റഷ്യയ്ക്ക് കടലിൽ പ്രഹരം ..3 യുദ്ധബോട്ടുകൾ ഡ്രോൺ വച്ച് തകർത്തു

രണ്ടാം ലോകയുദ്ധത്തിൽ നാത്സിപ്പടയ്ക്കുമേൽ നേടിയ വിജയത്തിന്റെ വാർഷികം വൻ മിലിട്ടറി പരേഡിന്റെയും ആഘോഷത്തിന്റെയും അകമ്പടിയോടെ ആചരിക്കാനിരുന്ന റഷ്യയ്ക്ക് കടലിൽ പ്രഹരം നൽകി യുക്രെയ്ൻ. നാവിക ചെറുത്തുനിൽപിന്റെ പേരിൽ ലോകമെങ്ങും പ്രശസ്തമായ സ്നേക്ക് ഐലൻഡിനു സമീപം 3 റഷ്യൻ പടബോട്ടുകൾ ഡ്രോണുപയോഗിച്ച് തകർത്തെന്ന് യുക്രെയ്ൻ നാവിക സേനയുടെ സതേൺ കമാൻഡ് അവകാശപ്പെട്ടു.
ഏകദേശം 56 റഷ്യക്കാർ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് യുക്രെയ്ൻ അവകാശപ്പെടുന്നു. ഇതോടൊപ്പം രണ്ട് സർഫസ് ടു എയർ മിസൈൽ സംവിധാനങ്ങളും തകർക്കപ്പെട്ടു. തുർക്കിയിൽ നിർമിച്ച ബയ്റക്താർ ടിബി2 ഡ്രോണുകളാണ് ആക്രമണത്തിനായി യുക്രെയ്ൻ ഉപയോഗിച്ചത്.
കരിങ്കടലിൽ യുക്രെയ്ന്റെ അധീനതയിലുള്ള ദ്വീപായിരുന്നു സ്മിനി ദ്വീപ് എന്നും അറിയപ്പെടുന്ന സ്നേക് ഐലൻഡ്. വെറും 0.17 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തീർണമുള്ള ഈ ദ്വീപിൽ ഒരു ഗ്രാമം മാത്രമാണുള്ളത്. എങ്കിലും ചരിത്രപരമായ ഒട്ടേറെ സംഭവങ്ങൾക്ക് ഈ ദ്വീപ് സാക്ഷ്യം വഹിച്ചിട്ടുണ്ട്. 1788ൽ ഫിഡോനിസി യുദ്ധം നടന്നത് ഇവിടെയാണ്. രണ്ടാം ലോകയുദ്ധസമയത്ത് ഈ ദ്വീപ് റുമേനിയയുടെ നിയന്ത്രണത്തിലാകുകയും ഇവിടെ ഒരു റേഡിയോ സ്റ്റേഷൻ പ്രവർത്തിക്കുകയും ചെയ്തു.
നിലവിൽ യുക്രെയ്ന്റെ കരിങ്കടലിലെ സാന്നിധ്യവും അതിർത്തിയും അടയാളപ്പെടുത്തുന്ന ദ്വീപാണ് സ്നേക് ഐലൻഡ്. ഇതു കൈവിടുന്നത് യുക്രെയ്ന് കരിങ്കടലിൽ പ്രത്യേകിച്ച് യാതൊരു സാന്നിധ്യവും ഇല്ലാത്ത അവസ്ഥയിലേക്ക് നയിക്കും.
https://www.facebook.com/Malayalivartha


























