ഇന്നലെ പുറത്തുവന്ന കണക്കുകള്‍ ബ്രിട്ടന് ആശങ്കയേറ്റുന്നു, മലയാളി ഉള്‍പ്പെടെ മരിച്ചത് 823 പേര്‍!

ഇന്നലെ പുറത്തുവന്ന കണക്കുകള്‍, രണ്ടുദിവസമായി ആശ്വാസത്തിലായിരുന്ന ബ്രിട്ടനെ ആശങ്കയിലാഴ്ത്തി. ഞായറാഴ്ച അഞ്ഞൂറിലേക്കും തിങ്കളാഴ്ച 449-ലേക്കും താഴ്ന്ന മരണനിരക്ക് ഇന്നലെ വീണ്ടും കുതിച്ചുയര്‍ന്ന് 823-ല്‍ എത്തി. ആശുപത്രികളിലെ ആകെ മരണസംഖ്യ 17,337 ആയി.
ദിവസേന നാലായിരത്തിലധികം പേര്‍ക്കാണ് ഇപ്പോഴും ബ്രിട്ടനില്‍ രോഗം സ്ഥിരീകരിക്കുന്നത്. ആകെ രോഗികളുടെ എണ്ണം 1,29,044 ആയി. എല്ലാം ഭദ്രമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും ഒന്നും നിയന്ത്രണത്തിലല്ല എന്നു വ്യക്തമാക്കുന്നതാണ് പുറത്തുവരുന്ന കണക്കുകള്‍. ഈ സാഹചര്യത്തില്‍ പൊതു സ്ഥലങ്ങളിലെല്ലാം ആളുകള്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കുന്നതിനെക്കുറിച്ചു ചിന്തിക്കുകയാണ് സര്‍ക്കാര്‍. ഇക്കാര്യത്തില്‍ ഉടനെ തീരുമാനം ഉണ്ടായേക്കും.
എന്നാല്‍ എന്‍എച്ച്എസിലെ സുരക്ഷാ ഉപകരണങ്ങളുടെ ലഭ്യതയെ ഇത് പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്ക സര്‍ക്കാരിനുണ്ട്. രാജ്യത്തെ 159 പിപിഇ നിര്‍മാതാക്കളുമായും വിവിധ വിദേശരാജ്യങ്ങളുമായും സഹകരിച്ച് സുരക്ഷാ ഉപകരണങ്ങളുടെ ക്ഷാമം പരിഹരിക്കാനുള്ള തീവ്ര ശ്രമത്തിലാണ് സര്‍ക്കാര്‍. എന്നാല്‍ നടപടികള്‍ വേണ്ടത്ര ഫലപ്രദമാകുന്നില്ല എന്നതാണ് വസ്തുത. എത്ര പണം മുടക്കിയാലും ഇവ കിട്ടാനില്ലാത്ത സ്ഥിതിയാണ് സര്‍ക്കാരിനെ കുഴക്കുന്നത്.
ഇതിനിടെ ഇന്നലെ ടര്‍ക്കിയില്‍ നിന്ന് 19 ടണ്‍ സുരക്ഷാ ഉപകരണങ്ങളുമായി വെര്‍ജിന്‍ അറ്റ്‌ലാന്റിക്കിന്റെ കാര്‍ഗോ വിമാനം ലണ്ടനില്‍ ഇറങ്ങി. നിലവിലെ സാഹചര്യത്തില്‍ ഇത് മൂന്നോ നാലോ ദിവസത്തേക്കുള്ള സ്റ്റോക്ക് മാത്രമാകും. ദിവസേന ഒന്നര ലക്ഷത്തോളം ഗൗണുകളാണ് എന്‍എച്ച്എസിന് ആവശ്യമുള്ളത്. അമേരിക്കയില്‍ കഴിഞ്ഞദിവസം പിപിഇകള്‍ക്കായി നഴ്‌സുമാര്‍ വൈറ്റ്ഹൗസിനു മുന്നില്‍ പ്രകടനം നടത്തിയത് ബ്രിട്ടനിലും ആവര്‍ത്തിക്കാതിരിക്കാനുള്ള തീവ്രശ്രമത്തിലാണ് സര്‍ക്കാരും എന്‍എച്ച്എസും.
