'ഇവളാണ് സിങ്കപെണ്ണ്' ; മണിക്കൂറുകളോളം നീണ്ടുനിന്ന പോരാട്ടത്തിനൊടുവിൽ മൂന്ന് ഭീകരരെ ഒറ്റയ്ക്ക് കൊന്നുതള്ളി 16-കാരി

താലിബാനികള്‍ വീട്ടില്‍ അതിക്രമിച്ച് കടന്ന് തന്റെ മാതാപിതാക്കളെ വെടിവെച്ച് കൊലപ്പെടുത്തുന്നതുവരെ ഖമര്‍ ഗുല്‍ സാധാരണ പെണ്‍കുട്ടിയായിരുന്നു. ഒരു സംഘം തന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറി മാതാപിതാക്കളെ വെടിവെച്ച് കൊലപ്പെടുത്തിയപ്പോള്‍ ദുഃഖം അവളെ നിസ്സാഹയാക്കിയില്ല. മറിച്ച് തന്റെ ജീവിതം തന്നെ ഇല്ലാതാക്കിയ മൂന്ന് പേരെ വീട്ടിലുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് അവള്‍ ഇല്ലാതാക്കുകയായിരുന്നു.
മാതാപിതാക്കളെ കൊലപ്പെടുത്തിയ മൂന്ന് ഭീകരരെ വെടിവെച്ച് കൊന്ന 16-കാരിക്ക് ലോകത്തിന്റെ പലകോണിൽ നിന്നും അഭിനന്ദനപ്രവാഹം ഒഴുകുകയാണ്. അഫ്ഗാനിസ്ഥാനിലെ ഘോർ പ്രവിശ്യയിൽ താമസിക്കുന്ന ഖമർ ഗുൽ എന്ന പെൺകുട്ടിയാണ് താലിബാൻ ഭീകരർക്കെതിരേ ഒറ്റയ്ക്ക് പോരാടി ലോകത്തിന്റെ പ്രശംസ നേടിയെടുത്തത്.
സർക്കാർ അനുകൂലിയായ പിതാവിനെ തിരഞ്ഞ് ആയുധധാരികളായ താലിബാൻ സംഘം ജൂലായ് 17-ന് രാത്രി ഒരു മണിയോടെയാണ് വീട്ടിലെത്തിയത്. ആരാണ് വാതിലിൽ മുട്ടുന്നതെന്ന് നോക്കിയപ്പോൾ ആയുധധാരികളെയാണ് ഖമറിന്റെ മാതാവ് കണ്ടത്. അവർ വാതിൽ തുറക്കാൻ വിസമ്മതിച്ചു. എന്നാൽ നിമിഷങ്ങൾക്കകം ഖമറിന്റെ മാതാവിനെ വെടിവെച്ച് കൊന്ന് അവർ വീടിനകത്തേക്ക് കയറി.
വീട്ടിൽ കയറിയതിന് പിന്നാലെ പിതാവിനെയും വെടിവെച്ചു കൊന്നു. പിന്നാലെ ധൈര്യം സംഭരിച്ച് പിതാവിന്റെ കൈവശമുണ്ടായിരുന്ന എകെ-47 തോക്ക് കൈയിലെടുത്ത് അവൾ ഭീകരർക്ക് നേരേ നിറയൊഴിച്ചു. വീട്ടിലുണ്ടായിരുന്ന 12-കാരനായ അനിയൻ ഹബീബുള്ളയെ ഒപ്പംചേർത്തുനിർത്തി സംരക്ഷിച്ചായിരുന്നു അവൾ പോരാടിയത്. പോരാട്ടത്തിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു.
വെടിവെപ്പ് കണ്ട് പുറത്തുണ്ടായിരുന്ന താലിബാൻ ഭീകരരും ആക്രമണത്തിനിറങ്ങി. എന്നാൽ സംഭവമറിഞ്ഞെത്തി ഗ്രാമവാസികളും സർക്കാർ അനുകൂല സേനയും ഇവരെ തുരത്തി. ഒരു മണിക്കൂറോളം വെടിവെപ്പ് നീണ്ടുനിന്നു. സംഭവത്തിന് ശേഷം ഖമറിനെയും സഹോദരനെയും സർക്കാർ അധികൃതർ പ്രവിശ്യയിലെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ആദ്യത്തെ രണ്ട് ദിവസം ഇരുവരും അധികം സംസാരിച്ചില്ലെന്നും ഞെട്ടൽ മാറിയിട്ടുണ്ടായിരുന്നില്ലെന്നും ഗവർണറുടെ വക്താവ് വ്യക്തമാക്കി. പക്ഷേ, ഇപ്പോൾ കുട്ടികൾ രണ്ടുപേരും എല്ലാം തരണംചെയ്തെന്നും അവരുടെ മാനസികനില മെച്ചപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മാതാപിതാക്കളെ കൊന്ന ഭീകരരെ വധിച്ച ഖമർ ഗുലിനെ അഭിനന്ദിച്ച് സാമൂഹികമാധ്യമങ്ങളിലടക്കം നിരവധി പേരാണ് രംഗത്തെത്തിയത്. ഖമർ തോക്കുമായി നിൽക്കുന്ന ചിത്രവും സാമൂഹികമാധ്യമങ്ങളിൽ വൈറലാകുകയാണ്. ഖമറിന്റെ ധീരതയെ അഫ്ഗാൻ സർക്കാരും പ്രശംസിച്ചു. ഖമറിനെയും സഹോദരനെയും പ്രസിഡന്റ് അഷ്റഫ് ഗനി അദ്ദേഹത്തിന്റെ കൊട്ടാരത്തിലേക്ക് ക്ഷണിച്ചു.
https://www.facebook.com/Malayalivartha


























