അപകടങ്ങളില്‍ രക്ഷകനായി ആംബുലന്‍സ് ഹെലികോപ്‌റ്റര്‍

റോഡുകളിലുണ്ടാകുന്ന അപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവരെ അതിവേഗത്തില്‍ ആശുപത്രിയില്‍ എത്തിക്കുന്നതിനായി ആകാശവാഹനമൊരുങ്ങുന്നു. അബുദാബിയിലെ റോഡപകടങ്ങളുടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി 16 ആംബുലന്‍സ് ഹെലികോപ്‌റ്ററുകള്‍ സജ്ജമാക്കിയിരിക്കുന്നതായി അധികൃതര്‍ അറിയിച്ചു.
ഇക്കൊല്ലം പകുതി പിന്നിട്ടപ്പോഴേക്കും എമിറേറ്റിലുണ്ടായ 72 അപകടങ്ങളില്‍ എയര്‍വിങിനു കീഴിലുള്ള ഹെലികോപ്‌റ്ററുകള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയിട്ടുണ്ട്. റോഡു വഴി അപകടം പറ്റിയവരെ ആശുപത്രിയിലെത്തിക്കുക പ്രയാസകരമായ സന്ദര്‍ഭങ്ങളിലാണ് ആകാശവാഹനങ്ങളുടെ സഹായം തേടുന്നത്.
ഗതാഗതനിയമം തെറ്റിച്ചുണ്ടാകുന്ന അപകടങ്ങള്‍ ഒരു പരിധി വരെ നിയന്ത്രിക്കാനും ഇത് സഹായകമാകുന്നു. വിദൂരദിക്കുകളിലുണ്ടാകുന്ന അപകടങ്ങളിലും മാനുഷിക സഹായം എത്തിക്കാനുളള അതിവേഗ രക്ഷാവാഹനങ്ങളാണ് ഹെലികോപ്‌റ്ററുകള്‍. കടലിലും കരയിലും ഒരുപോലെ ഈ വാഹനങ്ങള്‍ പോലീസിന്റെ ജീവന്‍ രക്ഷാപേടകങ്ങളാണ്.കരമാര്‍ഗ്ഗേനയുള്ള രക്ഷാപ്രവര്‍ത്തനം പ്രയാസമാകുമ്പോഴാണ് വ്യോമവാഹനങ്ങള്‍ ഫലപ്രദമാകുന്നത്. നിലവിലിപ്പോള്‍ 8 ഹെലികോപ്‌റ്ററുകള്‍ സജ്ജമാക്കിയിട്ടുണ്ട്.
ആംബുലന്‍സ്, റസ്‌ക്യൂ, ട്രാഫിക് സുരക്ഷ, കേസന്വേഷണം, പോലീസിന്റെ സുരക്ഷാസേവന വിഭാഗം, സിഐഡി സേവനം, നിരീക്ഷണം എന്നീ വകുപ്പുകളിലേക്ക് എയര്‍വിങ് ആംബുലന്‍സ് സേവനം നല്‍കുന്നു.
ആവശ്യമായ ആകാശ ചിത്രങ്ങള്‍ പകര്‍ത്തി സെന്‍ട്രല്‍ പോലീസിനു കൈമാറുന്നതോടെ കേസന്വേഷണങ്ങള്‍ പെട്ടെന്നു നടക്കും. ഏതു സമയത്തും ശ്രദ്ധയോടെ ദൗത്യ നിര്‍വഹണത്തിനു സേവനനിരതമാണ് അബുദാബിയിലെ ആകാശ വാഹനങ്ങള്‍. ഇതില്‍ മെഡിക്കല്‍ സംവിധാനങ്ങളുമുണ്ട്.
https://www.facebook.com/Malayalivartha