കൊറോണ വൈറസ് ബാധ... ലോകാരോഗ്യ സംഘടന ആഗോളതലത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു... ചൈനയില്‍ രോഗബാധമൂലം മരിച്ചവരുടെ എണ്ണം 213 ആയി

ചൈനയിലെ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ലോകാരോഗ്യ സംഘടന ആഗോളതലത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ചൈനയ്ക്കു പുറത്തേയ്ക്കും വൈറസ് ബാധ വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് നടപടിയെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ടഡ്രോസ് അദാനം ഗബ്രിയേസസ് ജനീവയില്‍ പറഞ്ഞു. ഇതിനിടെ ചൈനയില്‍ രോഗബാധമൂലം മരിച്ചവരുടെ എണ്ണം 213 ആയി. ലോകത്താകമാനമായി 9700 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ ബഹുഭൂരിപക്ഷവും ചൈനയിലാണ്. ചൈനക്ക് പുറത്ത് 20 രാജ്യങ്ങളില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഏറ്റവും അവസാനമായി സ്ഥിരീകരിച്ചത് ഇന്ത്യയിലും ഫിലിപ്പിന്‍സിലുമാണ്. ലോക ആരോഗ്യ സംഘടനയും രോഗം ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തി. ചൈനയിലെ വുഹാനില്‍ നിന്ന് മടങ്ങി എത്തിയ മലയാളി വിദ്യാര്‍ഥിനിക്കാണ് ഇന്ത്യയില്‍ കഴിഞ്ഞ ദിവസം രോഗം ബാധിച്ചതായി സ്ഥിരീകരിച്ചത്. തൃശ്ശൂര്‍ മെഡിക്കല്‍കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ തുടരുന്ന വിദ്യാര്‍ഥിനിയുടെ നില ഗുരുതരമല്ല. സ്ഥിതി ഗൗരവതരമാണെന്നും ആരോഗ്യ അടിയന്തരാവസ്ഥ സംബന്ധിച്ച് ഐക്യരാഷ്ട്ര സഭാ അംഗരാജ്യങ്ങളിലേയ്‌ക്കെല്ലാം നോട്ടീസ് നല്‍കുമെന്നും ലോകാരോഗ്യ സംഘടന തലവന്‍ ടഡ്രോസ് അദാനം ഗബ്രിയേസസ് പറഞ്ഞു. രാജ്യാതിര്‍ത്തികള്‍ അടയ്ക്കുന്നതും വിമാനങ്ങള്‍ റദ്ദാക്കുന്നതും അടക്കമുള്ള കാര്യങ്ങളില്‍ അതാത് രാജ്യങ്ങള്‍ക്ക് തീരുമാനമെടുക്കാം.
എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അന്താരാഷ്ട്ര വിമാനസര്‍വ്വീസുകള്‍ റദ്ദാക്കേണ്ട സാഹചര്യമില്ലെന്നും ഡബ്ല്യു. എച്ച്. ഒ. വ്യക്തമാക്കിയിട്ടുണ്ട്.ചൈനയിലെ അവസ്ഥ എന്ത് എന്നതിനേക്കാള്‍ മറ്റു രാജ്യങ്ങളിലേയ്ക്ക് വൈറസ് ബാധ പടരുന്നു എന്ന വസ്തുതയാണ് പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു. വൈറസ് ബാധ നിയന്ത്രിക്കാന്‍ ചൈന ആവശ്യമായ നടപടികള്‍ കൈക്കൊണ്ടുവരുന്നുണ്ട്.
L
https://www.facebook.com/Malayalivartha























