദുബായ് മൂന്നാം സ്ഥാനത്താണെന്നും ഈസ ആല്‍ ഹാഷിമി പറഞ്ഞു. ജര്‍മനിയും ഫ്രാന്‍സുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. ബസ്സുകളില്‍ യാത്രക്കാരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് കൃത്യമായ പഠനവും തുടര്‍നടപടികളും കൈക്കൊണ്ടതായും അദ്ദേഹം പറഞ്ഞു. ഏറ്റവും കുറവ് യാത്രക്കാര്‍ കയറുന്ന റൂട്ടുകള്‍ കണ്ടെത്തി മതിയായ നടപടികള്‍ കൈക്കൊള്ളുന്നുണ്ട്. കൂടുതല്‍ യാത്രക്കാര്‍ കയറുന്ന റൂട്ടുകളില്‍ സീറ്റുകള്‍ വര്‍ധിപ്പിക്കാനും പദ്ധതിയുണ്ട്.
https://www.facebook.com/Malayalivartha