ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉനിന്റെ മരണവാർത്ത നിഷേധിച്ച് ചൈനയും ;ഹൃദയശസ്ത്രക്രിയ വിജയകരമെന്ന് ഉത്തരകൊറിയ

ലോകം മുഴുവൻ ഈ കഴിഞ്ഞ ദിവസം ചർച്ച ചെയ്ത വർത്തയായിരുന്നു ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ മരണാസന്നനാണ് എന്നത്. ഏറ്റവും വലിയ സ്വേച്ഛാധിപതിയായ കിം ജോങ് ഉന്നിന്റെ ജീവിതം ഏറെ ചർച്ച ചെയ്യപ്പെട്ടതും അപ്പോഴാണ്.
ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ജീവൻ അതീവ ഗുരുതര നിലയിലെന്ന വാർത്തകളിൽ സംശയം പ്രകടിപ്പിച്ച് ദക്ഷിണ കൊറിയയും ചൈനയും. ഏപ്രിൽ 12ന് കിമ്മിനെ ഹൃദയ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു. തുടർന്നു കിം അതീവ ഗുരുതര നിലയിലായി എന്നാണു സിഎൻഎൻ ഉൾപ്പെടെയുള്ള യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ, സോളിലെ ഡെയ്‌ലി എൻകെ എന്ന പ്രത്യേക വെബ്‌സൈറ്റിൽ, 36കാരനായ കിം ശസ്ത്രക്രിയയ്ക്കു ശേഷം ആരോഗ്യനില വീണ്ടെടുത്തെന്നാണു പറയുന്നത്
കിമ്മിന്റെ ആരോഗ്യനില യുഎസ് രഹസ്യാന്വേഷണ കേന്ദ്രങ്ങൾ പരിശോധിച്ചു വരികയാണെന്ന് ഉന്നത യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണു സിഎൻഎൻ വാർത്ത പ്രസിദ്ധീകരിച്ചത്. ദക്ഷിണ കൊറിയൻ സർക്കാരിലെ രണ്ടുപേർ വാർത്ത നിഷേധിച്ചു. അസാധാരണമായ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നു പ്രസിഡന്റിന്റെ ബ്ലു ഹൗസും അറിയിച്ചു. കിം ഗുരുതരാവസ്ഥയിൽ അല്ലെന്നാണു ചൈനയുടെയും നിലപാട്. കിമ്മിനു ഗുരുതരമായ പ്രശ്നമുള്ളതായി വിശ്വസിക്കുന്നില്ലെന്ന് ഉത്തര കൊറിയയുമായി സമ്പർക്കം പുലർത്തുന്ന ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഇന്റർനാഷനൽ ലൈസൺ ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയോടു വ്യക്തമാക്കി.
ഏപ്രിൽ 12ന് ആണ് കിമ്മിനെ ആശുപത്രിയിലാക്കിയതെന്നു ഡെയ്‌ലി എൻകെ പറയുന്നു. ഹൃദയവുമായി ബന്ധിക്കുന്ന രക്തക്കുഴലുകൾക്കു വീക്കം സംഭവിച്ചതിനാൽ ആരോഗ്യപ്രശ്നം നേരിട്ടിരുന്നു. കടുത്ത പുകവലിയും പൊണ്ണത്തടിയും കഠിനാധ്വാനവുമാണു കിമ്മിനെ കുഴപ്പിച്ചത്. ശസ്ത്രക്രിയയെത്തുടർന്നു മൗണ്ട് കുംഗാങ്ങിലെ വില്ലയിലാണു കിം കഴിയുന്നത്. ഇവിടെയാണു ബാക്കി ചികിത്സകൾ. ‘കഴിഞ്ഞ ഓഗസ്റ്റ് മുതൽ അദ്ദേഹം ഹൃദയ രക്തക്കുഴലുകളുമായി ബന്ധപ്പെട്ട പ്രശ്നം നേരിടുന്നു. ഇടയ്ക്കിടെ പംക്തു പർവതം സന്ദർശിച്ചതിനു ശേഷമാണ് ആരോഗ്യം മോശമായത്’– പേരു വെളിപ്പെടുത്ത ഒരാളെ ഉദ്ധരിച്ചു ഡെയ്‌ലി എൻകെ റിപ്പോർട്ട് ചെയ്തു.
