കുവൈറ്റില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ നടപ്പാക്കുമോ? വിശദീകരണവുമായി അധികൃതര്‍ രംഗത്തെത്തി

രാജ്യത്ത് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് വിശദീകരണവുമായി കുവൈറ്റിലെ കൊവിഡ് പ്രതിരോധ സമിതി മേധാവി. നിലവില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കേണ്ട ആവശ്യമില്ലെന്ന് ആരോഗ്യ മന്ത്രാലയത്തിലെ കൊവിഡ് സുപ്രിം അഡ്‌വൈസറി കമ്മിറ്റി മേധാവി ഡോ. ഖാലിദ് അല്‍ ജാറള്ള പറഞ്ഞു.
മാര്‍ച്ച് 7 മുതല്‍ നടപ്പാക്കിയ കര്‍ഫ്യൂവിന്റെ ഫലമായി കൊവിഡ് കേസുകളില്‍ നേരിയ കുറവുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ആശുപത്രികളിലും തീവ്രപരിചരണ വിഭാഗത്തിലോ ഉള്ള കൊവിഡ് രോഗികളില്‍ നിലവില്‍ 65 ശതമാനം പ്രവാസികളാണെന്ന് അല്‍ ജാറള്ള ട്വീറ്റിലൂടെ അറിയിച്ചു. ശനിയാഴ്ച വരെ 220 രോഗികളാണ് ഐസിയുവില്‍ ചികിത്സയിലുണ്ടായിരുന്നത്.
കഴിഞ്ഞ മാസത്തില്‍ നടത്തിയ പരിശോധനകളുടെ എണ്ണത്തില്‍ പോസിറ്റീവ് കേസുകളുടെ ശരാശരി 15 ശതമാനമാണ്. കൂടാതെ, ഏപ്രിലില്‍ ഉടനീളം കുവൈറ്റില്‍ 250 കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് തുടങ്ങിയിട്ട് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന കണക്കുകളാണിത്.
കൊവിഡിനെ ചെറുക്കാനായി വാക്‌സിനേഷന്‍ നടത്തുന്നത് രാജ്യത്തെ ആരോഗ്യ സ്ഥിതി മെച്ചപ്പെടുത്തുമെന്ന് അല്‍ ജാറള്ള ചൂണ്ടിക്കാട്ടി. ഇതുവരെ രാജ്യത്ത് ഒരു ദശലക്ഷത്തിലധികം ഡോസുകള്‍ നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു.
കുവൈറ്റില്‍ നിലവില്‍ ജനസംഖ്യയുടെ 27 ശതമാനം പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും വിദേശി സമൂഹങ്ങള്‍ പ്രതിരോധ കുത്തിവെയ്പ്പിനായി മുന്നോട്ട് വരണമെന്നും ഡോ. ഖാലിദ് അല്‍ ജാറള്ള പറയുകയുണ്ടായി.
https://www.facebook.com/Malayalivartha