അമേരിക്കയും റഷ്യയും തമ്മിലുള്ള ബന്ധം മോശമാകുന്നതിനിടെ നിർണ്ണായക നീക്കം; യു.എസ് അതിർത്തിക്കു സമീപം റഷ്യൻ ബോംബർ വിമാനങ്ങൾ കണ്ടെത്തി

യു.എസ് സംസ്ഥാനത്തിന് സമീപം ആണവശേഷിയുള്ള വിമാനങ്ങൾ പറത്തി റഷ്യ. 12 ഹൃസ്വദൂര ആണവ മിസൈലുകൾ വഹിക്കാൻ ശേഷിയുള്ള തുപൊലേവ് ടി.യു 16 ഗണത്തിൽപ്പെട്ട രണ്ട് വിമാനങ്ങളാണ് കിഴക്കൻ നഗരമായ അനാദിറിലെ സൈനിക കേന്ദ്രത്തിലേക്ക് റഷ്യ ബുധനാഴ്ച പറത്തിയത്. അനാദിറിൽനിന്ന് യു.എസ് സംസ്ഥാനമായ അലാസ്‌കയിലേക്ക് 600 കിലോമീറ്റർ ദൂരം മാത്രമാണ് ഉള്ളത്.
റഷ്യയുടെ തെക്കുപടിഞ്ഞാറൻ നഗരമായ സരത്തോവിലെ സൈനിക ബേസിൽ നിന്ന് പറന്നുയർന്ന വിമാനങ്ങൾ എട്ട് മണിക്കൂർ കൊണ്ട് 6,000 കിലോമീറ്റർ പിന്നിട്ട് അനാദിറിൽ പറന്നിറങ്ങുകയായിരുന്നു. ഉപകരണങ്ങളും മറ്റും സ്ഥലംമാറ്റുന്നതിനുള്ള പരിശീലനത്തിന്റെ ഭാഗമാണിതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
സോവിയറ്റ് കാലഘട്ടത്തിൽ നിർമിച്ച തുപൊലേവ് ടി.യു 160 വിമാനങ്ങൾ സൂപ്പർസോണിക് ഗണത്തിൽപെടുന്നതും ഒരുതവണ ഇന്ധം നിറച്ചാൽ 12,000 കിലോമീറ്റർ നിർത്താതെ പറക്കാൻ കഴിയുന്നതുമാണ്. അമേരിക്കയും റഷ്യയും തമ്മിലുള്ള ബന്ധം മോശമാകുന്നതിനിടെയാണ് യുദ്ധവിമാനങ്ങളുടെ സഞ്ചാരവിവരം റഷ്യ പുറത്തുവിട്ടിരിക്കുന്നത്. റഷ്യയുമായുള്ള ആണവമിസൈൽ കരാറിൽ നിന്ന് ഈയിടെ അമേരിക്ക പിന്മാറിയിരുന്നു. കരാർ വ്യവസ്ഥകൾ റഷ്യ പാലിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു ഇത്.
ടി.യു 16 വിമാനങ്ങൾ ലാന്റ് ചെയ്ത അനാദിർ നഗരത്തിൽ നിന്ന് അലാസ്‌കയിലേക്കുള്ള വിമാന യാത്രാദൂരം വെറും 20 മിനുട്ടാണെന്നും റഷ്യൻ വ്യോമമേഖലയിൽ നിന്നുതന്നെ മിസൈൽ തൊടുക്കാനുള്ള സംവിധാനമുണ്ടെന്നും റഷ്യയുടെ ഔദ്യോഗിക വാർത്താ മാധ്യമമായ റോസിസ്‌കായ ഗസെറ്റ റിപ്പോർട്ട് ചെയ്തു. ആവശ്യമെങ്കിൽ യു.എസ് മിസൈൽ ഡിഫൻസ് സിസ്റ്റത്തിന്റെ ഭാഗമായുള്ള റഡാർ സ്റ്റേഷനുകളും മറ്റും ലക്ഷ്യമിടാൻ കഴിയുമെന്നും റിപ്പോർട്ടിൽ പറയുന്നു.
https://www.facebook.com/Malayalivartha