സ്പര്‍ശ് ആണ് താരം; ഹൗഡി മോദിയില്‍ മോദിക്കും ട്രംപിനുമൊപ്പം താരമായി സ്പര്‍ശ് ഷാ എന്ന പതിനാറുകാരൻ

ഹൗഡി മോദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനുമൊപ്പം താരമായി സ്പര്‍ശ് ഷാ എന്ന പതിനാറുകാരൻ. ഓസ്റ്റിയോജനിസിസ് ഇംപെര്‍ഫെക്ട് എന്ന അസ്ഥികള്‍ പൊട്ടുന്ന അപൂര്‍വ രോഗാവസ്ഥയിൽ ജനിച്ച ഈ കൊച്ചുമിടുക്കനാണ് ഹ്യൂസ്റ്റണിലെ എന്‍ആര്‍ജി സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ദേശീയഗാനം ആലപിച്ച് ജന മനസ്സ് കീഴടക്കിയത്.
യുഎസിലെ ന്യൂജേഴ്‌സിയില്‍ നിന്നുള്ള ഈ പതിനാറുകാരൻ റാപ്പര്‍, ഗായകന്‍, ഗാനരചയിതാവ്, മോട്ടിവേഷന്‍ സ്പീക്കര്‍ എന്നീ നിലകളില്‍ പ്രശസ്തനാണ്. യൂട്യൂബില്‍ മാത്രം 15 ദശലക്ഷത്തിലധികം ആളുകള്‍ കണ്ട എമിനാമിന്റെ ജനപ്രിയ ഗാനമായ നോട്ട് അഫ്രൈഡ് ആലപിക്കുന്നത് റെക്കോര്‍ഡു ചെയ്തതാണ് അവന്റെ ജീവിതത്തിലുണ്ടായ ആദ്യ വഴിത്തിരിവ്. അസാധാരാണ കഴിവുള്ള ഈ 16കാരനെക്കുറിച്ച് എമിനാം തന്നെ നേരിട്ട് ട്വീറ്റ് ചെയ്തിരുന്നു. ടെഡ് ടോക്സ്, ദ സ്റ്റീവ് ഹാര്‍വി ഷോ, ഡോണ്‍ ഫ്രഞ്ച് അവതരിപ്പിച്ച ലിറ്റില്‍ ബിഗ് ഷോട്ട്സ് തുടങ്ങിയ അന്താരാഷ്ട്ര ടാലന്റ് ഷോകളിലും പിന്നീട് സ്പര്‍ശ് പ്രത്യക്ഷപ്പെട്ടിരുന്നു.
പൈയുടെ 250 ഓളം നമ്പറുകളും ഇംഗ്ലീഷ് ഡിക്ഷണറിയിലെ 12 വലിയ വാക്കുകളും 18 സെക്കന്‍റിൽ പറയാനും സ്പർശിന് ആവും. കവിതകൾ, ചെറുകഥ, പ്രചദനാത്മകമായ പ്രസംഗങ്ങൾ എന്നിവയും നാടകാഭിനയവും സ്പർശിനുണ്ട്. “Pneumonoultramicroscopicsilicovolcanoconiosis,”, 45 വാക്കുള്ള ഈ ഇംഗ്ലീഷ് വാക്ക് ആറാം വയസ്സിൽ അനായാസത്തോടെ സ്പർശ് ഉച്ചാരണം ചെയ്തിരുന്നു.
ഇന്ത്യൻ വംശജരായ അച്ഛൻ ഹിരൺ , അമ്മ ജിഗിഷ ഷാ എന്നിവർ 2003ലാണ് യുഎസ്സിലെത്തിയത്. തൊട്ടടുത്തവർഷമായിരുന്നു സ്പർശ് ജനിച്ചത്. ന്യൂജഴ്സിയിലെ സെന്‍റ് ജൂഡ് ചിൽഡ്രൻസ് റിസർച്ച് ആശുപത്രിയിലായിരുന്നു രോഗം മൂലം ചികിത്സ. ഇപ്പോൾ ആശുപത്രിയിലെ യൂത്ത് അംബാസഡറുമാണ് സ്പർശ്. വാട്ട് എൻഎക്സ്ടി റോബോട്ടിക്സ് അംഗവും വേൾ്ഡ് റോബോട്ടിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തയാളുമാണ് സ്പർശ്.
കോന്‍ ബനേഗ കോര്‍പതിയെന്ന ടെലിവിഷന്‍ പരിപാടിയിലും സ്പർശ് പങ്കെടുത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും കണ്ടുമുട്ടുന്നതില്‍ താന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും പരിപാടിക്ക് മുന്നോടിയായി സ്പര്‍ശ് പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha