ആരോഗ്യമേഖലയിലെ തൊഴിലന്വേഷകർക്ക് ഒരു സന്തോഷവാർത്ത; ഖത്തറിലെ അവസരങ്ങൾക്ക് 'ഒഡെപെക്ക്' വഴിയൊരുക്കുന്നു

ദോഹ: ഖത്തറിലേക്ക് ഒഡെപെക്ക് മുഖേന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ് തുടങ്ങിയവരെയും നൈപുണ്യമുള്ള തൊഴിലാളികളെയും റിക്രൂട്ട് ചെയ്യുന്നതിന് വഴിയൊരുങ്ങുന്നു. ഖത്തര്‍ സന്ദര്‍ശിച്ച തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ ഖത്തര്‍ ആരോഗ്യവകുപ്പ് സഹമന്ത്രി ഡോ. സാലിഹ് അലി അല്‍ മാരിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. ഖത്തറിലെ ഇന്ത്യന്‍ അംബാസിഡര്‍ പെരിയസ്വാമി കുമരനൊപ്പമാണ് മന്ത്രി ഖത്തര്‍ ആരോഗ്യമന്ത്രാലയം സന്ദര്‍ശിച്ചത്.
ഖത്തറിലേക്ക് ഡോക്ടര്‍മാരെയും നഴ്‌സുമാരെയും പാരാമെഡിക്കല്‍ ജീവനക്കാരെയും ആവശ്യമുണ്ടെന്ന് ഡോ. സാലിഹ് അലി അല്‍ മാരി മന്ത്രിയെ അറിയിച്ചു. റിക്രൂട്ട്‌മെന്റ് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ആഗസ്തില്‍ സംയുക്ത വര്‍ക്കിങ് ഗ്രൂപ്പില്‍ ഇക്കാര്യം അജണ്ടയായി ഉള്‍പ്പെടുത്തുമെന്നും ധാരണാപത്രം ഒപ്പിടാന്‍ നടപടി സ്വീകരിക്കുമെന്നും ഡോ. സാലിഹ് അലി അല്‍ മാരി വ്യക്തമാക്കി.
വിവിധ മേഖലകളില്‍ നൈപുണ്യമുള്ള തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതും ചര്‍ച്ചാവിഷയമായി. ഇക്കാര്യവും മന്ത്രാലയം പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കും. ബുധനാഴ്ച നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ ഏകോപിപ്പിക്കുമെന്നും ഡോ. സാലിഹ് അലി അല്‍ മാരി പറഞ്ഞു.
ഖത്തറിലെ വ്യവസായവളര്‍ച്ചയെക്കുറിച്ചും മറ്റും മനസ്സിലാക്കാന്‍ വ്യവസായപദ്ധതികളും ആശുപത്രികളും സന്ദര്‍ശിക്കണമെന്ന് ഡോ. സാലിഹ് അലി അല്‍ മാരി മന്ത്രി ടി പി രാമകൃഷണനോട് ആവശ്യപ്പെട്ടു. ആതുരസേവനരംഗത്തും ജിഇസി രാജ്യങ്ങളിലും നടത്തിവരുന്ന ഒഡെപെക്ക് മുഖേനയുള്ള റിക്രൂട്ട് മെന്റുകളെക്കുറിച്ച് മാനേജിങ് ഡയരക്ടര്‍ ഡോ. ശ്രീറാം വെങ്കിട്ടരാമന്‍ വിശദീകരിച്ചു.
ഖത്തറിന് ഇക്കാര്യത്തില്‍ ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളും വ്യക്തമാക്കി. തൊഴില്‍വകുപ്പിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നടപ്പാക്കുന്ന നൈപുണ്യവികസനപദ്ധതികളെക്കുറിച്ചും ഖത്തര്‍ സഹമന്ത്രി വിവരങ്ങള്‍ ആരാഞ്ഞു. ഇതേതുടര്‍ന്നാണ് നൈപുണ്യമുള്ള തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ ധാരണയായത്.
ഖത്തര്‍ എംബസി സന്ദര്‍ശിച്ച മന്ത്രി ടി പി രാമകൃഷ്ണനെ അംബാസിഡര്‍ പെരിയസ്വാമി കുമരന്‍ സ്വീകരിച്ചു. ഒഡെപെക്ക് മാനേജിംഗ് ഡയരക്ടര്‍ ഡോ. ശ്രീറാം വെങ്കിട്ടരാമന്‍, മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ദീപു പി നായര്‍ ഒഡെപെക്ക് ജനറല്‍ മാനേജര്‍ എസ് എസ് സജു, നോര്‍ക്ക ഡയരക്ടര്‍ കെ കെ ശങ്കരന്‍, ഖത്തറിലെ വ്യവസായി ജെ കെ മേനോന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. റിക്രൂട്ട്‌മെന്റ് രംഗത്തെ ചൂഷണവും ദുഷ്പ്രവണതകളും അംബാസിഡര്‍ വിശദീകരിച്ചു. ഒഡെപെക്ക് പോലുള്ള സ്ഥാപനങ്ങളുടെ അനിവാര്യതയും അദ്ദേഹം ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha



























