സ്‌കൂള്‍ കുട്ടികള്‍ക്കായി 20 ലക്ഷം ഡോളറിന്റെ ലോലിപ്പോപ്പുകള്‍ നല്‍കാനിരുന്ന മഡഗാസ്‌കര്‍ വിദ്യാഭ്യാസമന്ത്രി പുറത്തായി

ഇങ്ങനേയുമുണ്ടോ പരിഷ്‌ക്കാരമെന്നാണ് പലരും ചോദിക്കുന്നത്. സ്‌കൂള്‍ കുട്ടികള്‍ക്കായി 20 ലക്ഷം ഡോളറിന്റെ ലോലിപ്പോപ്പുകള്‍ ഓര്‍ഡര്‍ ചെയ്യാനുള്ള പദ്ധതി തയാറാക്കിയതിനെ തുടര്‍ന്ന് മഡഗാസ്‌കറില്‍ വിദ്യാഭ്യാസമന്ത്രിയെ പുറത്താക്കി. കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ മരുന്ന് എന്ന് മഡഗാസ്‌കര്‍ അവകാശപ്പെടുന്ന ഔഷധം സ്‌കൂള്‍ കുട്ടികള്‍ കഴിക്കുമ്‌ബോള്‍ അവര്‍ക്കുണ്ടാകുന്ന കയ്പിനെ തരണം ചെയ്യാനാണത്രെ വിദ്യാഭ്യാസമന്ത്രി റിജസോവ ആന്‍ഡ്രിയമനാന ലോലിപ്പോപ്പ് വിതരണം ചെയ്യാന്‍ ആലോചിച്ചത്.
ഓരോ കുട്ടികള്‍ക്കും മൂന്ന് ലോലിപ്പോപ്പുകള്‍ വീതം നല്‍കാനിയിരുന്നു റിജസോവയുടെ പദ്ധതി. എന്നാല്‍ മഡഗാസ്‌കര്‍ പ്രസിഡന്റ് ആന്‍ഡ്രി രജോലിനയുടെ എതിര്‍പ്പിനെ തുടര്‍ന്ന് പദ്ധതി പിന്‍വലിക്കുകയും റിജസോവയെ പുറത്താക്കുകയുമായിരുന്നു. വൈറസ് നിയന്ത്രണങ്ങള്‍ക്ക് ശേഷം ഒരു മാസത്തെ ഇടവേള കഴിഞ്ഞ് മഡഗാസ്‌കറിലെ ഹൈസ്‌കൂളുകള്‍ മേയ് ആദ്യ വാരം തുറന്നിരുന്നു.
സ്‌കൂളുകളിലെത്തുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഫേസ്മാസ്‌കുകള്‍ക്കൊപ്പം തന്നെ കൊവിഡ് 19ല്‍ നിന്നും സംരക്ഷണം നല്‍കാനുള്ള ഒരു കുപ്പി ഔഷധ മരുന്നും നല്‍കിയിരുന്നു. ഭയങ്കര കൈപ്പോട് കൂടിയ ഈ മരുന്ന് കഴിക്കാതെ സ്‌കൂളിനുള്ളിലേക്ക് കുട്ടികളെ പ്രവേശിപ്പിക്കില്ലെന്ന് ചില സ്‌കൂള്‍ അധികൃതര്‍ വാശിപിടിക്കുകയും ചെയ്തിരുന്നു.
നിലവില്‍ കൊവിഡിനെതിരെയുള്ള ഒരു പ്രതിരോധ മരുന്നും കണ്ടെത്തിയിട്ടില്ല. മഡഗാസ്‌കറിലെ ഈ ഔഷധത്തിന്റെ ഗുണങ്ങള്‍ ശാസ്ത്രീയമായ പരീക്ഷിക്കപ്പെട്ടിട്ടില്ലെന്ന് മാത്രമല്ല, കൊവിഡ് 19നെതിരെ ഈ മരുന്ന് ഗുണം ചെയ്യുമെന്നതിന് യാതൊരു തെളിവുമില്ല.
മഡഗാസ്‌കറിലെ പരമ്ബരാഗത ഔഷധ സസ്യങ്ങളില്‍ കഴിഞ്ഞ 30 വര്‍ഷങ്ങളായി ഗവേഷണങ്ങള്‍ നടത്തുന്ന മലഗാസി ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് അപ്ലൈഡ് റിസേര്‍ച്ച് എന്ന സ്വകാര്യ സ്ഥാപനമാണ് ' കൊവിഡ് ഓര്‍ഗാനിക്‌സ് ' എന്ന ഈ മരുന്നിന്റെ നിര്‍മാതാക്കള്‍. ഡോ. ജെറോം മുന്‍യാഗി എന്ന കോംഗോ വംശജനാണ് മരുന്നിന്റെ കണ്ടുപിടിത്തത്തിന്റെ അമരക്കാരന്‍. മരുന്ന് കുപ്പിയുടെ ലേബലില്‍ നിര്‍മാണത്തിനുപയോഗിച്ചിരിക്കുന്ന പദാര്‍ത്ഥങ്ങള്‍ ഏതൊക്കെയാണെന്ന് പറയുന്നില്ല. അതേ സമയം, മരുന്നിന് ശാസ്ത്രീയമായ യാതൊരു അടിസ്ഥാനം ഉള്ളതായി തെളിയിക്കപ്പെട്ടിട്ടില്ലെന്നും കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ ഈ മരുന്ന് പ്രതികൂലമായി ബാധിച്ചേക്കാമെന്നും മഡഗാസ്‌കര്‍ അക്കാഡമി ഒഫ് മെഡിസിനിലെ ആരോഗ്യവിദഗ്ദരുടെ പറയുന്നു.
https://www.facebook.com/Malayalivartha