ചാരവൃത്തി ആരോപിച്ച് പാക്കിസ്ഥാൻ അറസ്റ്റ് ചെയ്ത മുൻ നാവികസേനാ ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിനെ ഇന്ത്യൻ പ്രതിനിധി സന്ദർശിച്ചു

ചാരവൃത്തി ആരോപിച്ച് പാക്കിസ്ഥാൻ അറസ്റ്റ് ചെയ്ത ഇന്ത്യന്പൗരന്, മുൻ നാവികസേനാ ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിനെ ഇന്ത്യൻ പ്രതിനിധി സന്ദർശിച്ചു. ഇസ്ലാമാബാദിലെ പാക് വിദേശകാര്യ മന്ത്രാലയത്തിൽ വച്ച് ഇന്ത്യൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ഗൗരവ് അലുവാലിയയാണ് കുൽഭൂഷണെ സന്ദർശിച്ചത്. അന്താരാഷ്ട്ര നീതിന്യായ കോടതി വിധിയുടെ അടിസ്ഥാനത്തിലായിരുന്നു കൂടിക്കാഴ്ച. അതേസമയം, കൂടിക്കാഴ്ചയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
സ്വതന്ത്രമായ കൂടിക്കാഴ്ചയ്ക്ക് പാക്കിസ്ഥാൻ വേദിയൊരുക്കുമെന്നാണ് പ്രതീക്ഷയെന്ന് ഉന്നത നയതന്ത്ര ഉദ്യോഗസ്ഥർ നേരെത്തെ വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ച് കുൽഭൂഷണ് തിങ്കളാഴ്ച നയതന്ത്ര സഹായം ലഭ്യമാക്കുമെന്നു പാക്കിസ്ഥാൻ അറിയിച്ചിരുന്നു. വിയന്ന കൺവൻഷൻ പ്രഖ്യാപനവും അന്താരാഷ്ട്ര നീതിന്യായ കോടതി വിധിയും പാക്കിസ്ഥാനിലെ നിയമവും കണക്കിലെടുത്തുള്ള നയതന്ത്ര സഹായമാകും ലഭ്യമാക്കുകയെന്നാണ് പാക് വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസൽ അറിയിച്ചത്. പാക് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിലാവും നയതന്ത്ര സംഘത്തിന്റെ കൂടിക്കാഴ്ചയെന്നും സൂചനകളുണ്ടായിരുന്നു. ഇത് ആദ്യമായാണ് പാക്കിസ്ഥാൻ കുൽഭൂഷൺ ജാദവിന് നയതന്ത്ര സഹായം ലഭ്യമാക്കിയത്.
അന്താരാഷ്ട്ര നീതിന്യായ കോടതിവിധിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ മാസം കുൽഭൂഷണ് നയതന്ത്രസഹായം നൽകാൻ പാക്കിസ്ഥാൻ തയാറായിരുന്നുവെങ്കിലും ഇതിനായി മുന്നോട്ടുവച്ച വ്യവസ്ഥകൾ ഇന്ത്യ അംഗീകരിച്ചിരുന്നില്ല . കൂടിക്കാഴ്ച നടക്കുന്ന മുറിയില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്നും, ഒരു പാക്ക് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിലായിരിക്കണം കൂടിക്കാഴ്ചയെന്നുമായിരുന്നു വ്യവസ്ഥകൾ.
2016 ഇല് ആണ് കുല്ഭൂഷണ് ജാധവ് പാക്കിസ്ഥാനില്‍ അറസ്റ്റിലായത്. പിടിക്കപ്പെടുമ്പോള്‍ ഇദ്ദേഹത്തിന്റെ കയ്യില്‍ കള്ളപ്പേരിലുള്ള ഒരു ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉണ്ടായിരുന്നെന്നും, ഇദ്ദേഹം ചാരപ്രവര്‍ത്തനത്തിനും തീവ്രവാദത്തിനുമായി റോ അയച്ച ഏജന്റ് ആണെന്നും പാക്കിസ്താന് ആരോപിച്ചു. ജാധവിനെ വിചാരണ ചെയ്ത പട്ടാളകോടതി വധശിക്ഷയാണ് വിധിച്ചത്. ജാധവിന് നിയമസഹായം എത്തിക്കാന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ശ്രമിച്ചെങ്കിലും പായ്ക്കിസ്ഥാൻ ആ ശ്രമം അനുവദിച്ചിരുന്നില്ല. ജാധവിനെ അറസ്റ്റ് ചെയ്ത വിവരം തന്നെ ഇന്ത്യന്‍ കോണ്‍സുലേറ്റിനെ അറിയിച്ചത് മൂന്നാഴ്ച വൈകിയാണ്.
തൊട്ടടുത്ത വർഷം ഏപ്രിലിൽ പാക് സൈനിക കോടതി ജാദവിനു വധശിക്ഷ വിധിച്ചു. ഇതിനെതിരേ ഇന്ത്യ 2017 മേയിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചു. ഇറാനിൽ വച്ച് അനധികൃത മായി അറസ്റ്റ്ചെയ്തുവെന്നാണ് ഇന്ത്യയുടെ വാദം. എന്നാൽ, ഇറാനിൽനിന്ന് പാക്കിസ്ഥാനിലേക്കു കടന്നപ്പോഴായിരുന്നു അറസ്റ്റെന്നു പാക്കിസ്ഥാൻ പറയുന്നു. 2019 ജൂലൈ 17ന് കേസ് പരിഗണിച്ച ഹേഗിലെ രാജ്യാന്തര കോടതി പാക് സൈനിക കോടതി വിധിച്ച വധശിക്ഷ തടഞ്ഞു. വധശിക്ഷ പുനഃപരിശോധിക്കാൻ പാക്കിസ്ഥാനു നിർദേശം നൽകിയ കോടതി, ജാദവിന് നയതന്ത്ര സഹായം നൽകണമെന്നും ആവശ്യപ്പെട്ടു. കുൽഭൂഷൺ ജാദവ് ചാരനാണെന്നതിന് തെളിവില്ലെന്ന നിലപാടെടുത്ത കോടതി സൈനികക്കോടതിവിധി റദ്ദാക്കുകയോ ജാദവിനെ വിട്ടയയ്ക്കാൻ നിർദേശിക്കുകയോ ചെയ്തിട്ടില്ല.
https://www.facebook.com/Malayalivartha



























