നാലു പതിറ്റാണ്ടോളം സിംബാബ്വെയുടെ ഭരണനേതൃത്വം കൈയ്യാളിയ റോബര്‍ട്ട് മുഗാബെ അന്തരിച്ചു

നാലു പതിറ്റാണ്ടോളം സിംബാബ്വെ ഭരിച്ച മുന്‍ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ (95) അന്തരിച്ചു. ഏറെ നാളായി ചികിത്സയിലായിരുന്നു.
1924 ഫെബ്രുവരി 21-ന് തെക്കന്‍ റൊഡേഷ്യയിലെ (സിംബാബ്വെയുടെ ആദ്യപേര്) കാര്‍പെന്ററായ ഗബ്രിയേല്‍ മാറ്റിബിലിയുടെയും ബോനയുടെയും മകനായാണ് മുഗാബെ ജനിച്ചത്. ബിരുദപഠനത്തിനുശേഷം 15 വര്‍ഷം റൊഡേഷ്യയിലും ഘാനയിലും അധ്യാപകനായി. ഘാനയില്‍ വച്ചായിരുന്നു ആദ്യവിവാഹം. വധു സാലി ഹേഫ്രോണ്‍. അവരുടെ മരണശേഷം 1996-ല്‍ ഗ്രേസ് മാറുഫുവിനെ വിവാഹം ചെയ്തു. ആദ്യഭാര്യയിലെ മകന്‍ നാലാംവയസില്‍ മരിച്ചു. ഇപ്പോഴത്തെ വിവാഹത്തില്‍ മൂന്നുമക്കള്‍.
രാജ്യം സ്വതന്ത്രമായ 1980 മുതലുള്ള മുഗാബെ ഭരണം 2017-ലാണ് അവസാനിച്ചത്. പ്രസിഡന്റ് എമേഴ്‌സന്‍ നന്‍ഗഗ്വ ആണു മുഗാബയുടെ മരണവിവരം പുറത്തുവിട്ടത്. അധികാര ദുരുപയോഗത്തിലും അഴിമതിയിലും ഭാര്യയ്ക്കും പങ്കുണ്ടെന്ന ആരോപണം ശക്തമാണ്.
1990-ല്‍ രാജ്യാന്തര ധാരണയ്ക്കുള്ള ജവാഹര്‍ലാല്‍ നെഹ്റു അവാര്‍ഡ് നേടിയ മുഗാബെ് കാല്‍ നൂറ്റാണ്ടു പിന്നിട്ടപ്പോള്‍ അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും ഇരയായി അധികാരഭ്രഷ്ടനാകുകയായിരുന്നു.
നിയമനടപടികളില്‍ നിന്ന് ഒഴിവാക്കാമെന്ന ഉറപ്പിലാണ് മുഗാബെ രാജിക്കു തയാറായത്. മുഗാബെയ്ക്കും കുടുംബത്തിനും പൂര്‍ണ സുരക്ഷ ഉറപ്പാക്കാമെന്നും ഒരു തരത്തിലുള്ള നിയമനടപടികളിലൂടെയും വയോധികനായ അദ്ദേഹത്തെ ബുദ്ധിമുട്ടിക്കില്ലെന്നും മധ്യസ്ഥര്‍ ഉറപ്പുനല്‍കി. ഭരണകക്ഷിയായ സന-പിഎഫ് പാര്‍ട്ടി മുഗാബെയെ പുറത്താക്കി നന്‍ഗഗ്വയെ നേതാവായി തിരഞ്ഞെടുക്കുകയായിരുന്നു.
അധ്യാപകവൃത്തിയില്‍ തുടങ്ങി സ്വാതന്ത്യസമര നായകനായി, പിന്നീട് സ്വേച്ഛാധിപത്യത്തിലേക്കു നടന്നുകയറിയ ജീവിതമാണു മുഗാബെയുടേത്. വെള്ളക്കാരെ കെട്ടുകെട്ടിച്ച് ഭരണം കറുത്തവര്‍ക്ക് സ്വന്തമാക്കിയതിനു പിന്നില്‍ മുഗാബെയുടെ നേതൃത്വമായിരുന്നു ചരടുവലിച്ചത്.
https://www.facebook.com/Malayalivartha