റഷ്യയില്‍ വന്‍പ്രതിഷേധം; യുദ്ധം ചെയ്യാനായി മക്കളെ വിട്ടുകൊടുക്കില്ലെന്ന് അമ്മമാര്‍; പുടിന് വന്‍ തിരിച്ചടി

റഷ്യന്‍ നഗരങ്ങളില്‍ പുട്ടിന്‍വിരുദ്ധ പ്രകടനങ്ങള്‍. യുക്രെയ്‌നില്‍ യുദ്ധം ചെയ്യാനായി മക്കളെ വിട്ടുകൊടുക്കില്ലെന്ന് പ്രഖ്യാപിച്ച് സ്ത്രീകളടക്കമാണു നിര്‍ബന്ധിത സൈനിക സേവനത്തിനെതിരെ പ്രതിഷേധിക്കുന്നത്. യുക്രെയ്‌നിലെ തെക്കന്‍ പ്രവിശ്യകളായ സാപൊറീഷ്യ, ഖേര്‍സന്‍, കിഴക്കന്‍ മേഖലയിലെ ലുഹാന്‍സ്‌ക്, ഡോണെറ്റ്‌സ്‌ക് എന്നിവിടങ്ങളിലാണു വെള്ളിയാഴ്ച ഹിതപരിശോധന ആരംഭിച്ചത്. നിലവില്‍ റഷ്യന്‍സേനയുടെ നിയന്ത്രണത്തിലായ ഈ പ്രദേശങ്ങളിലെ നല്ലൊരു വിഭാഗം ജനങ്ങള്‍ നേരത്തേ പലായനം ചെയ്തതാണ്. യുക്രെയ്ന്‍ സേന ചെറുത്തുനില്‍ക്കുന്ന തെക്കന്‍ മേഖലയില്‍ രൂക്ഷയുദ്ധമാണു നടക്കുന്നത്.
7 മാസം പിന്നിടുന്ന യുദ്ധം നീണ്ടുപോകുന്ന സാഹചര്യത്തിലാണ് കൂടുതല്‍ സൈനികരെ നിയോഗിക്കാന്‍ പുട്ടിന്‍ തീരുമാനിച്ചത്. ആദ്യഘട്ടത്തില്‍ 3 ലക്ഷം റിസര്‍വ് സൈനികരെ സമാഹരിക്കാനാണ് തീരുമാനം. എന്നാലിത് 10 ലക്ഷം വരെയായേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. മേലുദ്യോഗസ്ഥരുടെ ഉത്തരവ് അനുസരിക്കാതിരിക്കുകയോ വിട്ടുപോകുകയോ ചെയ്യുന്ന സൈനികര്‍ക്കു കടുത്ത ശിക്ഷ നല്‍കുന്ന ബില്ലിലും ശനിയാഴ്ച പുട്ടിന്‍ ഒപ്പിട്ടു. അതേസമയം, റഷ്യ–ജോര്‍ജിയ അതിര്‍ത്തിയില്‍ രാജ്യം വിടാന്‍ തിക്കിത്തിരക്കി റഷ്യന്‍ വാഹനങ്ങളുടെ നീണ്ടനിര പ്രത്യക്ഷപ്പെട്ടു. വീസയില്ലാതെ പ്രവേശിക്കാവുന്ന രാജ്യങ്ങളിലേക്കു വിമാനടിക്കറ്റ് നേടാനാണ് തിരക്ക്. കിലോമീറ്ററോളം വാഹനങ്ങളുടെ നിര നീണ്ടതായി റിപ്പോര്‍ട്ടുണ്ട്. 18നും 65 നും ഇടയില്‍ പ്രായമുള്ളവര്‍ രാജ്യം വിടുന്നതു വിലക്കി സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.
https://www.facebook.com/Malayalivartha



























