ഛർദിലും തലകറക്കവും ഉണ്ടെന്ന് മാത്രം ഡോക്ടറോട്; ചികിത്സപ്പിഴവ് മൂലമാണ് മരണമെന്ന് ആരോപിച്ച് ബന്ധുക്കൾ: ട്യൂഷൻ സെന്ററിൽ വിദ്യാർഥികളെ പഠിപ്പിച്ചുകൊണ്ടിരിക്കെ ഛർദിയും ക്ഷീണവും അനുഭവപ്പെട്ട് ചികിത്സ തേടിയ അധ്യാപിക മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്: അശ്വതിയുടെ വയറ്റിൽ പഴുപ്പും, അണുബാധയും...

ട്യൂഷൻ സെന്ററിൽ വിദ്യാർഥികളെ പഠിപ്പിച്ചുകൊണ്ടിരിക്കെ ഛർദിയും ക്ഷീണവും അനുഭവപ്പെട്ടതിനെത്തുടർന്ന് ചികിത്സ തേടിയ അധ്യാപിക പുനലൂർ താലൂക്ക് ആശുപത്രിയിൽ മരിച്ച സംഭവത്തിൽ ആശുപത്രിക്ക് വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആശുപത്രി സൂപ്രണ്ട് ഡോ.കെ.ആർ.സുനിൽകുമാർ വ്യക്തമാക്കി. പുനലൂർ ഇളമ്പൽ കോട്ടവട്ടം നിരപ്പിൽ ഭാഗം നിരപ്പിൽ വീട്ടിൽ ബി.ശ്രീഹരിയുടെ ഭാര്യ അശ്വതി (34) ആണ് കഴിഞ്ഞ ദിവസം വൈകിട്ട് മരിച്ചത്. ചികിത്സപ്പിഴവ് മൂലമാണ് മരണമെന്ന് ആരോപിച്ച് ബന്ധുക്കൾ ആശുപത്രിയിൽ പ്രതിഷേധിച്ചിരുന്നു. ഇന്നലെ പാരിപ്പള്ളി മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് സൂപ്രണ്ട് പ്രതികരണവുമായി എത്തിയത്.
അശ്വതിയുടെ വയറ്റിൽ ഉണ്ടായ പഴുപ്പും അതിൽ നിന്നുണ്ടായ അണുബാധയുമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള പ്രാഥമിക നിഗമനമെന്ന് സൂപ്രണ്ട് അറിയിച്ചു. ഛർദിലും തലകറക്കവും ഉണ്ടെന്ന് മാത്രമാണ് രോഗി ഡോക്ടറോട് പറഞ്ഞത്. എന്നാൽ വയറുവേദനയെപ്പറ്റി രോഗി പറഞ്ഞിരുന്നില്ല. ശരിക്കും ഗുരുതരമായ അസുഖം വളരെ നേരത്തേ ഉണ്ടായിരുന്നതാണ്. ഒന്നുകിൽ ആ രോഗാവസ്ഥ അറിയാതെ ഇരുന്നതോ വൈദ്യസഹായം തേടാൻ സാധിക്കാതെ വന്നതോ ആയിരിക്കുമെന്നും സൂപ്രണ്ട് പറഞ്ഞു. അശ്വതിയുടെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം കോട്ടവട്ടത്തെ വീട്ടുവളപ്പിൽ സംസ്കരിച്ചു. പുനലൂർ ടോക് എച്ച് പബ്ലിക് സ്കൂളിലെ അധ്യാപികയായിരുന്നു അശ്വതി.
ചികിത്സപ്പിഴവ് മൂലമാണ് മരണമെന്ന് ആരോപിച്ച് ബന്ധുക്കൾ ആശുപത്രിയിൽ തടിച്ചുകൂടിയത് സംഘർഷം സൃഷ്ടിച്ചിരുന്നു. പൊലീസ് എത്തി സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി. ഛർദി അനുഭവപ്പെട്ട അശ്വതിയെ ഭർത്താവും മറ്റൊരു വിദ്യാർഥിയും കൂടി കാറിൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. കാറിൽ വച്ചും ഛർദിച്ചു. അത്യാഹിത വിഭാഗത്തിൽ പ്രാഥമിക ശുശ്രൂഷ നൽകിയശേഷം സ്ഥിതി കൂടുതൽ വഷളായതോടെ സിടി സ്കാൻ എടുത്തു. തുടർന്ന് നാലാം നിലയിലെ ഐസി യൂണിറ്റിലേക്കു മാറ്റി. സിടി സ്കാൻ റിപ്പോർട്ട് നോർമൽ ആയിരുന്നു. ഇതിനിടെ ആരോഗ്യസ്ഥിതി കൂടുതൽ വഷളായി.
ബിപിയും പൾസും വേഗത്തിൽ താഴ്ന്നു. ഇതിനിടെ മരണവിവരം ബന്ധുക്കളെ അറിയിക്കാൻ വൈകിച്ചെന്നും വിദഗ്ധ ചികിത്സയ്ക്കായി മറ്റ് ആശുപത്രിയിലേക്കു കൊണ്ടുപോകാൻ അനുവദിച്ചില്ലെന്നും ആരോപിച്ച് ഭർത്താവും ബന്ധുക്കളും ഐസി യൂണിറ്റിന്റെ മുൻപിൽ തർക്കവുമായി നിന്ന ശേഷം ഒരു മണിക്കൂറിനു ശേഷമാണ് മൃതദേഹം മോർച്ചറിയിലേക്കു മാറ്റിയത്. ഛർദി മൂർഛിച്ചപ്പോൾ കുത്തിവയ്പ് എടുത്ത ശേഷമാണ് ആരോഗ്യ സ്ഥിതി വഷളായതെന്നു ബന്ധുക്കൾ ആരോപിച്ചു. വൈകിട്ട് ആറരയോടെയാണ് അശ്വതി മരിച്ച വിവരം ബന്ധുക്കളെ അറിയിച്ചത്. കുന്നിക്കോട് പൊലീസ് കേസ് റജിസ്റ്റർ ചെയ്ത ശേഷം ഇൻക്വസ്റ്റ് തയാറാക്കി പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പൊലീസ് സർജന്റെ സാന്നിധ്യത്തിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുകയായിരുന്നു.
https://www.facebook.com/Malayalivartha