ആർക്കു മുന്നിലും മുട്ടുമടക്കാത്ത കിം ജോംഗ് ഉന്നും പെട്ടു! ഉത്തര കൊറിയ അടച്ചു പൂട്ടി... കാത്തിരിക്കുന്നത് വലിയ ദുരന്തം! സ്ഥിതിഗതികൾ നേരിടാൻ യുദ്ധ സമാന അന്തരീക്ഷം

കിം ജോംഗ് ഉന്നിന്റെ ഉത്തര കൊറിയയിൽ ആദ്യത്തെ കൊവിഡ് കേസ് റിപ്പോർട്ടു ചെയ്തു. തലസ്ഥാനമായ പ്യോങ്‌യാംഗിൽ പനി ബാധിച്ചവരിൽ നിന്ന് ഞായറാഴ്ച ശേഖരിച്ച സാമ്പിളുകളുടെ പരിശോധനയിൽ ഒരാൾക്ക് ഒമിക്രോൺ വേരിയന്റ് ബാധിച്ചുവെന്ന് സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. ഉത്തരകൊറിയയിലെ പ്യോങ്യാങ് പ്രവിശ്യയിൽ ഒമിക്രോൺ വ്യാപനം സ്ഥിരീകരിച്ചതിനെത്തുടർന്ന് ലീഡർ കിം ജോങ് ഉൻ രാജ്യവ്യാപകമായ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കയാണ്. ലോകത്തെ വൻ ശക്തി രാജ്യങ്ങളിൽ ഉൾപ്പടെ കൊവിഡ് താണ്ഡവമാടിയപ്പോഴും രോഗം പടരാതിരിക്കാനുള്ള ശക്തമായ മുന്നൊരുക്കങ്ങൾ സ്ഥിരീകരിച്ചതിനാൽ തങ്ങളുടെ രാജ്യത്ത് കെവിഡ് ബാധിച്ചിട്ടില്ലെന്നാണ് കിം ജോംഗ് അവകാശപ്പെട്ടിരുന്നത്.
കൊവിഡിനെ പ്രതിരോധിക്കാനാണ് ഈ നീക്കം. രാജ്യത്തിൻ്റെ ശക്തമായ പ്രതിരോധ സംവിധാനങ്ങൾ മറികടന്നുണ്ടായ ആരോഗ്യ അടിയന്തരാവസ്ഥയായി ഈ ആദ്യകേസിനെ കണക്കാക്കി കൂടുതൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും എന്ന സൂചനയും കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി പുറത്ത് വിട്ടിട്ടുണ്ട്.
കൂടുതൽ പേർക്ക് രോഗം ബാധിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല. വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. നഗരങ്ങളും പ്രവിശ്യകളും പൂട്ടിയിടണമെന്നും വൈറസ് പടരുന്നത് തടയാൻ ജോലിസ്ഥലങ്ങളിൽ ഉൾപ്പടെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും കിം ജോംഗ് ഉൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ഉന്നത തല സമിതിയെയും നിയോഗിച്ചിട്ടുണ്ട്. വീഴ്ച വരുത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
എന്നാൽ, രണ്ടരക്കോടി ജനങ്ങൾ കഴിയുന്ന ഉത്തര കൊറിയയിൽ നിരവധി പേർക്ക് ഇതിനോടകം തന്നെ കോവിഡ് ബാധ ഉണ്ടെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധ നിരീക്ഷകരുടെ അഭിപ്രായം. 2020 -ൽ കോവിഡ് വ്യാപനമുണ്ടായപ്പോൾ മുതൽ ഉത്തര കൊറിയ സ്വീകരിച്ചിട്ടുള്ള ഒരേയൊരു പ്രതിരോധ മാർഗം അതിർത്തികൾ പൂർണമായും അടച്ചിടുക എന്നത് മാത്രമാണ്. ചരക്കു ഗതാഗതം പോലും ഈ സമയത്ത് നിരോധിക്കപ്പെട്ടത് കടുത്ത ആവശ്യവസ്തു ക്ഷാമത്തിനും അത് കാരണമായി.
ഉത്തരകൊറിയയില്‍ നേരത്തേ തന്നെ കൊവിഡ് വ്യാപനം ഉണ്ടായിരുന്നു എന്നാണ് അമേരിക്ക ഉൾപ്പടെ പറഞ്ഞിരുന്നത്. രോഗവ്യാപനം കൂടിയ ചൈന ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്ന് എത്തുന്നവരെയാണ് വെടിവച്ചുകൊല്ലാൻ കിം ജോംഗ് ഉത്തരവിട്ടിരുന്നു എന്നും അവർ ആരോപിച്ചിരുന്നു. ചൈനയിൽ കൊവിഡ് റിപ്പോർട്ടു ചെയ്തതോടെ തങ്ങളുടെ അതിർത്തികൾ ഉത്തരകൊറിയ അടച്ചിരുന്നു. മാത്രമല്ല സുഹൃത്ത് രാജ്യമായിരുന്നിട്ടു പോലും ചൈനയിൽ നിന്നുള്ള ഇറക്കുമതിയും ഉത്തരകൊറിയ തടഞ്ഞ് വച്ചിരുന്നു. ഇതെല്ലാം കൊവിഡിനെ പ്രതിരോധിക്കാനായിരുന്നു.
അന്താരാഷ്ട്ര ഏജൻസികൾ വാക്സിൻ നൽകാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടും ജനങ്ങൾക്ക് കോവിഡ് വാക്സിൻ നൽകാൻ കിം ജോങ് ഉൻ വിസമ്മതിച്ചിരുന്നു. ഈ സാഹചര്യത്തിൽ, വളരെ വലിയൊരു കോവിഡ് വ്യാപനത്തിന്റെ ഭീഷണിയിലാണ് കൊറിയയിലെ ജനങ്ങൾ എന്ന മുന്നറിയിപ്പാണ് അന്താരാഷ്ട്ര ആരോഗ്യ ഏജൻസികൾ നൽകുന്നത്.
കൊവിഡ് ബാധ ഉത്തര കൊറിയയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നത്. രാജ്യത്തെ മോശം ആരോഗ്യ സംവിധാനങ്ങൾ തന്നെയാണ് ഇതിന് പ്രധാന കാരണം. രോഗബാധ തടയാൻ ആവശ്യത്തിന് മരുന്നുകളോ മറ്റുസംവിധാനങ്ങളോ ഇല്ലാത്ത അവസ്ഥയാണ്.
രാജ്യത്തെ 26 ദശലക്ഷം ആളുകളിൽ കൂടുതലും വാക്സിൻ സ്വീകരിക്കാത്തവരാണ്. ഇവരെ വാക്സിനെടുപ്പിക്കാനുള്ള നടപടികളും അധികൃതർ കൈക്കൊള്ളുന്നില്ല. അതിനിടെ, മാനുഷിക പരിഗണനവച്ച് രോഗബാധ തടയാൻ ഉത്തരകൊറിയയെ സഹായിക്കുമെന്ന് ദക്ഷിണ കൊറിയ അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























