അഭിഭാഷകനോട് നിയമോപദേശം തേടിയതിനു ശേഷം ദുരഭിമാനക്കൊല; കാമുകനൊപ്പം ഒളിച്ചോടിയ പതിനാലുകാരിയെ പിതാവ് കഴുത്തറുത്ത് കൊന്നു

ഇറാനില്‍ പതിനാലുകാരിയെ പിതാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. ഇരുപത്തിയൊമ്പതുകാരനായ കാമുകനൊപ്പം ജീവിക്കാന്‍ തീരുമാനിച്ചതിനാണ് റെസ അഷ്റാഫി (37) എന്ന കര്‍ഷകന്‍ മകളെ കൊലപ്പെടുത്തിയത്.
കൊലയ്ക്കു മുന്‍പ് അഭിഭാഷകനെ വിളിച്ച് നിയമോപദേശം തേടിയ പിതാവ് തനിക്ക് ലഭിക്കാനിടയുള്ള ശിക്ഷയെ കുറിച്ചും ആരാഞ്ഞു. പെണ്‍കുട്ടിയുടെ രക്ഷിതാവായതിനാല്‍ വധശിക്ഷയൊന്നും ലഭിക്കില്ലെന്നും കൂടിവന്നാല്‍ മൂന്നു വര്‍ഷം മുതല്‍ 10 വര്‍ഷം വരെ തടവുശിക്ഷമാത്രമേ ലഭിക്കൂവെന്നും അഭിഭാഷകന്‍ ഉറപ്പുനല്‍കിയതോടെ ഇയാള്‍ മകളെ കൊലപ്പെടുത്തുകയായിരുന്നു. നിയമോപദേശം ലഭിച്ച് മൂന്നാഴ്ച കഴിഞ്ഞ് റെസ അഷ്റാഫി കൊയ്ത്ത് അരിവാള്‍ കൊണ്ട് ഉറങ്ങിക്കിടന്ന മകള്‍ റൊമനിയയുടെ കഴുത്തറുക്കുകയായിരുന്നു.
റൊമാനിയ കാമുകനൊപ്പം പോയപ്പോള്‍ അയാള്‍ മകളെ തട്ടിക്കൊണ്ടുപോയതാണെന്ന് കാണിച്ച് പിതാവ് പോലീസില്‍ പരാതി നല്‍കി. മൂന്നു ദിവസത്തിനു ശേഷം ഇരുവരേയും പോലീസ് പിടികൂടി. എന്നാല്‍ താന്‍ സ്വമേധയാ പോയതാണെന്ന് റൊമാനിയ കോടതിയില്‍ പറഞ്ഞതോടെ യുവാവിനെ വെറുതെവിട്ടു.
പിതാവ് തന്നെ കൊല്ലൂമെന്ന് മകള്‍ക്കും അറിയാമായിരുന്നു. കാമുകനൊപ്പം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനു മുന്‍പ് അവള്‍ എഴുതിവച്ച കത്തിലും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു, 'ബാബ നിങ്ങള്‍ക്ക് എന്നെ കൊല്ലണം, എന്നെകുറിച്ച് ആരെങ്കിലും തിരക്കിയാല്‍ അവള്‍ മരിച്ചുപോയി എന്നു പറഞ്ഞേക്കൂ' എന്നാണ് ആ പെണ്‍കുട്ടി അവസാനമായി എഴൂതിവച്ചത്. പിതാവ്, തന്നെ എലിവിഷം നല്‍കി കൊലപ്പെടുത്തി ആത്മഹത്യയാക്കി കാണിക്കുമെന്ന് അവള്‍ എഴുതിയിരുന്നു.
തന്മൂലം പിതാവിനൊപ്പം പോകില്ലെന്നും തന്നെ കൊലപ്പെടുത്തുമെന്നും മകള്‍ കോടതിയില്‍ പറഞ്ഞെങ്കിലും മകളെ സംരക്ഷിക്കുമെന്ന പിതാവിന്റെ ഉറപ്പില്‍ ഒപ്പം പറഞ്ഞയക്കുകയായിരുന്നു. എന്നാല്‍ പിറ്റേ രാത്രി അവള്‍ കൊല്ലപ്പെട്ടു. ഉത്തര ഇറാനിലെ ഒരു ചെറിയ ഗ്രാമത്തില്‍ കഴിഞ്ഞ മാസമായിരുന്നു സംഭവം.
ഇതോടെ രാജ്യത്ത് സ്ത്രീകളുടെയും കുട്ടികളും സുരക്ഷ സംബന്ധിച്ച് വലിയ ചര്‍ച്ച തന്നെ ഉയര്‍ന്നു. രാജ്യത്തിലെ സാമൂഹിക, മത, നിയമ വ്യവസ്ഥകള്‍ക്ക് ഈ ദുര്‍ബല വിഭാഗങ്ങളെ സംരക്ഷിക്കാന്‍ കഴിയുന്നില്ലെന്ന അഭിപ്രായമാണ് ഉയരുന്നത്. ഈ സംഭവത്തിനു പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ മീ ടു പ്രചരണവും ആരംഭിച്ചു. കുടുംബത്തില്‍ തന്നെ പുരുഷന്മാരില്‍ നിന്ന് നേരിടുന്ന പീഡനങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് പ്രചരണം. പല അമ്മമാരും പെണ്‍മക്കള്‍ നേരിടുന്ന അവഗണനയും ക്രൂരതയും തുറന്നുകാട്ടി രംഗത്തെത്തി.
അതേസമയം, മറ്റു പല മിഡില്‍ ഈസ്റ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇറാനിലെ സ്ത്രീകളുടെ നിലയില്‍ മെച്ചമുണ്ടെന്ന വാദവും ഉയരുന്നു. സര്‍വകലാശാലകളില്‍ 60% സീറ്റുകള്‍ സ്ത്രീകള്‍ക്കാണെന്നും ജോലി സ്ഥലങ്ങളില്‍ 50% സംവരണമുണ്ടെന്നും പാര്‍ലമെന്റിലും മന്ത്രിസഭയിലും അവര്‍ക്ക് സ്ഥാനമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
https://www.facebook.com/Malayalivartha



























