കടല്‍ വെള്ളത്തിനടിയില്‍ വച്ച് കാമുകിയോട് വിവാഹാഭ്യര്‍ഥന നടത്തിയ യുഎസ് യുവാവ് മുങ്ങി മരിച്ചു

അമേരിക്കയിലെ ലൂസിയാനയില്‍നിന്നുള്ള സ്റ്റീവന്‍ വെബെര്‍ എന്ന യുവാവ് ടാന്‍സാനിയയില്‍ അവധിയാഘോഷിക്കവേ വെള്ളത്തിനടിയില്‍ വച്ച് കാമുകിയോടു വിവാഹാഭ്യര്‍ഥന നടത്തുന്നതിനിടയില്‍ മുങ്ങി മരിച്ചു.
സ്റ്റീവനും കാമുകി കെനേഷ അന്റോയിനും അവധിയാഘോഷിച്ചിരുന്നത് ആഫ്രിക്കയുടെ കിഴക്കന്‍ തീരത്ത് പെമ്പ ദ്വീപിലാണ്. കടലിലേക്ക് ഇറങ്ങിയിരിക്കുന്ന തരത്തില്‍ കിടപ്പുമുറിയുള്ള മരം കൊണ്ടുനിര്‍മിച്ച ക്യാബിനിലാണ് ഇവര്‍ കഴിഞ്ഞിരുന്നത്.
ഇക്കഴിഞ്ഞ വ്യാഴാഴ്ച കടലില്‍ നീന്തുന്നതിനിടെ സ്വന്തം കൈപ്പടയില്‍ എഴുതിയ കുറിപ്പ് പ്ലാസ്റ്റ്ക്ക് കൂടിലാക്കിയാണ് സ്റ്റീവന്‍ വിവാഹാഭ്യര്‍ഥന നടത്തിയത്. ഇതിന്റെ വിഡിയോ കെനേഷ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ഒരു മോതിരം കൈമാറുകയും ചെയ്തു. എന്നാല്‍ തുടര്‍ന്ന് വെള്ളത്തിനു മുകളിലേക്ക് ഉയരാന്‍ സ്റ്റീവനു കഴിഞ്ഞില്ല. അമേരിക്കന്‍ ടൂറിസ്റ്റ് മുങ്ങിമരിച്ചുവെന്ന് ടാന്‍സാനിയന്‍ ആഭ്യന്തര വകുപ്പ് സ്ഥിരീകരിച്ചു. എന്നാല്‍ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
സ്റ്റീവന്‍ വിവാഹാഭ്യര്‍ഥന നടത്തുന്ന ദൃശ്യങ്ങള്‍ സമുഹമാധ്യമങ്ങളില്‍ വൈറലായി. 'ഞാന്‍ നിന്നെ സ്നേഹിക്കുന്നതിനെ കുറിച്ചു മുഴുവന്‍ പറയുന്നതു വരെ ശ്വാസമടക്കി പിടിക്കാന്‍ എനിക്കു കഴിയില്ല. എല്ലാദിവസവും കൂടുതല്‍ ഞാന്‍ സ്നേഹിക്കും. എന്റെ ഭാര്യയാകുമോ, എന്നെ വിവാഹം കഴിക്കുമോ'- എന്നാണു സ്റ്റീവന്‍ കുറിച്ചിരുന്നത്.
https://www.facebook.com/Malayalivartha