പലസ്തീന്റെ രാജ്യാന്തര വക്താവായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച സാഇബ് അറീകത് അന്തരിച്ചു

കോവിഡ് ബാധയെ തുടര്‍ന്ന് പലസ്തീന്റെ രാജ്യാന്തര വക്താവായും സമാധാനശ്രമങ്ങളുടെ മധ്യസ്ഥനായും ദീര്‍ഘകാലം പ്രവര്‍ത്തിച്ച സാഇബ് അറീകത് (65) അന്തരിച്ചു. മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ കബറടക്കി. പലസ്തീന്‍ വിമോചന മുന്നണിയുടെ സെക്രട്ടറി ജനറല്‍ കൂടിയായിരുന്നു.
കഴിഞ്ഞ മാസം 8-നാണ് അദ്ദേഹം കോവിഡ് ബാധിതനായത്. 3 വര്‍ഷം മുന്‍പ് ശ്വാസകോശം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി പെട്ടെന്നു മോശമാവുകയായിരുന്നു.
1955-ല്‍ ജറുസലമിലാണ് ജനനം. സാന്‍ഫ്രാന്‍സിസ്‌കോ യൂണിവേഴ്‌സിറ്റിയിലെ പഠനത്തിനുശേഷം അറീകത് ബ്രിട്ടനിലെ ബ്രാഡ്ഫോഡില്‍ നിന്നു ഡോക്ടറേറ്റ് നേടി. കോളജ് അധ്യാപകനായും പത്രപ്രവര്‍ത്തകനായും സേവനമനുഷ്ഠിച്ച ശേഷമാണ് സജീവരാഷ്ട്രീയത്തിലിറങ്ങുന്നത്.
1991-ല്‍ പലസ്തീന്‍ വിമോചനമുന്നണി നേതാവ് യാസര്‍ അറഫാത്തിന്റെ പിന്തുണയോടെ പലസ്തീന്‍-ഇസ്രയേല്‍ സമാധാന ചര്‍ച്ചകളുടെ മധ്യസ്ഥത ഏറ്റെടുത്തു. മൂന്നു പതിറ്റാണ്ട് ആ മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുകയും സുപ്രധാന കരാറുകള്‍ക്കു രൂപം നല്‍കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha






















