യു എസ്സും ചൈനയും നയതന്ത്ര ഏറ്റുമുട്ടലിലേക്ക്, ഹൂസ്റ്റണിലെ ചൈനീസ് കോണ്‍സുലേറ്റ് യുഎസ് അടപ്പിച്ചു

യുഎസ് ഹൂസ്റ്റണിലുള്ള ചൈനീസ് കോണ്‍സുലേറ്റ് അടച്ചുപൂട്ടാന്‍ ഉത്തരവിട്ടതോടെ ഇരുരാജ്യങ്ങളും നയതന്ത്ര ഏറ്റുമുട്ടലിലേക്ക്. ഏകപക്ഷീയവും പ്രകോപനപരവുമായ തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ എതിര്‍നടപടിയുണ്ടാവുമെന്ന് ചൈന പ്രതികരിച്ചു.
കോവിഡ് വാക്‌സിന്‍ ഗവേഷണ വിവരങ്ങള്‍ ചൈനീസ് ഹാക്കര്‍മാര്‍ ചോര്‍ത്തുന്നുവെന്ന യുഎസ് ജസ്റ്റിസ് വകുപ്പിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് നടപടി. യുഎസ് കമ്പനികളുടെ ബൗദ്ധിക സ്വത്തവകാശമുള്ള വിവരങ്ങളും വ്യാപാര രഹസ്യങ്ങളും വന്‍തോതില്‍ മോഷ്ടിക്കപ്പെട്ടതായും പറയുന്നു.
യുഎസിലെ 5 ചൈനീസ് കോണ്‍സുലേറ്റുകളിലൊന്നാണ് ടെക്‌സസിലെ ഹൂസ്റ്റണിലുള്ളത്. തിരിച്ചടിയുടെ ഭാഗമായി വൂഹാനിലെയും ഹോങ്കോങ്ങിലെയും യുഎസ് കോണ്‍സുലേറ്റുകള്‍ പൂട്ടിക്കാനുള്ള ആലോചനയിലാണു ചൈന. രണ്ടിടത്തും ചൈനാവിരുദ്ധ സമരങ്ങളെ അമേരിക്ക പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് ആരോപണം.
ഇതിനിടെ ചൊവ്വാഴ്ച രാത്രി എട്ടോടെ ഹൂസ്റ്റണിലെ കോണ്‍സുലേറ്റ് വളപ്പില്‍ തീ ഉയര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്. കോണ്‍സുലേറ്റ് പൂട്ടണമെന്ന ഉത്തരവ് ലഭിച്ചതായി ബെയ്ജിങ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് തീ ഉയര്‍ന്നതായി കണ്ടത്. വന്‍തോതില്‍ രേഖകള്‍ കൂട്ടിയിട്ടു കത്തിച്ചതോടെയാണ് തീ ഉയര്‍ന്നതെന്ന് ഹൂസ്റ്റണ്‍ അഗ്‌നിശമനസേനാ അധികൃതര്‍ പറഞ്ഞു. കടലാസുകള്‍ കൂട്ടിയിട്ടു കത്തിക്കുന്നതിന്റെ വിഡിയോകളും പ്രചരിക്കുന്നുണ്ട്.
കോവിഡിന്റെ ഉറവിടം സംബന്ധിച്ച ആക്ഷേപങ്ങള്‍ അടക്കം വിവിധ വിഷയങ്ങളില്‍ കുറെ മാസങ്ങളായി ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ഭിന്നത രൂക്ഷമാണ്. അമേരിക്കന്‍ ബൗദ്ധിക സ്വത്തവകാശങ്ങളും സ്വകാര്യ വിവരങ്ങളും സംരക്ഷിക്കുകയാണു നടപടിയുടെ ലക്ഷ്യമെന്നു യുഎസ് അധികൃതര്‍ വിശദീകരിച്ചു.
https://www.facebook.com/Malayalivartha


























