ചൈനയ്ക്ക് പെണ്ണുങ്ങള്‍ കൊടുത്തു ഉശിരന്‍ മറുപടി; ഈ ആഗോളപ്രതിസന്ധി വനിതാ നേതാക്കളെങ്ങനെ കൈകാര്യം ചെയ്യുന്നെന്നത് മികച്ച നേതൃത്വത്തിന്റെ ഉദാഹരണമായി ലോകമെങ്ങും ചര്‍ച്ചചെയ്യപ്പെടുന്നു

ഈ ആഗോളപ്രതിസന്ധി വനിതാ നേതാക്കളെങ്ങനെ കൈകാര്യം ചെയ്യുന്നെന്നത് മികച്ച നേതൃത്വത്തിന്റെ ഉദാഹരണമായി ലോകമെങ്ങും ചര്‍ച്ചചെയ്യപ്പെടുകയാണ്. കേരളത്തിന്റെ ആരോഗ്യമന്ത്രി കെ.കെ. ശൈലജ, ദക്ഷിണ കൊറിയന്‍ ആരോഗ്യവിഭാഗം മേധാവി ജിയോങ് യുന്‍ ക്യോങ് എന്നിവരുടെ നേതൃത്വവും താരതമ്യേന പ്രായവും പ്രവൃത്തിപരിചയവും കുറഞ്ഞ രാഷ്ട്രീയനേതാക്കളായ ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേണ്‍, നോര്‍വേ പ്രധാനമന്ത്രി എര്‍ന സോള്‍ബെര്‍ഗ്, ഫിന്‍ലന്‍ഡ് പ്രധാനമന്ത്രി സന മരീന്‍ എന്നിവരുടെ പ്രവര്‍ത്തനരീതികളും ലോകമിന്ന് വിശകലനം ചെയ്യുകയാണ്.
ശാസ്ത്രജ്ഞകൂടിയായ ജര്‍മനിയുടെ ആംഗേല മെര്‍ക്കലിനെപ്പോലെ പ്രവൃത്തിപരിചയമുള്ള മുതിര്‍ന്ന നേതാക്കള്‍പോലും മഹാമാരിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ രാജ്യത്തോട് ലളിതവും കൃത്യവുമായി പങ്കുവെച്ചരീതിയുടെ പേരില്‍ പ്രശംസിക്കപ്പെടുകയാണ്. മറ്റു യൂറോപ്യന്‍ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ജര്‍മനി മികച്ചരീതിയിലാണ് കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നത്.
ലോകക്രമത്തെ കീഴ്‌മേല്‍ മറിച്ച മഹാമാരി, കോവിഡില്‍ വികസിത രാജ്യങ്ങളും ശക്തമായ ഭരണാധികാരികളും നിസംഗ നിലപാടുകളുമായി നിലയുറപ്പിച്ചപ്പോള്‍ അവിടെയെല്ലാം കോവിഡ് താണ്ഡവമാടി. പക്ഷേ ശാസ്ത്രീയവും സര്‍ഗാത്മകവുമായ തീരുമാനങ്ങളെടുത്തു നിരവധി രാജ്യങ്ങള്‍ അപ്രതീക്ഷിത പ്രതിരോധവും തീര്‍ത്തു.
പ്രതിസന്ധിയുടെ അസാധാരണ കാലത്ത്, ശക്തരായ പുരുഷ ഭരണാധികാരികളെ വനിതാ നേതാക്കള്‍ പക്വതയോടെ മറികടക്കുന്നതും ലോകം കണ്ടു. വിവിധ രാജ്യങ്ങളിലെ കൊറോണ വൈറസ് പോരാളിയെ തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ ഇപ്പോള്‍ നിരവധി പേരുകള്‍ മുന്നില്‍ വരും. കോവിഡിനെപ്പറ്റി ശാന്തമായ വിശദീകരണങ്ങള്‍ നല്‍കുന്ന ജര്‍മനിയുടെ അംഗല മെര്‍ക്കല്‍, സൂക്ഷ്മമായ നയപരിപാടികളുമായി വരുന്ന സ്‌കോട്ട്‌ലന്‍ഡിലെ നിക്കോള സ്റ്റര്‍ജന്‍, സഹാനുഭൂതി നിറഞ്ഞ ഫെയ്‌സ്ബുക് ലൈവുകളുമായി സാന്ത്വനം പകരുന്ന ന്യൂസിലന്‍ഡിലെ ജസീന്ത ആര്‍ഡെന്‍, രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും സൗജന്യ കൊറോണ വൈറസ് പരിശോധന വാഗ്ദാനം ചെയ്ത ഐസ്ലന്‍ഡിന്റെ കത്രിന്‍ ജാക്കോബ്സ്ഡാറ്റ്, കുട്ടികള്‍ക്കു മാത്രമായി പത്രസമ്മേളനം നടത്തിയ നോര്‍വേയിലെ എര്‍ന സോല്‍ബെര്‍ഗ്. എത്രയെത്ര പേര്‍.
ഈ പട്ടിക നോക്കുമ്പോള്‍ ഒരു കാര്യം വ്യക്തം. കൊറോണ വൈറസിനെ നേരിടാന്‍ സ്ത്രീകളുടെ നേതൃത്വം മികച്ചതാണ് എന്ന്. 2008 ലെ സാമ്പത്തിക മാന്ദ്യത്തുടര്‍ന്നും സമാനമായ നിരീക്ഷണം ഉണ്ടായിരുന്നു. സ്ത്രീകള്‍ ഭരിക്കുന്ന ലോകം സൗമ്യവും ആക്രമണോത്സുകത കുറഞ്ഞതുമായ ഒന്നായിരിക്കും. ഇത്തവണ, വനിതാ നേതാക്കളുടെ സഹാനുഭൂതിയും കരുതലും വീണ്ടും ചര്‍ച്ചയാവുന്നു, പ്രശംസിക്കപ്പെടുന്നു. 'വിഡിയോകളില്‍ നിന്ന് അവരുടെ കൈകള്‍ പുറത്തേക്കുവന്ന് ഹൃദ്യമായി, സ്‌നേഹപൂര്‍വം നമ്മെ ആലിംഗനം ചെയ്യുന്നതു പോലെ തോന്നും' ഫോബ്സിലെ അവിവ വിറ്റന്‍ബര്‍ഗ്-കോക്‌സ് അഭിപ്രായപ്പെട്ടു.
https://www.facebook.com/Malayalivartha