ദക്ഷിണാഫ്രിക്കയില്‍ വര്‍ണവിവേചനത്തിനെതിരേ പോരാടിയ മന്‍ഗേനി അന്തരിച്ചു

നെല്‍സന്‍ മണ്ടേലയ്‌ക്കൊപ്പം നിന്ന് ദക്ഷിണാഫ്രിക്കയില്‍ വര്‍ണവിവേചനത്തിനെതിരേ പോരാടി ചരിത്രത്തില്‍ ഇടംനേടിയ ആന്‍ഡ്രൂ മന്‍ഗേനി (95) അന്തരിച്ചു. 26 വര്‍ഷം തടവിലായിരുന്നു. രാജ്യദ്രോഹക്കുറ്റം ചുമത്തി 1964-ല്‍ മണ്ടേലയ്‌ക്കൊപ്പം ജയിലില്‍ അടയ്ക്കപ്പെട്ട 8 പോരാളികളില്‍ അവസാനത്തെ കണ്ണിയാണ് മന്‍ഗേനി.
ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ (എഎന്‍സി) യുവജനവിഭാഗത്തില്‍ മന്‍ഗേനി 1951-ല്‍ ചേര്‍ന്നു. വെള്ളക്കാരുടെ വംശീയഭരണകൂടത്തിനെതിരായ പോരാട്ടത്തില്‍ സായുധ പരിശീലനത്തിനു മണ്ടേല തിരഞ്ഞെടുത്ത ആദ്യ 5 പേരിലൊരാളായിരുന്നു. വിദേശ പരിശീലനം നേടി തിരിച്ചെത്തിയ ശേഷം ദക്ഷിണാഫ്രിക്കയിലെങ്ങും പുരോഹിത വേഷത്തില്‍ സഞ്ചരിച്ചാണ് അദ്ദേഹം യുവാക്കളെ സംഘടനയിലേക്കു റിക്രൂട്ട് ചെയ്തത്.
മണ്ടേലയ്‌ക്കൊപ്പം ചരിത്രപ്രസിദ്ധമായ റിവോണിയ വിചാരണയില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട മന്‍ഗേനി, റോബന്‍ ദ്വീപിലെ ജയിലിലായിരുന്നു തടവില്‍ കഴിഞ്ഞത്. 1989-ല്‍ ജയില്‍മോചിതനായ ശേഷം ദക്ഷിണാഫ്രിക്കയുടെ ആദ്യ ജനാധിപത്യ പാര്‍ലമെന്റില്‍ എംപിയായി. എഎന്‍സി നേതാക്കള്‍ക്കെതിരേ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കാന്‍ രൂപം നല്‍കിയ സമിതിയുടെ അധ്യക്ഷനായിരുന്നു.
ഇക്കഴിഞ്ഞ ജൂണ്‍ 6നു 95-ാം ജന്മദിനത്തില്‍ പ്രസിഡന്റ് സിറില്‍ റാമഫോസ, മുന്‍ പ്രസിഡന്റ് താബോ എംബക്കി തുടങ്ങിയ പ്രമുഖര്‍ ആശംസകള്‍ നേരാന്‍ എത്തിയിരുന്നു.
https://www.facebook.com/Malayalivartha


























