ചൈനയ്ക്കും പാക്കിനും തിരിച്ചടി... ബന്ധിപ്പിക്കുന്ന കണ്ണി പൊളിഞ്ഞു! ബെൽറ്റ് ആന്റ് റോഡ് പാളി! ഏറ്റെടുത്ത് നിർമിച്ച് കൊടുത്തത് ചൈന

പാകിസ്ഥാനെയും ചൈനയേയും തമ്മിൽ ബന്ധിപ്പിക്കുന്ന ഹസ്സനാബാദ് പാലം വെള്ളപ്പൊക്കത്തിൽ തകർന്നു. ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴിയുടെ പ്രധാന ഭാഗമായ ഈ പാലം ചൈനയാണ് പാകിസ്ഥാന് വേണ്ടി നിർമിച്ച് നൽകിയത്.
ക്രമാതീതമായി ചൂട് വർദ്ധിച്ചതിനെത്തുടർന്ന് വടക്കൻ പാകിസ്ഥാനിലെ ഷിഷ്പർ ഹിമാനി (ഗ്ലേഷ്യർ) വളരെ പെട്ടന്ന് തന്നെ ഉരുകുകയും അത് വലിയ വെള്ളപ്പൊക്കത്തിലേക്ക് നയിക്കുകയും ചെയ്തിരുന്നു.
ഹൈമ തടാക വിസ്ഫോടനം (ഗ്ലേഷ്യർ ലേക്ക് ഔട്ട്ബർസ്റ്റ് ഫ്ലഡ്) എന്നാണ് ഈ പ്രതിഭാസത്തെ അറിയപ്പെടുന്നത്. ഈ വെള്ളപ്പാച്ചിലിലാണ് ഹസ്സനാബാദ് പാലം പൂർണമായി തകർന്നത്. ഇത് കൂടാതെ ഹസ്സനാബാദിലെ രണ്ട് വൈദ്യുതി നിലയങ്ങളും വെള്ളപ്പൊക്കത്തിൽ തകർന്നിട്ടുണ്ട്.
ഹുൻസ താഴ്‌വരയിലെ ഗിൽജിത് ബാൾട്ടിസ്ഥാൻ മേഖലയിലെ കാരക്കോറം ഹൈവേയിലാണ് ചരിത്രപ്രസിദ്ധമായ പാലം സ്ഥിതിചെയ്തിരുന്നത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റോഡുകളിലൊന്നാണ് കാരക്കോറം ഹൈവേ. അതിനാൽ തന്നെ ഇത് പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രം കൂടിയായിരുന്നു.
ഈ പാലം തകർന്നതോടെ പാകിസ്ഥാനും ചൈനയും തമ്മിലുള്ള ബന്ധം വിശ്ചേദിക്കപ്പെട്ടു. പാലം തകർന്ന് വീഴുന്ന വീഡിയോ പലരും സമൂഹമാദ്ധ്യമങ്ങളിൽ പങ്ക് വയ്ക്കുന്നുണ്ട്.
ഷിഷ്പർ ഹിമാനി ഉരുകിയാൽ കാരക്കോറം ഹൈവേ, ഹസ്സനാബാദ് ഗ്രാമത്തിലെ ധാരാളം വീടുകൾ, പ്രധാനപ്പെട്ട ജലസേചന ചാനലുകൾ, രണ്ട് വൈദ്യുത നിലയങ്ങൾ എന്നിവയെ എല്ലാം അത് ബാധിക്കുമെന്ന് നാസ 2019 ൽ തന്നെ മുന്നറിയിപ്പ് നൽകിയതാണ്.
കഴിഞ്ഞ 20 ദിവസം കൊണ്ട് ഷിഷ്പർ ഹിമാനി തടാകത്തിലെ ജലത്തിന്റെ അളവ് 40 ശതമാനത്തോളമാണ് വർദ്ധിച്ചത്. 48 മണിക്കൂറിനുള്ളിൽ ഇവിടെ താൽക്കാലിക പാലം നിർമിക്കുമെന്ന് പാകിസ്ഥാൻ ഫെഡറൽ കാലാവസ്ഥാ വ്യതിയാന മന്ത്രി ഷെറി റെഹ്മാൻ ട്വിറ്ററിൽ കുറിച്ചു.
ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് സംരംഭത്തിന്റെ ഭാഗമായ ചൈന പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി ഈ മേഖലയിലൂടെയാണ് കടന്നുപോകുന്നത്. ഇതിന് പാകിസ്ഥാനിൽ പ്രത്യേക ഭരണഘടനാ പദവിയുമുണ്ട്.
https://www.facebook.com/Malayalivartha


