അതിനിടെ 68 വര്‍ഷത്തെ ഭരണകാലത്തിനിടെ ആദ്യമായി രാജ്ഞിക്ക് നിറം മങ്ങിയ ഒരു ജന്മദിനം. കോവിഡ് വാര്‍ത്തകള്‍ക്കിടെ കാര്യമായ ആഘോഷങ്ങളില്ലാതെ എലിസബത്ത് രാജ്ഞിയുടെ തൊണ്ണൂറ്റിനാലാം ജന്മദിനം കടന്നുപോയി. ആഘോഷങ്ങളും ഗണ്‍സല്യൂട്ടും ഒഴിവാക്കിയായിരുന്നു ജന്മദിനപരിപാടികള്‍.
ഇന്നലെ ഹാരോ ഗേറ്റില്‍ രാജ്യത്തെ രണ്ടാമത്തെ നേറ്റിംങ്ങാള്‍ ഫീല്‍ഡ് ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചു. അഞ്ഞൂറു ബെഡ്ഡിന്റെ ആശുപത്രിയാണിത്. എന്‍എച്ച്എസിനായി നൂറാം വയസില്‍ ചാരിറ്റി വാക്ക് നടത്തി 27 മില്യന്‍ പൗണ്ട് സമ്പാദിച്ച ക്യാപ്റ്റന്‍ ടോം മൂര്‍ ആയിരുന്നു ഉദ്ഘാടകന്‍. നേരത്തെ ലണ്ടനില്‍ ആരംഭിച്ച 4000 ബെഡുകളുള്ള ആശുപത്രി ചാള്‍സ് രാജകുമാരനാണ് രാജ്യത്തിന് സമര്‍പ്പിച്ചത്.

എറണാകുളം കുറുമശേരി സ്വദേശി മൂഞ്ഞെളിയില്‍ സെബി ദേവസി (49) തിങ്കളാഴ്ച രാത്രി ബ്രിട്ടനില്‍ കോവിഡ് ബാധിച്ച് മരിച്ചു. സതാംപ്റ്റണ്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. ഭാര്യ ഷീന ജോസഫ് നഴ്‌സാണ്. 12 വയസുള്ള ഒരു മകനുണ്ട്. സംസ്‌കാരം പിന്നീട് ബ്രിട്ടനില്‍ നടക്കും. സെബിയുടെ ഒരു സഹോദരന്‍ അയര്‍ലന്‍ഡിലും മറ്റൊരു സഹോദരന്‍ കാനഡയിലുമാണ് ഇപ്പോഴുള്ളത്. അമ്മ ഇപ്പോള്‍ കാനഡയിലുള്ള മകനൊപ്പമാണ്. ബ്രിട്ടനില്‍ കോവിഡ് ബാധിച്ച് മരിക്കുന്ന എട്ടാമത്തെ മലയാളിയാണ് സെബി ദേവസി. യൂറോപ്പിലെ പത്താമത്തെ മലയാളിയും.
കോവിഡിനെതിരായ വാക്‌സിന്റെ പരീക്ഷണങ്ങള്‍ പുരോഗതിയിലാണെന്ന് ആരോഗ്യസെക്രട്ടറി മാറ്റ് ഹാന്‍കോക്ക് ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വാക്‌സിന്‍ മനുഷ്യനില്‍ പരീക്ഷിക്കാനുള്ള അംഗീകാരം നല്‍കിയതായും നാളെ മുതല്‍ ഇത് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു ഒക്‌സ്ഫര്‍ഡ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരുടെ സംഘമാണ് ഈ ഗവേഷണങ്ങളുടെ നേതൃത്വം വഹിക്കുന്നത്.
https://www.facebook.com/Malayalivartha
























