ബോക്‌സിങ് ഇതിഹാസം മൈക്ക് ടൈസന്‍ മടങ്ങിവരുന്നു; റിങ്ങിലെത്തുന്നത് 54-ാം വയസില്‍; എതിരാളി റോയ് ജോണ്‍സ് ജൂനിയര്‍; മത്സരം ജീവകാരണ്യ പ്രവര്‍ത്തനത്തിന് പണം കണ്ടെത്താന്‍

ബോക്‌സിങ് ഇതിഹാസം മൈക്ക് ടൈസന്‍ റിങ്ങിലേക്ക് മടങ്ങിവരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഫണ്ട് കണ്ടെത്തുന്നതിനായി സംഘടിപ്പിക്കപ്പെടുന്ന പ്രദര്‍ശന മത്സരത്തിനു വേണ്ടിയാണ് 54കാരനായ ടൈസന്‍ വീണ്ടും ബോക്‌സിങ് ഗ്ലൗ അണിയുന്നത്. മുന്‍ ബോക്‌സിങ് ചാമ്പ്യനും കമന്റേറ്ററും പരിശീലകനുമായ 51കാരന്‍ റോയ് ജോണ്‍സ് ജൂനിയറാണ് ടൈസന്റെ എതിരാളി.
ഇക്കഴിഞ്ഞ മേയില്‍ ബോക്‌സിങ് പരിശീലിക്കുന്ന ദൃശ്യങ്ങള്‍ ടൈസന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി പണം കണ്ടെത്താന്‍ ബോക്‌സിങ് റിങ്ങിലേക്ക് മടങ്ങിവരാന്‍ താത്പര്യമുണ്ടെന്ന് 'അയേണ്‍ മൈക്ക്' എന്നറിയപ്പെടുന്ന ടൈസന്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. സെപ്റ്റംബര്‍ 12ന് കാലിഫോര്‍ണിയയിലെ ഡിഗ്‌നിറ്റി ഹെല്‍ത്ത് സ്‌പോര്‍ട്‌സ് പാര്‍ക്കിലാണ് മത്സരം നടക്കുക. വെര്‍ച്വല്‍ സോഷ്യല്‍ മീഡിയ മ്യൂസിക് പ്ലാറ്റ്‌ഫോമായ ട്രില്ലറാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്. ട്രില്ലറില്‍ പണമടച്ച് കാണാന്‍ സാധിക്കുന്ന തരത്തിലാകും മൂന്നു മണിക്കൂര്‍ എട്ടു റൗണ്ട് ദൈര്‍ഘ്യമുള്ള മത്സരം സംപ്രേക്ഷണം ചെയ്യുക.
1986ല്‍ തന്റെ 20ാം വയസില്‍ ട്രെവര്‍ ബെര്‍ബിക്കിനെ ഇടിച്ചിട്ട് ലോക ഹെവിവെയ്റ്റ് ചാമ്പ്യനായാണ് മൈക്ക് ടൈസന്‍ വരവറിയിച്ചത്. ഏറ്റവും പ്രായം കുറഞ്ഞ ഹെവിവെയ്റ്റ് ചാമ്പ്യനെന്ന റെക്കോഡും അന്ന് ടൈസന്‍ സ്വന്തമാക്കി. 20 വര്‍ഷത്തോളം നീണ്ടുനിന്ന കരിയറില്‍ 58 പ്രൊഫഷണല്‍ മത്സരങ്ങളില്‍ 50ലും ടൈസന്‍ വിജയിച്ചു. ഇതില്‍ 44 നോക്കൗട്ടുകളും ഉള്‍പ്പെടുന്നു. 1989 ജൂലൈ 21നകം പങ്കെടുത്ത 37 മത്സരങ്ങളിലും ജയിച്ച് പുതിയ റെക്കോഡ് സ്ഥാപിക്കുകയും ചെയ്തു. ഡബ്ല്യു.ബി.എ, ഡബ്ല്യു.ബി.സി, ഐ.ബി.എഫ് തുടങ്ങി ബോക്‌സിങ്ങിലെ മൂന്ന് പ്രധാന ലോക കിരീടങ്ങള്‍ ഒരേസമയം കൈവശം വെച്ച ആദ്യ താരമാണ്. 1992ല്‍ ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട് തടവുശിക്ഷ അനുഭവിച്ചു. 1997ല്‍ നടന്ന മത്സരത്തിനിടെ എതിരാളി ഇവാന്‍ഡര്‍ ഹോളിഫീല്‍ഡിന്റെ ചെവി കടിച്ചുപറിച്ച് ടൈസന്‍ കുപ്രസിദ്ധനായി. ഒടുവില്‍ 2005ലാണ് താരം ബോക്‌സിങ് റിങ്ങിനോട് വിടപറഞ്ഞത്.
https://www.facebook.com/Malayalivartha



