ഉത്തര കൊറിയ മഹനീയമായി കരുതുന്നതാണു ചൈനയോടു ചേർന്നുള്ള പംക്തു പർവതം. നിർണായക തീരുമാനങ്ങൾക്കു മുമ്പ് ഭരണാധികാരികൾ ഇവിടെ സന്ദർശിക്കാറുണ്ട്. ഒക്ടോബറിലും ഡിസംബറിലും കിം ഇവിടെ സന്ദർശിച്ചിരുന്നു. സിഎൻഎൻ റിപ്പോർട്ടിനെ യുഎസിലെ ഒരു ഉന്നത ഉദ്യോഗസ്ഥനും ചോദ്യം ചെയ്തു. യുഎസിന്റെ ആഭ്യന്തര കാര്യങ്ങളിൽ അവഗാഹമുള്ളയാണ് ഈ ഉദ്യോഗസ്ഥനെന്ന് റോയിറ്റേഴ്‍സ് പറയുന്നു. ‘കിമ്മിനെ കുറിച്ചുള്ള അതീവപ്രധാന വിവരങ്ങൾ വളരെ സൂക്ഷിച്ചാണു യുഎസ് കൈകാര്യം ചെയ്യുക. യാതൊരു കാരണവശാലും മാധ്യമങ്ങൾക്കു ചോർന്നുകിട്ടില്ല’– കൊറിയൻ കാര്യങ്ങളിൽ സ്പഷലൈസ് ചെയ്ത യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
കിമ്മിന്റെ ആരോഗ്യം മോശമായി തുടരുകയാണെങ്കിൽ യുഎസുമായുള്ള ചർച്ചകളെ ബാധിക്കുമെന്ന് ആശങ്കയുണ്ട്. ആണവ നിരായുധീകരണവും ഉപരോധം നീക്കുന്നതടക്കമുള്ള കാര്യങ്ങളുമാണു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉത്തര കൊറിയയുടെ കിം ജോങ് ഉന്നും ചർച്ച ചെയ്യുന്നത്. ഇരുവരും നേരിട്ടു പല തവണ കൂടിക്കാഴ്ച നടത്തിയെങ്കിലും നിർണായക വിഷയങ്ങളിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. ഏപ്രിൽ 11 നാണ് കിം അവസാനമായി മാധ്യമങ്ങളെ കണ്ടത്. കിം ഗുരുതര നിലയിലാണെന്ന വാർത്തകളോടു വൈറ്റ്ഹൗസ് പ്രതികരിക്കാതിരുന്നതും ശ്രദ്ധേയമാണ്.
വാർത്തയോടു പ്രതികരിക്കുന്നില്ലെന്നാണു കൊറിയകളുടെ ആഭ്യന്തരകാര്യ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന യൂണിഫിക്കേഷൻ മന്ത്രാലയവും നിലപാടെടുത്തത്. ഉത്തര കൊറിയയുടെ സ്ഥാപകനായ കിം ഇല്‍ സൂങ്ങിന്റെ ജന്മവാര്‍ഷിക ദിനമായ ഏപ്രില്‍ 15ന് നടന്ന ആഘോഷങ്ങളിൽ കിം പങ്കെടുത്തിരുന്നില്ല. ആദ്യമായാണു മുത്തച്ഛന്റെ ജന്മവാര്‍ഷിക ആഘോഷങ്ങളില്‍നിന്നു കിം വിട്ടുനിന്നത്. എന്നാൽ ഏപ്രിൽ 12ന് ഒരു എയർബേസ് കിം സന്ദർശിച്ചെന്നും യുദ്ധവിമാനങ്ങളുടെ പരിശീലനം നിരീക്ഷിച്ചെന്നും ഔദ്യോഗിക മാധ്യമം പറയുന്നു. രണ്ടുദിവസത്തിനു ശേഷം വിവിധോദ്ദേശ്യ ഹ്രസ്വദൂര കപ്പൽവേധ ക്രൂയിസ് മിസൈലുകൾ ഉത്തര കൊറിയ വിക്ഷേപിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha
























