വലത് കൈ മുറിച്ചു മാറ്റേണ്ട ; പകരം തടവ് ശിക്ഷ അനുഭവിച്ചാൽ മതി ; മലയാളി യുവാവിന്റെ വിധി മാറ്റി സൗദി കോടതി

മോഷണക്കുറ്റത്തിന് പിടിയിലായി ശിക്ഷയ്ക്ക് വിധിക്കപ്പെട്ട യുവാവിന്റെ ശിക്ഷ ഇളവ് വരുത്തി. മോക്ഷണ കുറ്റത്തിന് വലതു കൈ മുറിച്ച് മാറ്റുക എന്ന ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ഒന്‍പത് മാസമായി ജയിലില്‍ കഴിയുകയായിരുന്നു ആലപ്പുഴ സ്വദേശിയായ യുവാവ്. വലതു കൈ മുറിച്ചു മാറ്റാനുള്ള കോടതി വിധി റദ്ദാക്കിയിരിക്കുകയാണ്. സൗദി അറേബ്യയിലെ തെക്കന്‍ നഗരമായ ഖമീസ് മുഷൈത്തിലെ ക്രിമിനല്‍ കോടതിയാണ് മലയാളി യുവാവിന്റെ വലത് കൈപ്പത്തി മുറിച്ച് മാറ്റാന്‍വിധി പുറപ്പെടുവിച്ചിരുന്നത്. ഏപ്രില്‍ മാസമായിരുന്നു വിധി. വിധിക്കെതിരെ യുവാവ് ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തിന്റെയും ജിദ്ദ കോണ്‍സുലേറ്റിന്റെയും സഹായത്തോടെ അപ്പീല്‍ നല്‍കി. അബഹയിലെ മൂന്നംഗ അപ്പീല്‍ കോടതി കേസ് പുനഃ പരിശോധിക്കുകയും കൈപ്പത്തി മുറിച്ചുമാറ്റാനുള്ള വിധി റദ്ദാക്കുകയുമായിരുന്നു. നാലുവര്‍ഷം തടവും 400 അടിയുമാണ് ഇപ്പോഴത്തെ ശിക്ഷ.
അബഹയിലും ഖമീസ് മുശൈത്തിലും ശാഖകളുള്ള ഒരു പ്രമുഖ സൗദി ഹോട്ടലിലെ ലോക്കറില്‍ നിന്നും ഒരു ലക്ഷത്തി പതിനായിരം റിയാലാണ് മോക്ഷണം പോയത്. അതിന്റെ അന്വേഷണത്തിനൊടുവിലാണ് ആ സ്ഥാപനത്തില്‍ ആറ് വര്‍ഷമായി ജോലി ചെയ്യുന്ന മലയാളി യുവാവ് പിടിയിലാവുകയായിരുന്നു. നഷ്ടപ്പെട്ട മുഴുവന്‍ തുകയും അന്വേഷണ ഉദ്യോഗസ്ഥര്‍ കുളി മുറിയില്‍ നിന്ന് കണ്ടെടുത്തു. അതുകൊണ്ട് ശരിഅത്ത് നിയമം അനുസരിച്ചുള്ള പരമാവധി ശിക്ഷ കോടതി അന്ന് വിധിച്ചു. ഭാഷ വശമില്ലാത്തതിനാലും ഭയം മൂലവും കാര്യങ്ങള്‍ കോടതിയെ വേണ്ട രീതിയില്‍ ബോധ്യപ്പെടുത്താന്‍ തനിക്ക് കഴിഞ്ഞില്ലെന്നു യുവാവ് പറഞ്ഞു.
യുവാവിന്റെ നാട്ടിലുള്ള മാതാവും സുഹൃത്തുക്കളും ഇന്ത്യന്‍ സോഷ്യല്‍ ഫോറം അബഹ നേതൃത്വത്തെ സമീപിക്കുകയുണ്ടായി. പിന്നീട് ജിദ്ദ കോണ്‍സുലേറ്റിന്റെയും സഹായത്തോടെ കോടതിയില്‍ അപ്പീല്‍ കൊടുത്തു. മകന്റെ കൈ മുറിച്ചു മാറ്റാനുള്ള വിധി റദ്ദായതില്‍ സന്തോഷമുണ്ടെന്നും ഇതിനായി സഹായിച്ച ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തിനും ഒപ്പം ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിനും മകന്റെ സുഹൃത്തുക്കള്‍ക്കും യുവാവിന്റെ മാതാവ് തന്റെ നന്ദിയും കടപ്പാടും പ്രാര്‍ത്ഥനയും അറിയിക്കുയുണ്ടായി.
https://www.facebook.com/Malayalivartha