മൻ ത ചുഴലിക്കാറ്റിനെ തുടർന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ സംസ്ഥാനങ്ങളിൽ ഓറഞ്ച് മുന്നറിയിപ്പ് നൽകി: അതീവ ജാഗ്രത; ചുഴലിക്കാറ്റ് കരകയറിയാൽ കേരളത്തിൽ ഉൾപ്പെടെ സംഭവിക്കുന്നത്...

ബംഗാൾ ഉൾക്കടലിൽ മൻ ത ചുഴലിക്കാറ്റ് രൂപപ്പെട്ടു. ഇന്ന് പുലർച്ചെയാണ് ചുഴലിക്കാറ്റ് രൂപപ്പെട്ടത്. ചുഴലിക്കാറ്റിലേക്ക് പടിഞ്ഞാറൻ കാറ്റ് ആകർഷിക്കപ്പെടുന്നതിനാൽ കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിലും അറബിക്കടലിലും മഴ സാധ്യത. നിലവിൽ ചെന്നൈയിൽ നിന്ന് 600 കിലോമീറ്റർ കിഴക്ക് തെക്ക് കിഴക്കും, ആന്ധ്രപ്രദേശിലെ കാക്കിനാടയിൽ നിന്ന് 680 കിലോമീറ്റർ തെക്ക് തെക്ക് കിഴക്കും വിശാഖപട്ടണത്തുനിന്ന് 710 കിലോമീറ്റർ തെക്ക് തെക്ക് കിഴക്കും, ആൻഡമാൻ നിക്കോബാർ ദ്വീപിലെ പോർട്ട് ബ്ലെയറിൽ നിന്ന് പടിഞ്ഞാറ് 790 കിലോമീറ്ററും അകലെയാണ് ചുഴലിക്കാറ്റിന്റെ സ്ഥാനം. പടിഞ്ഞാറ് വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന മൻ ത ചുഴലിക്കാറ്റ് നാളെ (ചൊവ്വ) രാവിലെയോടെ തീവ്ര ചുഴലിക്കാറ്റായി ശക്തിപ്പെടും.
തുടർന്ന് ചൊവ്വാഴ്ച രാത്രി തന്നെ തീവ്ര ചുഴലിക്കാറ്റായി കരകയറും. ആന്ധ്രപ്രദേശിലെ മച്ചിലി പട്ടണത്തിനും കാക്കിനാടക്കും ഇടയിലാണ് കരകയറുക. കരകയറുമ്പോൾ 90 മുതൽ 110 കിലോമീറ്റർ വരെ കാറ്റിനു വേഗത ഉണ്ടാകും. തീവ്ര ചുഴലിക്കാറ്റായാണ് മൻ ത കര തൊടുക. മൻ ത ചുഴലിക്കാറ്റിനെ തുടർന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ സംസ്ഥാനങ്ങളിൽ ഓറഞ്ച് മുന്നറിയിപ്പ് നൽകി. ആന്ധ്ര പ്രദേശ്, യാനം, തെക്കൻ ഒഡീഷ തീരത്താണ് മുന്നറിയിപ്പ്. അറബിക്കടലിൽ തീവ്ര ന്യൂനമർദ്ദം (Depression ) ആയി സിസ്റ്റം തുടരുകയാണ്.
കേരളത്തിലേക്ക് വരുന്ന കുറെ മേഘങ്ങൾ അറബിക്കടലിലെ തീവ്ര ന്യൂനമർദ്ദം ആകർഷിക്കുന്നതിനാണ് കേരളത്തിൽ മഴ കുറയുന്നത്. ഇന്ന് കേരളത്തിൻ്റെ തീരദേശത്തും ഇടനാട്ടിലും രാവിലെ വ്യാപകമായി മഴ ലഭിക്കാൻ സാധ്യത. മൻ ത ചുഴലിക്കാറ്റ് അറബിക്കടലിൽ നിന്നുള്ള മേഘങ്ങളെ ആകർഷിക്കുന്നതു മൂലമാണിത്. ഇന്ന് ഉച്ചയ്ക്ക് ശേഷവും രാത്രിയും കേരളത്തിൽ മഴയുണ്ടാകും.
ചുഴലിക്കാറ്റ് കരകയറിയാൽ കേരളത്തിൽ ഉൾപ്പെടെ മഴ കുറയും. മോന്ത ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്ന സാഹചര്യത്തിൽ ഒഡീഷയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. 2025 ഒക്ടോബർ 30 വരെ എല്ലാ സ്കൂളുകളും, അംഗൻവാടി കേന്ദ്രങ്ങളും, കോളേജുകളും അടച്ചിടാൻ ഒഡീഷ സർക്കാർ പ്രഖ്യാപിച്ചു.
https://www.facebook.com/Malayalivartha























