സാന്താക്രൂസ് ദ്വീപില്‍ 34 പേരുടെ ജീവന്‍ അപഹരിച്ച ബോട്ട് തീപിടിത്തത്തില്‍ ഇന്ത്യക്കാരായ യുവദമ്പതികളും കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട്

ഇന്ത്യക്കാരായ യുവദമ്പതികളും കാലിഫോര്‍ണിയയിലെ സാന്താക്രൂസ് ദ്വീപിലുണ്ടായ ബോട്ട് തീപിടിത്തത്തില്‍ കൊല്ലപ്പെട്ടുവെന്ന് സംശയം. നാഗ്പൂരിലെ പ്രശസ്ത ശിശുരോഗ വിദഗ്ധന്‍ സതീഷ് ദിയോ പൂജാരിയുടെ മകള്‍ സഞ്ജീരി ദിയോ പൂജാരി, ഭര്‍ത്താവ് കൗസ്തുഭ് നിര്‍മല്‍ എന്നിവരാണ് അപകടത്തില്‍പ്പെട്ടതായി സംശയിക്കുന്നത്. ബോട്ട് തീപിടിത്തം 34 പേരുടെ ജീവനാണ് അപഹരിച്ചത്. രണ്ട് വര്‍ഷം മുന്‍പാണ് അമേരിക്കയിലെ ഒരു ധനകാര്യ സ്ഥാപനത്തില്‍ ജോലിക്കാരനായ കൗസ്തുഭിനെ ദന്തഡോക്ടറായ സഞ്ജീരി വിവാഹം ചെയ്തത്. വിവാഹ ശേഷം ഇരുവരും അമേരിക്കയില്‍ താമസിച്ചുവരികയായിരുന്നു. ഇരുവരുടെയും മരണം സംബന്ധിച്ച് അമേരിക്കന്‍ അധികൃതരില്‍ നിന്നും ഇതുവരേ ഔദ്യോഗിക അറിയിപ്പുകളൊന്നും കിട്ടിയിട്ടില്ലെന്ന് ഡോ. സതീഷ് പറഞ്ഞു. അമേരിക്കയില്‍ തന്നെയുള്ള ഇയാളുടെ മറ്റൊരു മകള്‍ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെയുണ്ടായ അപകടത്തില്‍ ബോട്ടിലെ അഞ്ച് ജീവനക്കാരൊഴികെ മുഴുവന്‍ ആളുകളും മരിച്ചതായാണ് ലഭിക്കുന്ന വിവരം. സ്‌കൂബ ഡൈവിംഗിന് വിനോദ സഞ്ചാരികളുമായി തിരിച്ച പഴക്കം ചെന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. 33 യാത്രക്കാരും ആറ് ജീവനക്കാരുമാണ് ബോട്ടിലുണ്ടായിരുന്നത്. ബോട്ടിന്റെ മുകള്‍ത്തട്ടില്‍ കിടന്നുറങ്ങുകയായിരുന്ന ജീവനക്കാരാണ് രക്ഷപ്പെട്ടത്. അപകടം മനസ്സിലാക്കി കടലിലേക്ക് എടുത്തുചാടിയതിനാലാണ് ഇവര്‍ രക്ഷപ്പെട്ടത്. ബോട്ടിന് എങ്ങനെയാണ് തീപിടിച്ചത് എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്.
https://www.facebook.com/Malayalivartha